കൊച്ചി: സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയെന്ന മഞ്ജു വാര്യരുടെ പരാതിയിൽ ഇന്ന് രാവിലെയാണ് യുവാവിനെതിരെ എളമക്കര പൊലീസ് കേസെടുത്തത്. പ്രതിയുടെ പേര് വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ലെങ്കിലും, സംവിധായകൻ സനൽ കുമാർ ശശിധരനെതിരെയാണ് നടി പരാതി നൽകിയതെന്ന രീതിയിൽ റിപ്പോർട്ടുകൾ വന്നിരുന്നു.
ഇപ്പോഴിതാ ഫേസ്ബുക്കിലൂടെ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് സനൽ കുമാർ ശശിധരൻ. ഇതുമായി ബന്ധപ്പെട്ട് തന്നെ പൊലീസോ മറ്റു ബന്ധപ്പെട്ട ആരെങ്കിലുമോ ഇതുവരെ വിളിച്ചിട്ടില്ലെന്ന് സംവിധായകൻ വ്യക്തമാക്കി. മഞ്ജു വാര്യരുടെ ജീവന് ഭീഷണിയുണ്ടെന്നും അവർ തടവറയിലാണെന്നും സൂചിപ്പിച്ചുകൊണ്ട് സനൽ കുമാർ ശശിധരൻ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പ് വിവാദമായിരുന്നു.
കമ്മീഷണര്‍ ഓഫീസില്‍ നേരിട്ട് എത്തിയാണ് നടി പരാതി നല്‍കിയത്. സോഷ്യൽ മീഡിയ വഴി കഴിഞ്ഞ കുറച്ച് കാലമായി അവഹേളിക്കുന്നുവെന്നും പിന്തുടർന്ന് ഭീഷണിപ്പെടുത്തുന്നുവെന്നുമാണ് മഞ്ജു വാര്യരുടെ പരാതി. പ്രതിയെ ഉടൻ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യും.