SignIn
Kerala Kaumudi Online
Saturday, 20 April 2024 2.25 AM IST

കോടിയേരിയുടെ അസഹിഷ്‌ണുതയ്‌ക്ക് കാരണം

photo

ഇന്ത്യയുടെ പ്രധാനമന്ത്രിയെയും സംഘപ്രസ്ഥാനങ്ങളെയും ആക്ഷേപിക്കാൻ വേണ്ടിയാണെങ്കിലും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഗുരുദേവന് സ്തുതി പാടുന്നത് കാണാൻ കൗതുകമുണ്ട്. ശിവഗിരി മഠത്തിന്റെ
പരിപാടികൾ ഡൽഹിയിൽ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തതാണ് കോടിയേരിയുടെ അസഹിഷ്ണുതയ്ക്ക് കാരണം. ഗുരുദേവനും ശിവഗിരിമഠത്തിനും പ്രധാനമന്ത്രിയും മോദി സർക്കാരും നൽകുന്ന ആദരവും ബഹുമാനവും ഏതൊരു മലയാളിക്കും അഭിമാനമാണെന്നിരിക്കെ സി.പി.എമ്മിന് അതിൽ അസ്വസ്ഥതയുണ്ടാകുന്നതിൽ അത്ഭുതമില്ല. ഒരർത്ഥത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവഗിരി മഠത്തിന്റെ ചടങ്ങിൽ സംബന്ധിച്ചതിൽ കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ അഭിമാനം കൊള്ളുകയാണ് ചെയ്യേണ്ടിയിരുന്നത്. പകരം സി.പി.എം ഗുരുദേവ പരമ്പരയിലെ സന്യാസിവര്യരെക്കൂടി അപമാനിക്കാൻ പുറപ്പെടുകയാണ്.
ഗുരുനിന്ദ രക്തത്തിൽ അലിഞ്ഞവരാണ് കമ്മ്യൂണിസ്റ്റുകാരെന്ന വസ്തുത പാർട്ടി പത്രത്തിലെ ലേഖനത്തിലൂടെ ഒരിക്കൽ കൂടി തെളിയിക്കുകയാണ് കോടിയേരി ചെയ്തത്. ജിഹാദി ശക്തികളെ പ്രോത്സാഹിപ്പിക്കാനുള്ള കുതന്ത്രമായിട്ടും ലേഖനത്തെ കോടിയേരി ഉപയോഗിച്ചിരിക്കുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറിയ്‌ക്ക് ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കാനുള്ള അവകാശമുണ്ട്. പക്ഷേ പ്രതിയോഗികളെ വിമർശിക്കുമ്പോൾ വസ്തുതയോട് കുറച്ചെങ്കിലും ചേർന്നു നിൽക്കണം. സംഘപ്രസ്ഥാനങ്ങളെ സംബന്ധിച്ച അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ ഒരർഥത്തിൽ വിവരക്കേടാണ്. കേരളത്തിൽ ഇത്രമാത്രം വേരോട്ടമുണ്ടാക്കിയിട്ടുള്ള പ്രസ്ഥാനങ്ങളെ മനസിലാക്കാൻ പോലും അദ്ദേഹത്തിനായിട്ടില്ല എന്നർത്ഥം.

കേരളത്തിൽ ഗുരുദേവനെക്കുറിച്ചുള്ള ഒരു പരിപാടിയിൽ സംസാരിക്കവേ എൽ.കെ അദ്വാനി പറഞ്ഞ കാര്യമാണ് ആദ്യമായി സൂചിപ്പിക്കാനുള്ളത്; 'ഞാൻ ശ്രീനാരായണ ഗുരുദേവനെക്കുറിച്ച് ആദ്യം കേൾക്കുന്നത് കറാച്ചിയിൽ വെച്ചാണ്; സംഘത്തിന്റെ പ്രാതസ്മരണയിലൂടെ....'. അദ്വാനി ജനിച്ചതും വളർന്നതും ഇന്ന് പാക്കിസ്ഥാന്റെ ഭാഗമായിട്ടുള്ള കറാച്ചിയിലായിരുന്നല്ലോ. അവിടെ ആർ.എസ്.എസ് പരിപാടിയിൽ പ്രാതസ്മരണയിലൂടെ. അക്കാലത്ത് തന്നെ സംഘം രാവിലെ സ്മരിക്കുന്ന മഹാത്മാക്കളിൽ ഒരാളായി ഗുരുദേവനെ ഉൾപ്പെടുത്തിയിരുന്നു. ഇന്നും കോടിക്കണക്കിനു സ്വയംസേവകർ ദിവസേന രാവിലെ ശ്രീ നാരായണ ഗുരുദേവനെ വന്ദിക്കുന്നു. അത് വോട്ടുബാങ്ക് ലക്ഷ്യമാക്കിയല്ല, യഥാർത്ഥ ഗുരുസ്മരണയാണ്. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് ഗുരുദേവൻ വിളംബരം ചെയ്തിട്ടുണ്ട്. ഇതൊക്കെ കോടിയേരിയുടെ മുൻ തലമുറയ്‌ക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ടാണല്ലോ അരുവിപ്പുറം പ്രതിഷ്ഠയുടെ ശതാബ്ദി ആഘോഷത്തിന് ക്ഷണിച്ചപ്പോൾ പങ്കെടുക്കാൻ പാർട്ടി നിലപാട് അനുവദിക്കുന്നില്ലെന്ന് ഇ.എം.എസ് നമ്പൂതിരിപ്പാട് തുറന്നടിച്ചത്. താൻ അരുവിപ്പുറത്തു പോയാൽ അന്നുവരെ താനും പാർട്ടിയും പറഞ്ഞതൊക്കെ തെറ്റാണെന്നു പറയേണ്ടിവരുമെന്ന് നമ്പൂതിരിപ്പാട് പറഞ്ഞത് കേരളം മറന്നിട്ടില്ല. അക്കാലത്ത് സി.പി.എമ്മുകാർ ശിവഗിരിയിലും പോകാറില്ലായിരുന്നല്ലോ. എസ്.എൻ.ഡി.പി യോഗത്തെയും ശത്രുപക്ഷത്താണ് അവർ നിറുത്തിയിരുന്നത്.

എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറിയായിരുന്ന മഹാകവി കുമാരനാശാനെ 'ബ്രിട്ടീഷ് സാമ്രാജ്യവാദികളുടെ പാദസേവകൻ ' എന്നു വിളിച്ച് ആക്ഷേപിച്ചത് നമ്പൂതിരിപ്പാട് തന്നെയാണല്ലോ. മദനിയെ ഗാന്ധിജിയോട് ഉപമിക്കാനുള്ള ചങ്കൂറ്റം കാട്ടിയ അതേ നമ്പൂതിരിപ്പാടാണ് മഹാകവിയായ ആശാനെ അധിക്ഷേപിച്ചത് എന്നതും ഓർക്കുക.

ശിവഗിരിയെ മതേതര മഠമായി ചിത്രീകരിക്കാൻ കമ്മ്യൂണിസ്റ്റുകാർ ശ്രമിച്ചത് മറ്റൊരു അടവ് നയമായിരുന്നു. ഗുരുദേവനെയും അദ്ദേഹത്തിന്റെ പരമ്പരയിലുള്ള സന്യാസിമാരെയും പരമാവധി അധിക്ഷേപിക്കുക, പിന്നീട് ആ നീക്കങ്ങൾ തിരിച്ചടിക്കുമ്പോൾ ഗുരുദേവനെ മതേതര കമ്മ്യൂണിസ്റ്റ് ആക്കാൻ കള്ളപ്രചാരണം നടത്തുക.

ഡോ.ടികെ രവീന്ദ്രന്റെ ഒരു നിരീക്ഷണം കൂടി ഇവിടെ പ്രസക്തമാണ്. 'ശ്രീനാരായണ ഗുരു ഒരു പഠനം ' എന്ന ഗ്രന്ഥത്തിൽ ശ്രീനാരായണഗുരുദേവനെ നന്നായി പഠിച്ചിട്ടുള്ള ഡോ. രവീന്ദ്രൻ പറയുന്നു: ' ശിവഗിരി ഒരു ഹിന്ദു മഠം അല്ലെന്നും ശ്രീനാരായണഗുരു ഒരു ഹിന്ദു സന്യാസിയല്ലെന്നും കമ്മ്യൂണിസ്റ്റ് നേതാവായ വി.എസ് അച്യുതാനന്ദൻ ശിവഗിരി തീർത്ഥാടനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഒരിക്കൽ പറയുകയുണ്ടായി. ശിവഗിരി മഠം മതേതര സ്ഥാപനമാണെന്നും ഗുരു മതേതര സന്യാസിയാണെന്നും പറയുന്നത് രാഷ്ട്രീയക്കാരന്റെ വിദ്യയാണ്.'. (ശ്രീനാരായണ ഗുരു ഒരു പഠനം ).

ഗുരുദേവന്റെ മഹത്തായ സംസ്‌കാരവും പാരമ്പര്യവും ഇന്നും നിത്യജീവിതത്തിൽ വച്ചുപുലർത്തുന്നവർ ആരാണെന്ന് തിരിച്ചറിഞ്ഞവരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇത്തരമൊരു മഹത്തായ പരിപാടിയിലേക്ക് ക്ഷണിച്ചത്. അദ്ദേഹത്തിന് കേരളത്തിലേക്ക് വരാൻ കഴിയാത്തതുകൊണ്ട് സന്യാസിവര്യർ ഡൽഹിയിലെത്തുകയായിരുന്നു. ഇന്ത്യയിലെ ജനങ്ങളുടെ ഹൃദയം കവർന്ന ഒരു പ്രധാനമന്ത്രി വേണം അതിനെന്ന് അവർക്ക് തോന്നി. ജീവിതം കൊണ്ട് ഹിന്ദുത്വ ദർശനത്തിന്റെ സന്ദേശവാഹകനാണ് മോദിജി എന്നതറിഞ്ഞു കൊണ്ടാണല്ലോ ആ ചടങ്ങിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചത്. മോദിജി മാത്രമല്ല,
കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രി വി മുരളീധരനും മലയാളിയായ മറ്റൊരു കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും അവിടെയുണ്ടായിരുന്നു. ഇതൊക്കെ അവസരവാദ രാഷ്ട്രീയത്തിലൂന്നി നടക്കുന്ന കോടിയേരിമാരെ നിരാശയിലാഴ്ത്തിയത് സ്വാഭാവികം. പക്ഷേ ഇവർ മോദിജിയെ വിമർശിക്കുമ്പോൾ അദ്ദേഹത്തെ ക്ഷണിച്ച ശിവഗിരി സന്യാസിമാരെക്കൂടിയാണ് അപമാനിക്കുന്നത് എന്നത് കേരളം കാണുന്നുണ്ട്. നരേന്ദ്രമോദിജിയുടെ സാന്നിദ്ധ്യത്തിലൂടെ ലോകമെങ്ങും ഒരിക്കൽക്കൂടി ശ്രീനാരായണ ദർശനചിന്ത സജീവമായി ചർച്ചചെയ്യപ്പെട്ടു എന്നതും മറക്കാവതല്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SIVAGIRI AND MODI
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.