SignIn
Kerala Kaumudi Online
Friday, 29 March 2024 9.24 PM IST

സാമ്പത്തിക രംഗത്തെ പ്രതിസന്ധി

photo

ലോകമാകെ സാമ്പത്തികരംഗം മന്ദീഭവിച്ചിരിക്കുകയാണ്. സർവവും നിശ്ചലമാക്കിയ കൊവിഡ് രോഗബാധ അതിനൊരു പ്രധാന കാരണവുമായി. രണ്ടുവർഷത്തിനുശേഷം കൊവിഡിന്റെ പിടിയിൽനിന്ന് ലോകം മെല്ലെ മോചിതമാകാൻ തുടങ്ങിയപ്പോഴാണ് യുക്രെയിനിൽ റഷ്യൻ ആക്രമണം തുടങ്ങിയത്. ഉയർന്നുനിന്ന പണപ്പെരുപ്പ നിരക്ക് അപകടകരമായ നിലയിലാകാൻ ഇതിടയാക്കി.

പണപ്പെരുപ്പം കൂടുമ്പോൾ സ്വാഭാവികമായും സമ്പാദ്യവും നിക്ഷേപവും വികസനവും കുറയും. ഇത് എല്ലാ രാജ്യങ്ങളുടെയും തുടർവളർച്ചയെ പ്രതികൂലമായി ബാധിക്കും. ഇന്ത്യയുടെ സ്ഥിതിയും വ്യത്യസ്തമല്ല. പല കാരണങ്ങളാൽ കഴിഞ്ഞ 45 മാസമായി പണപ്പെരുപ്പം തടയാൻ മടിച്ചുനിൽക്കുകയായിരുന്ന റിസർവ് ബാങ്ക് പലിശനിരക്ക് വർദ്ധിപ്പിച്ചുകൊണ്ട് അപ്രതീക്ഷിത നീക്കം നടത്തിയിരിക്കുകയാണ്. വെല്ലുവിളി നേരിടുന്ന രാജ്യത്തെ സമ്പദ് ഘടനയെ കരകയറ്റുന്ന നടപടിയെന്നാണ് ബാങ്കിന്റെ വിശദീകരണം. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളിലാണ് വർദ്ധന വരുത്തിയിരിക്കുന്നത്. റിപ്പോ നിരക്ക് 40 അടിസ്ഥാന പോയിന്റുകൾ കൂട്ടി 4.4 ശതമാനമാക്കി. നേരത്തേ ഇത് നാല് ശതമാനമായിരുന്നു. വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്‌പയുടെ പലിശനിരക്കായ റിപ്പോ വർദ്ധിച്ചതോടെ ബാങ്കുകളിൽ നിന്ന് വിവിധ വായ്‌പയെടുത്തിട്ടുള്ളവർക്ക് പ്രതിമാസ തിരിച്ചടവ് കൂടും. റിസർവ് ബാങ്ക് റിപ്പോ നിരക്ക് കൂട്ടിയതിന്റെ ഫലമായി ബാങ്കുകളും ഉടൻ പലിശനിരക്ക് വർദ്ധിപ്പിക്കും. വിലക്കയറ്റം റോക്കറ്റ് വേഗത്തിലായിട്ടുണ്ട്. അതോടൊപ്പം പലിശഭാരം കൂടി വരുമ്പോൾ ജനങ്ങളുടെ ജീവിതഭാരം ഇനിയും വർദ്ധിക്കാനാണ് സാദ്ധ്യത.

ജനങ്ങളെ ഏറ്റവും കൂടുതൽ വലയ്ക്കുന്നത് ഇന്ധനവിലയിലുണ്ടായ കുതിച്ചുകയറ്റമാണ്. അതോടൊപ്പം പാം ഓയിൽ, സോയാബീൻ, എണ്ണ എന്നിവയുടെ വിലയിലും വലിയ വർദ്ധനവ് ഉണ്ടായി. യുക്രെയിൻ യുദ്ധം തുടരുമ്പോൾ പണപ്പെരുപ്പ നിരക്ക് ലോകത്താകെ 2.6 ശതമാനത്തിൽ നിന്ന് 5.7 ശതമാനത്തിലേക്ക് എത്തുമെന്നാണ് ഐ.എം.എഫ് നൽകുന്ന സൂചന. കൊവിഡിന്റെ പുതിയ വകഭേദങ്ങൾ ചൈനയിൽ കൂടിവരുന്നത് സാമ്പത്തിക രംഗത്തെ കൂടുതൽ വഷളാക്കുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

അയൽരാജ്യങ്ങളുടെ, പ്രത്യേകിച്ച് ശ്രീലങ്കയുടെയും പാകിസ്ഥാന്റെയും സാമ്പത്തിക സ്ഥിതിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയുടെ നില അപകടകരമാണെന്ന് വിലയിരുത്താനാവില്ല. കൊവിഡ് കാലത്ത് പൊതുഗതാഗതം പാടെ നിലച്ചതിനാൽ മദ്ധ്യവർഗ ജനത വലിയ തോതിൽ ബാങ്ക് വായ്‌പയിലൂടെ വാഹനങ്ങൾ സ്വന്തമാക്കുകയുണ്ടായി. വാഹനങ്ങളുടെ വില്പനയിൽ സർവകാല റെക്കാഡാണ് ഉണ്ടായിരിക്കുന്നത്. അതോടൊപ്പം തന്നെ ഭവനവായ്‌പ എടുത്തവരുടെ എണ്ണവും വളരെ കൂടി. പലിശ ഇപ്പോൾ വർദ്ധിപ്പിച്ചത് വായ്‌പയെടുത്തവരുടെ ജീവിതം കൂടുതൽ ഞെരുങ്ങാനിടയാക്കും. സാമ്പത്തിക ശാസ്ത്രത്തിലെ ഏറ്റവും കയ‌്‌പേറിയ മരുന്നായ ചെലവ് ചുരുക്കൽ സർക്കാരും, സ്ഥാപനങ്ങളും കുടുംബങ്ങളും വ്യക്തികളും ശീലമാക്കേണ്ടിവരുന്ന സാഹചര്യമാണ് ഉരുത്തിരിയുന്നത്.

പലിശ കൂട്ടുന്നതിനൊപ്പം നികുതി കുറയ്ക്കുക കൂടി ചെയ്യുമ്പോഴാണ് പണപ്പെരുപ്പം യഥാർത്ഥത്തിൽ നിയന്ത്രണ വിധേയമാക്കാൻ കഴിയുക. നികുതി കുറയ്ക്കേണ്ടത് സർക്കാരാണ്. എന്നാൽ ഇന്ധന നികുതി കുറയ്ക്കാൻ കേന്ദ്രവും സംസ്ഥാനങ്ങളും തയ്യാറാകുന്നില്ല. മാത്രമല്ല മറ്റ് പലരംഗത്തും നികുതി കൂട്ടുന്ന രീതിയാണ് പിന്തുടരുന്നത്. സാധാരണ സാമ്പത്തികരംഗത്തെ അസ്ഥിരത ഒരു പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നത് ഇത്തരം സാഹചര്യങ്ങളിലാണ്. അതിനാൽ സാധനങ്ങളുടെ വില്പനകൂട്ടി നികുതി കുറയ്ക്കാനുള്ള മാർഗങ്ങൾ സർക്കാർ ആരായേണ്ടതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ECONOMIC CRISIS IN INDIA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.