പാലക്കാട്: പാലക്കാട്ട് ആർ.എസ്.എസ് നേതാവ് സഞ്ജിത് കൊല്ലപ്പെട്ട കേസിൽ മുഖ്യസൂത്രധാരനായ പോപ്പുലർ ഫ്രണ്ട് നേതാവ് അറസ്റ്റിലായി. ആലത്തൂർ ഗവ. എൽ പി സ്കൂൾ അദ്ധ്യാപകനും പോപ്പുലര്‍ ഫ്രണ്ട് ആലത്തൂർ ഡിവിഷണൽ പ്രസിഡന്റുമായ ബാവ മാസ്റ്ററാണ് അറസ്റ്റിലായത്.
സഞ്‌ജിതിനെ കൊല്ലാൻ ഗൂഢാലോചന നടന്നത് ബാവയുടെ നേതൃത്വത്തിലാണ്. കൊലപാതക ശേഷം ഒളിവിൽ പോയ ഇയാളെ തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നാണ് പിടികൂടിയത്. കേസിൽ ഇനിയും എട്ട് പേർ പിടിയിലാകാനുണ്ട്. കേസ് സി.ബി.ഐക്ക് വിടണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഭാര്യ അർഷിക സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. കൊലപാതകത്തിന് പിന്നിൽ നിരോധിത സംഘടനകളുണ്ടെന്നും അന്വേഷണം അയൽ സംസ്ഥാനങ്ങളിലേയ്ക്കടക്കം വ്യാപിപ്പിക്കേണ്ടതിനാൽ കേസ് സി.ബി.ഐയ്‌ക്ക് കൈമാറണമെന്നുമായിരുന്നു ഹർജിക്കാരിയുടെ ആവശ്യം.
എന്നാൽ കേസ് സി.ബി.ഐയ്ക്ക് നൽകേണ്ടതില്ലെന്നായിരുന്നു സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്. അതേസമയം, പൊലീസ് മേധാവി അന്വേഷണത്തിന് മേൽനോട്ടം വഹിക്കണമെന്നും അവസാനത്തെ പ്രതിയും അറസ്റ്റിലായി എന്ന് ഉറപ്പാക്കും വരെ ഇത് തുടരണമെന്നും കോടതി വ്യക്തമാക്കി.
നവംബര്‍ 15 രാവിലെയാണ് എലപ്പുളളി ഇടപ്പുകുളം സ്വദേശിയും തേനാരി ആർ എസ് എസ് ബൗദ്ധിക് പ്രമുഖുമായ സഞ്ജിത്തിനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കിൽ ഭാര്യയ്‌ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ അക്രമി സംഘം ഇടിച്ചുവീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു