SignIn
Kerala Kaumudi Online
Thursday, 25 April 2024 4.56 AM IST

സന്തോഷം...കേരള ട്രോഫി

photo

ഇന്ത്യൻ ഫുട്ബോളിന്റെ , പ്രത്യേകിച്ച് കേരള ഫുട്ബോളിന്റെ ഗൃഹാതുര സ്മരണകളിൽ മായാത്ത പേരാണ് സന്തോഷ് ട്രോഫി. ഇന്ത്യക്കാരന്റെ ലോകകപ്പെന്നാണ് ഈ ടൂർണമെന്റ് അറിയപ്പെട്ടിരുന്നത്. യുവതലമുറയ്ക്ക് കളിച്ചു വളരാനുള്ള ടൂർണമെന്റായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അതിനെ മാറ്റിയെങ്കിലും പശ്ചിമബംഗാളിനെ ഷൂട്ടൗട്ടിൽ കീഴടക്കി കേരളടീം ഏറ്റുവാങ്ങിയ സന്തോഷ് ട്രോഫി ആരാധകരുടെ മനസിൽ ആവേശപ്പൂത്തിരി നിറച്ചു. കാൽപ്പന്തുകളിയിൽ കേരളത്തിന്റെ പഴയപ്രൗഢി തിരികെക്കൊണ്ടുവന്ന നേട്ടം.

പയ്യനാട്ടെ ഗാലറിയിൽ തിങ്ങിനിറഞ്ഞ് ആരവമുയർത്തിയ പുരുഷാരത്തിന്റെയുള്ളിൽ ആകാംക്ഷയും സമ്മർദ്ദവും ജനിപ്പിച്ച ഫൈനലിനൊടുവിലാണ് ജിജോ ജോസഫ് എന്ന കേരള ക്യാപ്ടൻ കപ്പ് ഏറ്റുവാങ്ങിയത്. ഗോളില്ലാത്ത 90 മിനിട്ടുകൾക്ക് ശേഷം ബംഗാൾ മുന്നിലെത്തിയ അധിക സമയത്തിന്റെ ആദ്യ പകുതിയും കേരളം തിരിച്ചടിച്ച അധികസമയത്തിന്റെ രണ്ടാം പകുതിയും കാൽപ്പന്തുകളിയുടെ കാമുകരെ ഷൂട്ടൗട്ടിന്റെ ആവേശത്തിലേക്കാനയിച്ചു. ഷൂട്ടൗട്ടിൽ ബംഗാൾ ഒരു ഷോട്ട് വലയ്ക്ക് മുകളിലേക്ക് പറത്തിയപ്പോൾ കേരളം അഞ്ച് കിക്കും വലയിലാക്കി സ്വന്തം മണ്ണിൽ കിരീടമുയർത്തി. ഷൂട്ടൗട്ടിലൂടെ കേരള ടീം ആരാധകർക്ക് നൽകിയത് പെരുന്നാൾ സമ്മാനമായിരുന്നു.

അധികസമയത്ത് കേരളത്തിന് വേണ്ടി മുഹമ്മദ് സഫ്നാദും ബംഗാളിന് വേണ്ടി ദിലിപ് ഒറോണുമാണ് ഗോൾ നേടിയത്. ഷൂട്ടൗട്ടിൽ കേരളത്തിന് വേണ്ടി കിക്കുകൾ വലയിലാക്കിയത് സഞ്ജു,ബിബിൻ ,ജിജോ ജോസഫ്,ജെസിൻ, ഫസലുറഹ്മാൻ എന്നിവരാണ്. ബംഗാളിന്റെ സജൽ ബാഗാണ് ഷൂട്ടൗട്ടിലെ രണ്ടാമത്തെ കിക്ക് പാഴാക്കി കേരളത്തിന് അവസരം തുറന്നത്. അവസാനം വരെ പൊരുതിയ ശേഷമാണ് പശ്ചിമബംഗാൾ ഷൂട്ടൗട്ടിൽ പരാജയപ്പെട്ടത്.

ഇത് ഏഴാം തവണയാണ് കേരളം സന്തോഷ് ട്രോഫി ചാമ്പ്യന്മാരാകുന്നത്. ബംഗാളിനെ തോൽപ്പിച്ച് കിരീടം നേടുന്നത് രണ്ടാം തവണയും. 2018ൽ കൊൽക്കത്തയിൽ വെച്ചാണ് ആദ്യമായി കേരളം സന്തോഷ് ട്രോഫി ഫൈനലിൽ ബംഗാളിനെ തോൽപ്പിക്കുന്നത്. അന്നും ഷൂട്ടൗട്ടിലായിരുന്നു വിജയം. രണ്ട് തവണയും കേരളത്തിന്റെ വലകാത്തത് മിഥുനാണ്.

ഗോകുലം കേരള എഫ്.സിയെ വിജയത്തിന്റെ പടവുകളിലേക്ക് കൈപിടിച്ചുയർത്തിയ ബിനോ ജോർജ് പരിശീലിപ്പിച്ച ടീമിലെ ഓരോരുത്തരും അഭിനന്ദനമർഹിക്കുന്നു. ടൂർണമെന്റ് കേരളത്തിന് കിരീടം മാത്രമല്ല ഭാവിയിലേക്കുള്ള ഒരുപിടി താരങ്ങളെക്കൂടിയാണ് സമ്മാനിച്ചത്. ടീമിനെ നയിച്ച ജിജോ ജോസഫ്, കർണാടകയ്ക്കെതിരായ സെമിഫൈനലിൽ അഞ്ചുഗോളുകൾകൊണ്ട് ആറാടിയ ജെസിൻ,അർജുൻ ജയരാജ്,ഗോൾകീപ്പർമാരായ വി.മിഥുൻ,ഹജ്മൽ തുടങ്ങിയ താരങ്ങളെത്തേടി ഐ.എസ്.എൽ ടീമുകളുടെ അന്വേഷണമെത്തിയത് ശുഭസൂചനയാണ്. ആദ്യ പകുതിയിൽത്തന്നെ പകരക്കാരനെ ഇറക്കാനും കളിയുടെ ഗതി മാറ്റാനുമുള്ള തന്ത്രം മെനഞ്ഞ കോച്ച് ബിനോ ജോർജിന്റെ ആതമവിശ്വാസത്തിനും കൈയടിക്കേണ്ടതുണ്ട്.

കേരളത്തിൽ സന്തോഷ് ട്രോഫിക്ക് വേദിയൊരുക്കാൻ മുൻകൈയെടുത്ത കേരള സർക്കാരിനും നോമ്പുകാലമായിട്ടുകൂടി അതൊരു ആഘോഷമാക്കിയ മലപ്പുറത്തുകാർക്കും നന്ദി. കേരളത്തിൽ ഫുട്ബാളിന്റെ കാലം കഴിഞ്ഞിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു പയ്യനാട്ടെയും കോട്ടപ്പടിയിലെയും ഗാലറികളിലെ ആൾക്കൂട്ടം.

ഈ സീസൺ ഐ.എസ്.എല്ലിൽ കേരള ബ്ളാസ്റ്റേഴ്സിന് ഫൈനൽ ഷൂട്ടൗട്ടിൽ ജയിക്കാൻ കഴിയാതെ പോയിടത്തു നിന്ന് കിരീടസന്തോഷവുമായി കേരള ടീമിന്റെ ആരവത്തിലേക്കെത്തുമ്പോൾ മനസുനിറയുന്നത് കേരളത്തിലെ കായികപ്രേമികൾക്കാണ്. സന്തോഷ് ട്രോഫി ടൂർണമെന്റും കിരീടവുമെത്തിക്കാൻ പ്രയത്നിച്ച ഏവർക്കും ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SANTHOSH TROPHY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.