SignIn
Kerala Kaumudi Online
Saturday, 20 April 2024 6.45 AM IST

കാട്ടുകള്ളത്തരവുമായി വീരപ്പന്റെ പിൻഗാമികൾ

tree

രാജകീയ വൃക്ഷമായ ചന്ദനത്തിന് എക്കാലത്തും ഉയർന്ന വിലയുള്ളതിനാൽ കള്ളക്കടത്തും വളരെ വ്യാപകമാണ്. കർണാടക, തമിഴ്‌നാട് വനപ്രദേശങ്ങൾ കേന്ദ്രീകരിച്ച് ചന്ദനമരം മുറിച്ച് കടത്തിയാണ് വനം കൊള്ളക്കാരൻ വീരപ്പൻ കുപ്രസിദ്ധി നേടിയത്. വീരപ്പൻ കൊല്ലപ്പെട്ടെങ്കിലും ഇന്നും കാട്ടുകൊള്ള നടത്തി സസുഖം വാഴുന്ന ആയിരക്കണക്കിന് വീരപ്പന്മാർ ഇവിടെയുണ്ട്. മറയൂരിൽ 63 ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് ചന്ദനമരങ്ങൾ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ വളരുന്നുണ്ട്. ഇതിന്റെ സംരക്ഷണത്തിനായി മാത്രം 211 വനപാലകരെ നിയമിച്ചിട്ടുണ്ട്. എങ്കിലും എല്ലാ വർഷവും നിരവധി കേസുകൾ ചന്ദന കള്ളക്കടത്തുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെടുന്നു. തക്കം കിട്ടിയാൽ വേരുപോലും അറിയാതെ ചന്ദനമരം അടിച്ചുമാറ്റാൻ കെൽപുള്ള കാട്ടുകള്ളൻമാർ ഒട്ടേറെയുണ്ട്. സർക്കാർ ചന്ദനക്കാടുകളിൽ വലിയ സുരക്ഷയും കാവലും ഉള്ളതിനാൽ സ്വകാര്യഭൂമിയിലെ മരങ്ങളിലാണ് ഇപ്പോൾ കള്ളൻമാർക്ക് കൂടുതൽ താത്പര്യം. ഇങ്ങനെ പറമ്പിലെ ചന്ദനം മോഷണം പോവാതിരിക്കാൻ സി.സി ടി.വി ക്യാമറ വച്ചവരും മരത്തിൽ മണികെട്ടിത്തൂക്കി ഇട്ടവരും വൈദ്യുത വേലി സ്ഥാപിച്ചവരുമെല്ലാമുണ്ട് മറയൂരിൽ. പട്ടയഭൂമിയിലെ ചന്ദനം ഉടമസ്ഥന് വെട്ടാൻ പറ്റാത്തതിനാൽ ചന്ദനക്കടത്തുകാരുമായി 'ഡീൽ' ഉറപ്പിച്ച് മോഷണത്തിന് സഹായിച്ച് പങ്കുപറ്റുന്ന ഉടമസ്ഥരും ഉണ്ടത്രേ.

തമിഴ്‌നാട്ടിൽ നിന്നുള്ള വൻ മാഫിയ തന്നെ മറയൂരിലെ ചന്ദനമരങ്ങൾ മുറിച്ചുകടത്താനായി പ്രവർത്തിക്കുന്നുണ്ട്. ആദിവാസി യുവാക്കളെ മദ്യവും കഞ്ചാവും പണവും നൽകി വശത്താക്കി വനത്തിലും സ്വകാര്യ ഭൂമിയിലുമുള്ള മരങ്ങൾ മുറിച്ചു കടത്തുന്നതാണ് രീതി. മറയൂരിൽ നിന്ന് മുറിച്ചുമാറ്റുന്ന ചന്ദനം മാങ്കുളത്ത് എത്തിച്ച് നൽകുകയാണ് ഇവരുടെ ജോലി. ഇവിടെ തമിഴ്‌നാട്ടിൽ നിന്നുള്ള സംഘമെത്തി കടത്തും. മുറിക്കുമ്പോഴും കടത്തുമ്പോഴും പിടിക്കപ്പെടുന്നത് കൂലിക്കാരായ ആദിവാസി യുവാക്കൾ മാത്രമാണ്. ഇടുക്കി ജില്ലയിൽ മറയൂർ കഴിഞ്ഞാൽ സ്വാഭാവികമായി ചന്ദനമരങ്ങൾ കൂടുതൽ വളരുന്നത് പട്ടംകോളനി മേഖലയിലെ സ്വകാര്യ ഭൂമിയിലാണ്. കഴിഞ്ഞ മൂന്നുവർഷത്തിനിടെ 250ലധികം ചന്ദനമരങ്ങളാണ് ഈ ഭാഗത്ത് നിന്ന് മോഷണം പോയത്. നെടുങ്കണ്ടം, എഴുകുംവയൽ, വലിയതോവാള, തൂക്കുപാലം, രാമക്കൽമേട്, ചോറ്റുപാറ മേഖലകളിൽനിന്ന് നൂറോളം ചന്ദനമരങ്ങൾ ഒരു വർഷത്തിനിടയിൽ മുറിച്ചുകടത്തി. തൂക്കുപാലം മേഖലയിൽ അമ്പതേക്കർ ഭാഗത്തുനിന്ന് സ്വകാര്യ വ്യക്തിയുടെ ഒരുലക്ഷത്തോളം രൂപയുടെ ചന്ദനമരമാണ് മാസങ്ങൾക്ക് മുമ്പ് മോഷ്ടിച്ച് കടത്തിയത്. മാസങ്ങൾക്ക് മുമ്പ് മുണ്ടിയെരുമ, ചോറ്റുപാറ, തൂക്കുപാലം മേഖലകളിൽ ചന്ദനമരം മോഷണപരമ്പര അരങ്ങേറിയിരുന്നു. മുണ്ടിയെരുമയിൽ നിന്ന് നിരവധി ചന്ദനമരങ്ങൾ മുമ്പ് പലതവണ മുറിച്ചുകടത്തി. റവന്യൂ ഭൂമിയിൽനിന്നും സ്വകാര്യ പുരയിടത്തിൽനിന്നുമാണ് ചന്ദനമരങ്ങൾ അന്ന് മോഷണംപോയത്. എന്നാൽ, ഒരുകേസിൽ പോലും പ്രതികളെ കണ്ടെത്താൻ പൊലീസിനോ വനംവകുപ്പിനോ കഴിഞ്ഞിട്ടില്ല. രണ്ടാഴ്ച മുമ്പ് ബാലൻപിള്ള സിറ്റിയിൽ നിന്ന് 15ഓളം മരങ്ങൾ മുറിക്കുകയും വലിപ്പമുള്ള അഞ്ച് മരങ്ങൾ കടത്തിക്കൊണ്ടുപോവുകയും ചെയ്തു. ഇത് പിന്നീട് രാമക്കൽമേട്ടിന് സമീപം സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ നിന്ന് കണ്ടെത്തി. ചന്ദനകൊള്ളയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെക്കുറിച്ച് പൊലീസിനും വനംവകുപ്പിനും കൃത്യമായ ധാരണ ഉണ്ടെന്ന ആരോപണം ശക്തമാണ്. ചന്ദനം മോഷണം പോയ ശേഷം പരാതിയുമായി ചെന്നാൽ പോലും ഇരും വകുപ്പുകളും കൈമലർത്തുന്ന സ്ഥിതിയാണ്. സ്വകാര്യ ഭൂമിയിൽ റിസർവ് വനത്തിലെ പോലെ സുരക്ഷ ശക്തമല്ലാത്തതാണ് മോഷണം കൂടാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ ശക്തമായ സുരക്ഷ ഉണ്ടായിട്ടും റിസർവ് വനത്തിലും ചന്ദന മോഷണം നടക്കുന്നുണ്ട്. വനംവകുപ്പ് വാച്ചർമാരുടെയോ ഉദ്യോഗസ്ഥരുടെയോ സഹായമില്ലാതെ റിസർവിൽ നിന്ന് ചന്ദനം മുറിച്ചുകടത്താനാവില്ല. ഈ ദിശയിലുള്ള അന്വേഷണത്തിനൊടുവിൽ മോഷണത്തിന് ഒത്താശ ചെയ്ത് കൊടുത്ത വനംവകുപ്പിന്റെ താത്കാലിക വാച്ചർമാർ നേരത്തെ പിടിയിലായിരുന്നു. രണ്ട് വർഷം മുമ്പ് ആറായിരം രൂപ വാങ്ങി ചന്ദനമരം മുറിക്കാൻ സഹായിച്ചതിന് വാച്ചറെ വനംവകുപ്പ് പിടികൂടിയിരുന്നു. വനസംരക്ഷണത്തിന് ചുമതലപ്പെടുത്തിയ ആദിവാസികളായ താത്കാലിക വാച്ചർമാർക്ക് തുച്ഛമായ പണം വാഗ്ദാനം ചെയ്താണ് മാഫിയ ലക്ഷങ്ങളുടെ ചന്ദനക്കൊള്ള നത്തുന്നത്. ഇത് പ്രതിരോധിക്കാൻ വനംവകുപ്പ് കാര്യമായ നടപടികളൊന്നും സ്വീകരിക്കുന്നുമില്ല.

37 കൊല്ലം വരെ ശിക്ഷ

1986 ലെ കേരള മരസംരക്ഷണ നിയമത്തിന്റെ പരിധിയിൽപ്പെടുന്നതാണ് ചന്ദനം. സംരക്ഷിത വനമേഖലകളിൽ നിന്നോ പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ നിന്നോ ചന്ദനം മുറിയ്ക്കുന്നതിന് വനം വകുപ്പിന്റെ മുൻകൂർ അനുമതി ആവശ്യമാണ്. എന്നാൽ 2008 ലെ കേരള വനനിയമഭേദഗതി ബിൽ പ്രകാരം ചന്ദനമരങ്ങൾക്ക് പ്രത്യേക നിയമം കൊണ്ടുവന്നു. സ്വകാര്യഭൂമിയിൽ നിന്ന് സ്വന്തം ആവശ്യത്തിനു പോലും ചന്ദനമരങ്ങൾ മുറിയ്ക്കുന്നതിന് ഫോറസ്റ്റ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററുടെ മുൻകൂർ അനുമതി വേണം. മുറിയ്ക്കുന്ന ചന്ദനമരത്തിന്റെ ഗുണമേന്മയനുസരിച്ച് സർക്കാർ തന്നെ തടി എടുത്ത് വില നൽകുന്നതാണ്. നിയമം ലംഘിക്കുന്ന പക്ഷം 37 കൊല്ലം വരെ ജയിൽ ശിക്ഷ ലഭിക്കാം. നിലവിലെ നിയമപ്രകാരം സ്വകാര്യ ആവശ്യത്തിന് ഒരാൾക്ക് കൈവശം വയ്ക്കാവുന്ന ചന്ദനത്തൈലം 100 മി.ല്ലിയിൽ കൂടാനും പാടില്ല.

ചന്ദനത്തിന്റെ

സമ്പന്ന സുഗന്ധം

ഉഷ്ണ- ഉപോഷ്ണ മേഖലകളിൽ തഴച്ചുവളരുന്ന നിത്യഹരിതമരമാണ് ചന്ദനം. ലോകത്തിൽ തന്നെ വളരെ ഗുണമേന്മയുള്ള ചന്ദനമരങ്ങൾ ഇന്ത്യയിലാണുള്ളത്. മറ്റ് രാജ്യങ്ങളിലേതിനേക്കാൾ അമൂല്യമായ ഗന്ധമാണ് ഇന്ത്യൻ ചന്ദനത്തൈലത്തിന്റെ സവിശേഷത. ഇന്ത്യയിലെ അനുകൂല കാലാവസ്ഥ ചന്ദനമരങ്ങൾക്ക് അനായാസം വളരാൻ സാധിക്കുന്നതാണ്. ദക്ഷിണേന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലെയും കാടുകളിൽ ചന്ദനമരം തഴച്ചു വളരുന്നുണ്ട്.

കേരളത്തിൽ വളരുന്ന ചന്ദനത്തിന്റെ ഭൂരിഭാഗവും മഴനിഴൽ പ്രദേശമായ മറയൂരിലാണ്. മറയൂർ ചന്ദന മരത്തിനുള്ളിൽ കാതലും ചന്ദനത്തൈലത്തിന്റെ അളവും കൂടുതലാണ്. മറയൂരിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷത തന്നെയാണ് ചന്ദനത്തിൽ കാതൽ കൂടാൻ സഹായിക്കുന്നത്. ചന്ദനത്തിന്റെ തടിയും വേരും ഔഷധ നിർമാണത്തിനാണ് പ്രധാനമായും ഉപയോഗിക്കുന്നത്. വിവിധതരം കൊത്തുപണികൾക്കായും സോപ്പ്, സൗന്ദര്യവർദ്ധക ഉത്പ്പന്നങ്ങൾ എന്നിവയുടെ നിർമാണത്തിനും ചന്ദനം ഉപയോഗിക്കുന്നുണ്ട്. സൗന്ദര്യ വർദ്ധക വ്യവസായത്തിൽ ചന്ദനതൈലം വ്യാപകമായി ഉപയോഗിച്ചുവരുന്നു. ഉയർന്ന അളവിലുള്ള സുഗന്ധതൈലങ്ങൾ നിർമിക്കാൻ ചന്ദനം ആവശ്യമാണ്. പൂർണവളർച്ചയെത്തിയ ഒരു ശരാശരി ചന്ദനമരത്തിന് 100 കിലോ ഗ്രാം തൂക്കം വരും. അതിൽ കാതൽ മാത്രം 20 കിലോയോളം ഉണ്ടാവും. ഈ കാതൽ കൊണ്ടാണ് സുഗന്ധദ്രവ്യങ്ങളിൽ ഉപയോഗിക്കുന്ന ചന്ദനത്തൈലം ഉത്പാദിപ്പിക്കുന്നത്. ബാക്കിയാകുന്ന മരച്ചീളുകൾക്ക് ഒരു ടണ്ണിന് 1000 ഡോളർ വരെ വില ലഭിക്കും. ഏകദേശം മൂവായിരം ഡോളറാണ് ഒരു ലിറ്റർ ചന്ദനത്തൈലത്തിന്റെ വില. ഇതിനാൽ 'സ്വർണ ദ്രാവകം' എന്നും ചന്ദനതൈലം അറിയപ്പെടുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SANDALWOOD TREE THEFT
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.