തൃശൂർ: സംസ്ഥാനത്തെ സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ വളർച്ചയ്ക്ക് ഊന്നൽ നൽകി ഉപഭോക്താക്കൾക്ക് സമഗ്രമായ അടിസ്ഥാന സൗകര്യങ്ങളും പിന്തുണാ സേവനങ്ങളും ഉറപ്പാക്കാൻ നിർമിക്കുന്ന പുഴയ്ക്കൽപ്പാടം വ്യവസായ സമുച്ചയത്തിന്റെ രണ്ടാംഘട്ട ഉദ്ഘാടനം മേയ് മൂന്നിന് രാവിലെ ഒമ്പതിന് വ്യവസായ നിയമ കയർ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിക്കും.
സംരംഭകത്വം ആരംഭിക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്കായി എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 11.41 ഏക്കർ സ്ഥലത്ത് അഞ്ച് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ട നിർമാണത്തിന്റെ ഭാഗമായി 129000 ചതുരശ്ര അടി വിസ്തീർണത്തിൽ ബഹുനില വ്യവസായ സമുച്ചയമാണ് നിർമ്മിച്ചിട്ടുള്ളത്.
ജില്ലയിൽ വ്യവസായ വാണിജ്യ വകുപ്പ് നേരിട്ട് നടപ്പിലാക്കുന്ന പദ്ധതിയുടെ അടങ്കൽ തുക 23.33 കോടി രൂപയാണ്. 100 കോടി രൂപയുടെ നിക്ഷേപവും 1000 പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ പ്രാരംഭഘട്ട ലക്ഷ്യം. പുഴയ്ക്കൽപ്പാടം വ്യവസായ സമുച്ചയ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ പി. ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |