കൊച്ചി: തൃക്കാക്കരയിൽ കെ.എസ് അരുൺകുമാർ ഇടത് സ്ഥാനാർത്ഥിയാകുമെന്ന വിവരം പാർട്ടി നേതാക്കൾ സ്ഥിരീകരിക്കാതെ വന്നതോടെ ചുവരെഴുത്ത് നിർത്തി എൽഡിഎഫ്. ചിലയിടങ്ങളിൽ സ്ഥാനാർത്ഥിയുടെ പേര് മായ്ചതായും വിവരമുണ്ട്. വ്യാഴാഴ്ച ഇടതുമുന്നണി യോഗം ചേർന്ന ശേഷം തീരുമാനം പ്രഖ്യാപിക്കും. സ്ഥാനാർത്ഥി നിർണയം പൂർത്തിയായിട്ടില്ലെന്നാണ് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനും മന്ത്രി പി.രാജീവും അറിയിച്ചത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് നടപടി ക്രമങ്ങളുണ്ടെന്നാണ് എൽഡിഎഫ് കൺവീനർ പറഞ്ഞത്. സ്ഥാനാർത്ഥിയെക്കുറിച്ച് ആലോചിക്കുന്നതേയുളളുവെന്ന് മന്ത്രി പി.രാജീവ് പ്രതികരിച്ചു.
ഉറപ്പാണ് 100, ഉറപ്പാണ് തൃക്കാക്കര എന്ന ഹാഷ്ടാഗോടെയാണ് എൽഡിഎഫ് തൃക്കാക്കരയിൽ പോരാട്ടത്തിനിറങ്ങുന്നത്. അതേസമയം എൽഡിഎഫിനെ 99ൽതന്നെ നിർത്തും എന്നാണ് യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് പറഞ്ഞത്. ചാനൽ ചർച്ചകളിലൂടെ ജനങ്ങൾക്ക് സുപരിചിതനാണ് ഡിവൈഎഫ്ഐ മുൻ ജില്ലാസെക്രട്ടറി കൂടിയായ കെ.എസ് അരുൺകുമാർ. നിയമബിരുദധാരിയായ അരുൺ നിലവിൽ ഹൈക്കോടതിയിൽ പ്രാത്ടീസ് ചെയ്ത് വരികയാണ്.