SignIn
Kerala Kaumudi Online
Friday, 19 April 2024 3.47 PM IST

ജോർജിന്റെ വിഷനാവും രാഷ്ട്രീയചിന്തകളും

vivadavela

രണ്ട് ദിവസം മുമ്പാണ് പി.സി. ജോർജ് എന്ന രാഷ്ട്രീയനേതാവ് തിരുവനന്തപുരത്ത് ഹിന്ദുമഹാസമ്മേളനത്തിന്റെ വേദിയിൽ ഒരു മതവിഭാഗത്തെ ലാക്കാക്കി വിഷം തുപ്പിയത്. വെള്ളത്തിന് തീപിടിപ്പിക്കുന്ന പ്രസ്താവന എന്നാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ജോർജിന്റെ പ്രസംഗത്തിൽ ആശങ്കപ്പെട്ടത്. മതവിദ്വേഷ പ്രസംഗം നടത്തിയതിന് സംസ്ഥാനസർക്കാർ ഇടപെടലുണ്ടായി. ഡി.ജി.പിയുടെ നിർദ്ദേശപ്രകാരം ഹിന്ദുമഹാസമ്മേളനം നടക്കുന്ന തിരുവനന്തപുരം കിഴക്കേകോട്ടയുടെ പരിധിയിൽപ്പെട്ട ഫോർട്ട് പൊലീസ് ജോർജിനെതിരെ സ്വമേധയാ കേസെടുത്തു. ഞായറാഴ്ച പുലർച്ചെ ജോർജിനെ കോട്ടയം ഈരാറ്റുപേട്ടയിലെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ് തിരുവനന്തപുരത്തെത്തിച്ചു. ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കി. കോടതി ഉപാധികളോടെ ജാമ്യം കൊടുത്തു. പുറത്തിറങ്ങിയ ജോർജ്, നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നൊക്കെ പറഞ്ഞ് മപ്പടിച്ച് നില്പാണ്. വിദ്വേഷപ്രസംഗം ആവർത്തിക്കരുതെന്ന് കോടതി താക്കീത് നൽകിയ സ്ഥിതിക്ക് പറഞ്ഞതെല്ലാം അതേപടി പറയാൻ ധൈര്യപ്പെട്ടില്ലെന്ന് മാത്രം.

ജോർജിന്റെ പ്രസംഗത്തെ ഒരു താന്തോന്നിയുടെ ജല്പനമായി തള്ളുന്നത് നീതിയാവില്ല. നിഷ്പക്ഷമെന്നോ നിഷ്കളങ്കമെന്നോ നടിച്ചുപോരുന്ന ചിലരൊക്കെ, ജോർജ് എന്തോ പറഞ്ഞുവെന്നും ആരും ഗൗനിക്കാതെ വെറുതെ കെട്ടടങ്ങുമായിരുന്ന വിഷയം അദ്ദേഹത്തെ വീട്ടിൽപ്പോയി അറസ്റ്റ് ചെയ്തതോടെ വഷളായിയെന്നും ന്യായീകരണയുക്തി നിരത്തുന്നുണ്ട്. ഇത്തരം നിഷ്കളങ്കനാട്യങ്ങൾ ജോർജിനേക്കാളും അപകടകരമായ സംഘപരിവാർ യുക്തിയാണെന്ന് ആർക്കാണറിഞ്ഞുകൂടാത്തത്. ഇത്രയും കടുത്ത, ഒരുപക്ഷേ കടുകടുത്ത ഹിന്ദുത്വവാദികൾ പോലും പറയാൻ മടിച്ചേക്കാവുന്ന പദപ്രയോഗങ്ങൾ നടത്തിയ ഒരാളെ കേരള പൊലീസ് കേസ് പോലുമെടുക്കാതെ വെറുതെ വിട്ടിരുന്നെങ്കിൽ അത് നൽകുന്ന സന്ദേശം എന്തായേനെ? ജോർജിന്റെ അറസ്റ്റ് ശക്തമായൊരു രാഷ്ട്രീയസന്ദേശം തന്നെയായിരുന്നു. പക്ഷേ, അവിടെ നടപടിക്രമങ്ങളിൽ ആത്മാർത്ഥത എത്രത്തോളം പ്രവർത്തിച്ചു എന്നത് ചോദ്യചിഹ്നവുമാകുന്നുണ്ട്. ഒന്നാമത്, ഇത്രയും ഗുരുതരമായ കേസിൽ സർക്കാരിന്റെ പ്രോസിക്യൂട്ടർ നേരിട്ട് ഹാജരായില്ല. ജില്ലാ സെഷൻസ് ജഡ്ജ് ഇല്ലാതെ ചുമതലയുണ്ടായിരുന്ന മജിസ്ട്രേറ്റ് ആശാ കോശിയാണ് ജാമ്യമനുവദിച്ച് വിധി പറഞ്ഞത്. ചുമതലയുള്ളയാൾക്ക് അത്രത്തോളം പോകാനാകുമോയെന്ന സംശയം നിയമവിദഗ്ദ്ധർ സംവാദത്തിനായി ഉയർത്തുന്നുണ്ട്. ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ അപ്പീൽ പോകുന്നുവെന്ന് പറയുന്നു. സി.ആർ.പി.സി 446 എ വകുപ്പ് പ്രകാരം ജാമ്യവ്യവസ്ഥ ലംഘിച്ചാലേ അയാളെ വീണ്ടും അറസ്റ്റ് ചെയ്യാനാവൂ. അപ്പോൾ അപ്പീൽ എത്രകണ്ട് പ്രയോജനം ചെയ്യുമെന്ന ചോദ്യവും നിലനിൽക്കുന്നു. ജാമ്യം കിട്ടിയശേഷം ജോർജ് നടത്തിയ പ്രതികരണങ്ങളുടെ ടോൺ വച്ച് വിദ്വേഷ പരാമർശം ആവർത്തിക്കുന്നതായി കോടതിക്ക് തോന്നിയാൽ അപ്പീൽ പരിഗണിച്ചേക്കാം. അതെല്ലാം കോടതി തീരുമാനിക്കുന്നതാണ്. പക്ഷേ തുടക്കത്തിലെ വീഴ്ച സർക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.

ജോർജിന്റേത്

വെറും ജല്പനമോ?

പി.സി. ജോർജിന്റെ നാക്കിന് ലൈസൻസില്ലെന്ന് എല്ലാവർക്കുമറിയാം. ഇതേ ജോർജ് മുമ്പ് എസ്.ഡി.പി.ഐയുടെ സമ്മേളനത്തിൽ അവരെയും പ്രകീർത്തിച്ചിട്ടുണ്ട്. എന്നുവച്ച് ഹിന്ദു മഹാസമ്മേളനത്തിൽ പോയി ജോർജ് നടത്തിയ പ്രസംഗത്തെ, 'ഓ, ജോർജല്ലേ' എന്ന് പറഞ്ഞ് അവഗണിച്ച് സമാധാനിക്കാനാകുമോ?

കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തിൽ എന്തൊക്കെ പറഞ്ഞാലും വിവിധ മതവിഭാഗങ്ങൾ അല്പസ്വല്പം സൗഹാർദ്ദമനസ്സോടെ മതനിരപേക്ഷമായി ചിന്തിക്കുന്നത് കൊണ്ടുമാത്രമാണ് വലിയ കുഴപ്പമില്ലാതെ പോയത്. ബി.ജെ.പി ഒഴികെയുള്ള മുഖ്യധാരാ കക്ഷികളെല്ലാം ഉടൻ പ്രതികരണവുമായി ജോർജിനെതിരെ രംഗത്തെത്തിയതും നല്ലസൂചനയായി. പക്ഷേ, എല്ലാ മതത്തിലും മതയാഥാസ്ഥിതിക തീവ്രവാദ നിലപാടുകൾ വച്ചുപുലർത്തുന്ന ന്യൂനപക്ഷത്തെ ഇളക്കാൻ പോന്ന പ്രതികരണമാണ് ജോർജ് നടത്തിയത് എന്നതുകൊണ്ടുതന്നെ കുറേക്കൂടി ഗൗരവപൂർവമായ ജാഗ്രത കേരളീയസമൂഹം വച്ചുപുലർത്തേണ്ടിയിരിക്കുന്നു.

ഇസ്ലാമോഫോബിയയും

ഇന്ത്യൻ അന്തരീക്ഷവും

മൈസുരുവിൽ വിശ്വഹിന്ദു പരിഷത്തിനെ എതിർത്തുകൊണ്ട് ഹലാൽ മാംസം ഏറ്റുവാങ്ങിയ വിഖ്യാത കന്നഡ എഴുത്തുകാരൻ ദേവനൂർ മഹാദേവ പറഞ്ഞത് വെറുപ്പാണ് വലതുപക്ഷത്തിന്റെ ഉത്തേജകപാനീയം എന്നാണ്. സമീപകാലത്ത് ഏറെ ചർച്ചചെയ്യപ്പെട്ട പ്രസ്താവനയാണത്. ബി.ജെ.പി ഭരിക്കുന്ന കർണാടകയിലെ ഉഡുപ്പി ജില്ലയും പട്ടണവും കർക്കശമായ ഹിന്ദുത്വ പരീക്ഷണശാലയായി മാറിയിരിക്കുന്നു എന്ന് നിരീക്ഷിച്ചത് പ്രമുഖ ചിന്തകനായ രാമചന്ദ്ര ഗുഹയാണ്.

ഉഡുപ്പിയിലെ കോളേജിൽ മുമ്പില്ലാത്ത വിധത്തിൽ ഹിജാബ് വിലക്കേർപ്പെടുത്തിയത് അവിടത്തെ സാമൂഹ്യാന്തരീക്ഷത്തിന് വലിയ പോറലാണേല്പിച്ചത്. ബി.ജെ.പി എം.എൽ.എയുടെ പിന്തുണയോടെയായിരുന്നു അത്. നിരവധി മുസ്ലിം പെൺകുട്ടികൾക്ക് അതുകാരണം വിദ്യാഭ്യാസം തന്നെ നിഷേധിക്കപ്പെട്ടു. അതിനുശേഷം ഭരണകൂടം തിരിഞ്ഞത് പ്രദേശത്തെ മുസ്ലിം കച്ചവടക്കാരുടെ നേർക്കാണ്. ഹിന്ദുക്ഷേത്രങ്ങളിലെ ഉത്സവങ്ങളിൽ മുസ്ലിംകച്ചവടക്കാർക്ക് വിലക്കേർപ്പെടുത്തിക്കളഞ്ഞു. ഭരണകൂടത്തിൽ നിന്ന് പ്രതീക്ഷയ്ക്ക് വകയില്ലാത്തത് കൊണ്ടാവാം മുസ്ലിം പൗരസംഘടന ഉഡുപ്പി പേജാവർ മഠാധിപതിയെ പോയിക്കണ്ട് സങ്കടമുണർത്തിച്ചത്. സമുദായസൗഹാർദ്ദം ഊട്ടിയുറപ്പിക്കണമെന്ന് അവർ അഭ്യർത്ഥിച്ചു. അവരോട് മഠാധിപതി പറഞ്ഞത് ഹൈന്ദവസമൂഹം മുൻകാലങ്ങളിൽ ഒരുപാട് യാതനകളനുഭവിച്ചെന്നാണ്. ഒരു സമൂഹം നിരന്തരം അനീതിക്കിരയാകുന്നത് അ വരിൽ നിരാശയും രോഷവുമുളവാക്കുമെന്നും കൂട്ടിച്ചേർത്തു.

പേജാവർ മഠാധിപതി മദ്ധ്യകാലത്ത് ഇന്ത്യ ഭരിച്ച മുസ്ലിം ഭരണാധികാരികളെയാണ് ഉദ്ദേശിച്ചത്. അതായത് അവർ ഹിന്ദുക്കളോട് കാട്ടിക്കൂട്ടിയ അനീതിക്ക് നിങ്ങൾ ഉത്തരം പറയണമെന്ന്. മദ്ധ്യകാല മുസ്ലിം ഭരണാധികാരികൾ ചെയ്തതും ചെയ്യാത്തതുമായ കാര്യങ്ങളെല്ലാമാണ് ഹിന്ദുത്വശക്തികൾ വലിയ തോതിൽ പെരുപ്പിച്ച് അവതരിപ്പിച്ച് ഇന്നത്തെ മുസ്ലിങ്ങൾക്കെതിരെ തിരിയുന്നത്. അതായത് മദ്ധ്യകാല ചെയ്തികൾക്ക് 2022ൽ കച്ചവടം ചെയ്ത് ജീവിക്കുന്ന പാവങ്ങൾ ഉത്തരം പറയണമെന്ന്. ആ മുസ്ലിം ഭരണാധികാരികളോട് വിദൂര ചാർച്ച പോലുമില്ലാത്തവരാണ് ഈ സാധു കച്ചവടക്കാരെന്ന് ആർക്കാണറിയാത്തത്.

കർണാടകയിലെ ബാഗൽകോട്ട് ജില്ലയിൽ കുത്‌മ ഷെയ്ക് എന്ന 25 വയസ്സുള്ള യുവതിയെ രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത് ഒരുമാസം മുമ്പാണ്. മാർച്ച് 23 ന് ഈ യുവതി ഒരു പോസ്റ്റിട്ടതാണ് കാരണം. പാക്കിസ്ഥാനിലെ റിപ്പബ്ലിക് ദിനത്തിൽ അവരിട്ട നിരുപദ്രവകരായ പോസ്റ്റ് ഇതായിരുന്നു. 'എല്ലാ രാഷ്ട്രങ്ങളിലും സമാധാനവും സാഹോദര്യവും ഐക്യവുമുണ്ടാകാൻ ദൈവം അനുഗ്രഹിക്കട്ടെ.' പാക് റിപ്പബ്ലിക് ദിനത്തിൽ ഇത്തരമൊരു പോസ്റ്റ് മുസ്ലിം യുവതി ഇട്ടെങ്കിൽ തീർച്ചയായും അത് രാജ്യദ്രോഹമാണെന്ന് വിശ്വസിച്ച ഒരു ഹിന്ദുത്വവർഗീയവാദിയാണ്, പാക്കിസ്ഥാൻ ദിനത്തിൽ ജനങ്ങളിൽ വിദ്വേഷമുണ്ടാക്കാൻ ശ്രമിച്ചെന്ന പേരിൽ പൊലീസിൽ പരാതി കൊടുത്തതും അറസ്റ്റുണ്ടായതും. നിയമത്തെ വികൃതമായി അധികാരികൾ ദുരുപയോഗിക്കുന്നതിന്റെ മറ്റൊരുദാഹരണം.

ഉത്തരേന്ത്യയിലാകെ ബുൾഡോസർരാജ് നടപ്പാക്കി വരികയാണല്ലോ . വർഗീയ വിഭജന രാഷ്ട്രീയത്തിന്റെ മറുപേരായി ബുൾഡോസർ മാറിയിരിക്കുന്നു. 2019ൽ പൗരത്വഭേദഗതിക്കെതിരെ പ്രക്ഷോഭം നയിച്ചവർക്കെതിരെ ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് തുടങ്ങിവച്ച പരിപാടിയാണിത്. പൊതുമുതൽ നശിപ്പിച്ചവരിൽ നിന്ന് നാശനഷ്ടം തിരിച്ചുപിടിക്കാൻ നിയമം തന്നെ പാസാക്കിയാണ് യോഗിസർക്കാർ ഇതെല്ലാം ചെയ്തത്.

ഈയടുത്ത് രാമനവമി ഘോഷയാത്രയോടനുബന്ധിച്ച സംഘർഷങ്ങൾക്ക് പിന്നാലെ മദ്ധ്യപ്രദേശിലെ ഖാർഗാവിൽ ഒരു മതവിഭാഗക്കാരുടെ മാത്രം വീടുകൾ കൂട്ടത്തോടെ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി. കൈയേറ്റമൊഴിപ്പിക്കൽ യജ്ഞമെന്നാണ് സർക്കാർ ഇതിന് നൽകിയ ന്യായീകരണം. ഫലത്തിൽ അതൊരു കൂട്ടശിക്ഷാവിധി നടപ്പാക്കലായിരുന്നു. ഗുജറാത്തിലും ഇതുതന്നെ നടന്നു. ഇപ്പോഴും ആവർത്തിച്ചുകൊണ്ടിരിക്കുന്നു. എന്തിനേറെ, ബി.ജെ.പി ഭരിക്കുന്ന മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിൽപ്പെട്ട ഡൽഹിയിലെ ജഹാംഗിർപുരിയിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് എന്താണ് സംഭവിച്ചത്? രാമനവമി ഘോഷയാത്രയുമായി ബന്ധപ്പെട്ട സംഘർഷങ്ങളുടെ തുടർച്ചയായിരുന്നു ഇതും. സുപ്രീംകോടതി പറഞ്ഞിട്ടും കൂട്ടാക്കാതിരുന്ന അധികാരികളുടെ താണ്ഡവം ഡൽഹി ഭരിക്കുന്ന ആം ആദ്മി പാർട്ടി സർക്കാർ പോലും കണ്ടില്ലെന്ന് നടിച്ചപ്പോൾ സി.പി.എം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് എത്തിയാണ് കോടതിയുത്തരവ് ഉയർത്തിക്കാട്ടി ബുൾഡോസറുകളെ തടഞ്ഞത്.

പാർപ്പിടാവകാശം ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശം മാത്രമല്ല അന്താരാഷ്ട്ര മനുഷ്യാവകാശ നിയമസംഹിതപ്രകാരം അനുവദിക്കപ്പെട്ട അവകാശം കൂടിയാണ്. അവിടെയാണ് പാർശ്വവത്കൃതരായ ജനതയ്ക്ക് ആ അവകാശം ക്രൂരമായി നിഷേധിക്കും വിധം ബുൾഡോസർരാജ് രാജ്യത്താകെ ഭരണകൂട ഒത്താശയോടെ നടപ്പാക്കുന്നത്. വിദ്വേഷപ്രസംഗങ്ങളിലൂടെ ഒരു പ്രത്യേക മതവിഭാഗത്തിനെതിരെ ആക്രമണത്തിന് പ്രോത്സാഹിപ്പിക്കുന്ന നീക്കങ്ങൾ മറുവശത്തും നടക്കുന്നു. ഗോമാംസം കഴിച്ചെന്നും ഗോമാംസം കടത്തിയെന്നുമൊക്കെ പറഞ്ഞ് ആൾക്കൂട്ടാക്രമണങ്ങളും കൊലപാതകങ്ങളുമൊന്നും ഇന്ന് യു.പിയിൽ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളേ അല്ലാതായിരിക്കുന്നു. മുസ്ലിങ്ങളായ സ്ത്രീകളെ ബലാത്സംഗം ചെയ്ത് വംശഹത്യക്കിരയാക്കണം എന്നൊക്കെ സ്വയം പ്രഖ്യാപിത ഹിന്ദുമത നേതാക്കൾ ഉത്തരേന്ത്യയിൽ ആക്രോശിക്കുന്നതിനിടയിലാണ് നമ്മുടെ കേരളത്തിലും പി.സി. ജോർജിന്റെ പ്രസ്താവനയുണ്ടായത് എന്നത് അങ്ങേയറ്റം ഗൗരവത്തോടെ കാണണം.

കേരളത്തിലെ ക്രിസ്ത്യാനികളും

സംഘപരിവാർ കടന്നുകയറ്റവും

കേരളത്തിൽ ക്രിസ്ത്യൻ മതവിഭാഗത്തിലേക്ക് കടന്നുകയറാനുള്ള പരിശ്രമം സംഘപരിവാർ ആരംഭിച്ചിട്ട് കുറച്ചു വർഷങ്ങളായി. പലതരം രാഷ്ട്രീയ കക്ഷികൾക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ 50 ശതമാനം ഹിന്ദുവോട്ടുകൾ സമാഹരിക്കാനായാൽ ബി.ജെ.പിക്ക് ജയിച്ചുകയറാമെന്നതാണ് സംഘപരിവാർ കണക്കാക്കുന്ന ഫോർമുല. കേരളത്തിലെ സാമൂഹ്യഘടനയനുസരിച്ച് ഈയൊരു കണക്കുകൂട്ടൽ നടത്തി ജയിച്ചുകയറുക അസാദ്ധ്യമാണ്. ഒന്നാമത്തെ വിഘാതം കേരളത്തിന്റെ സാമൂഹ്യഘടന തന്നെ. കേരളത്തിൽ ന്യൂനപക്ഷവിഭാഗങ്ങൾക്ക് മാത്രം 45 ശതമാനത്തോളം വോട്ടുകളുണ്ട്. ക്രിസ്ത്യാനികളും മുസ്ലിങ്ങളുമുൾപ്പെടെ.

അവിടെ ബാക്കിവരുന്ന ഹിന്ദുവോട്ടുകൾ പൂർണതോതിൽ സമാഹരിച്ചാലേ കടന്നുകയറ്റം സാദ്ധ്യമാകൂ. ഇടതുപാർട്ടികൾക്കും കോൺഗ്രസിനും ഇപ്പോഴും ശക്തിയുള്ള കേരളത്തിൽ ആ ഹിന്ദുവോട്ടുകൾ മുഴുവനായും ബി.ജെ.പി പെട്ടിയിലേക്ക് എത്തിക്കാനാവില്ല. ബി.ഡി.ജെ.എസ് വഴി പിന്നാക്കവോട്ടുകൾ പരമാവധി അനുകൂലമാക്കാൻ ശ്രമം നടന്നെങ്കിലും ഇപ്പോഴും നല്ലതോതിൽ സി.പി.എമ്മിനും കുറേയൊക്കെ യു.ഡി.എഫിനും പിന്നാക്കവോട്ടുകളിലുള്ള സ്വാധീനം മങ്ങിയിട്ടില്ലാത്തതിനാൽ അതും പൂർണതോതിൽ വിജയിച്ചില്ല. എന്നാൽ, സമീപകാലത്തായി ക്രിസ്ത്യാനികൾക്കിടയിൽ, പ്രത്യേകിച്ച് കത്തോലിക്കരിലെ ഒരു തീവ്രവിഭാഗത്തിൽ മുസ്ലിം വിദ്വേഷം ശക്തിപ്പെടുന്നുണ്ട്.

ഈ തീവ്രക്രിസ്ത്യൻ വിഭാഗത്തിന്റെ സ്വാധീനം ക്രൈസ്തവസമൂഹത്തെയാകെ സ്വാധീനിക്കുന്ന അവസ്ഥയിലേക്ക് നവമാദ്ധ്യമങ്ങളുടെ ഇടപെടലുകളുണ്ടാവുന്നു. ലവ് ജിഹാദ് പോലുള്ള ആക്ഷേപങ്ങളൊക്കെ കത്തോലിക്ക വിഭാഗത്തിനിടയിൽ മുസ്ലിങ്ങൾക്കെതിരെ ശക്തിപ്പെടുന്നത് കാണാതിരിക്കാനാവില്ല. ഇത്തരം തീവ്രവിഭാഗക്കാരെ തിരുവനന്തപുരത്തെ ഹിന്ദു മഹാസമ്മേളനത്തിൽ പോലും അതിഥികളായി ക്ഷണിച്ചതും നാം കണ്ടു. അവിടെയൊരാൾ പ്രസംഗിച്ചത് ലവ് ജിഹാദിനെപ്പറ്റിയാണ്. സംഘപരിവാർ ഈ പുതിയ പ്രവണതവച്ചാണ് ക്രിസ്ത്യൻ സമൂഹത്തെ അടുപ്പിക്കാൻ നോക്കുന്നത്. സംഘപരിവാറിനെ തോല്പിക്കുന്ന വർഗീയത പറയുന്ന ഈ ഒരുവിഭാഗം ക്രിസ്ത്യാനികളെപ്പറ്റി 'ക്രിസംഘി' എന്ന പ്രയോഗം പോലും നിലവിലുണ്ട്.

ജോർജിലേക്ക് വരാം. ജോർജിന്റെ സ്ഥലം കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിലാണ്. വളരെ സെൻസിറ്റീവായ സ്ഥലം. എസ്.ഡി.പി.ഐ പോലുള്ള മുസ്ലിം തീവ്രസംഘടനകൾക്കൊക്കെ ശക്തിയുള്ള പ്രദേശം. വാഗമൺ ഒക്കെ ഇതിനോടടുത്ത സ്ഥലങ്ങളാണ്. ഏറെ വിവാദം സൃഷ്ടിച്ച സിമി ക്യാമ്പൊക്കെ ചർച്ചയായതാണ്. പാലാ ബിഷപ്പിന്റെ പ്രദേശവും ഈരാറ്റുപേട്ട, പാലാ മേഖലയിലായത് കാരണം പി.സി.ജോർജിനെ സ്വാധീനിച്ച ഘടകങ്ങൾ ഏറിയോ കുറഞ്ഞോ അദ്ദേഹത്തെയും സ്വാധീനിക്കാതിരിക്കില്ലല്ലോ. നാർകോട്ടിക് ജിഹാദ് പരാമർശം അദ്ദേഹത്തിൽ നിന്ന് അടുത്തകാലത്തുണ്ടായതും ഇത്തരമൊരു ബഹിർസ്ഫുരണമായി വേണം കാണാൻ.

കോട്ടയത്തെ തന്നെ മറ്റ് കത്തോലിക്കാ സ്വാധീന മേഖലകളിൽ ഇല്ലാത്ത തരം തീവ്രനില ഈരാറ്റുപേട്ട മേഖലയിലുണ്ടായതിന് പ്രദേശത്തെ സാമൂഹ്യപരിസ്ഥിതി തന്നെയാണ് കാരണം. കഴിഞ്ഞ ദിവസം ജാമ്യം നേടി വീരപരിവേഷത്തോടെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയ ജോർജിന് അരുവിത്തുറ പള്ളിവികാരി വീട്ടിലെത്തി ഐക്യദാർഢ്യമർപ്പിച്ചതൊന്നും നിസ്സാരമായി തള്ളാവുന്നതല്ല.

കേരളത്തിലെ ശക്തരായ ഇടത്, വലത് മുന്നണികൾക്ക് ജോർജ് ഇപ്പോൾ ഭാരമാണ്. അവർക്ക് ജോർജിനെ വേണ്ട. ആ കൈയിലിരിപ്പ് അവർക്ക് നല്ലതുപോലെ അറിയാവുന്നതാണ് കാരണം. അങ്ങനെയുള്ള ജോർജ് ഈരാറ്റുപേട്ട ഉൾപ്പെട്ട പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ മത്സരിച്ച് എം.പിയാകണമെന്ന് അതിയായി ആഗ്രഹിക്കുന്നു. അതിന് ബി.ജെ.പി പിന്തുണയുണ്ടായാൽ ഗുണമാകുമെന്ന് കരുതുന്നു. കഴിഞ്ഞ തവണ കെ. സുരേന്ദ്രൻ ഈ പ്രദേശത്ത് നിന്ന് വലിയ തോതിൽ വോട്ടുനേടിയതാണ്. ശബരിമല യുവതീപ്രവേശന വിവാദമൊക്കെ വലിയതോതിൽ ധ്രുവീകരണത്തിന് വിത്തുപാകിയ പ്രദേശമാണിത്. ഇപ്പോഴത്തെ ജോർജിന്റെ അതിരുകടന്ന പ്രകടനങ്ങളൊക്കെ ഇതും കൂടി മനസ്സിൽ കണ്ടുകൊണ്ടാണെന്ന് കൂടി കരുതേണ്ടിയിരിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIVADAVELA, P C GEORGE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.