SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.12 AM IST

കണ്ണീർ നിറയും പാൽപ്പാത്രം

cattle

കാലിവളർത്തി കുടുംബം പുലർത്തുന്നവരുടെ കണക്കുപുസ്തകത്തിലെ നീക്കിയിരിപ്പ് എക്കാലവും കണ്ണീരും കഷ്ടപ്പാടും മാത്രമാണ്. നാഴൂരിപ്പാല് തരുന്ന നാടൻപശുക്കൾക്ക് പകരം ഇരുപതും മുപ്പതും ലിറ്റർ കറവയുള്ള സങ്കരയിനം വ്യാപകമായിട്ടും കേരളത്തിലെ ക്ഷീരകർഷകർക്ക് ഇപ്പോഴും നടുനിവർത്തി നിൽക്കാനാവുന്നില്ലെന്നത് ദൗർഭാഗ്യകരമാണ്. ക്ഷീരവികസന പദ്ധതികളുടെ പേരിൽ മാറിമാറി വരുന്ന സർക്കാരുകൾ കോടികൾ ചെലവാക്കുമ്പോഴും ഗ്രാമങ്ങളിലെ ക്ഷീരകർഷകരിൽ ഭൂരിഭാഗവും പിടിച്ചുനിൽക്കാൻ പാടുപെടുകയാണ്.

ഉത്പാദനച്ചെലവ് 50 ശതമാനത്തോളം വർദ്ധിച്ചെങ്കിലും മൂന്നുവർഷമായി പാൽവില കൂട്ടിയിട്ടില്ല. ഒരുചാക്ക് കാലിത്തീറ്റയ്ക്ക് 1445 രൂപയാണ് ശരാശരി വില. സുപ്രീം കാലിത്തീറ്റയാണെങ്കിൽ 50 കിലോയുടെ ചാക്കിന് 1550 രൂപ വിലയുണ്ട്. ഒന്നരവർഷത്തിനുള്ളിൽ ഒരു ചാക്ക് കാലിത്തീറ്റയുടെ വില 300 രൂപയോളം വർദ്ധിച്ചതായി വിപണിയിലെ വിലവിവര പട്ടിക വ്യക്തമാക്കുന്നു. 10 ലിറ്റർ പാൽ നൽകുന്ന പശുവിന് ഒരുദിവസം ശരാശരി ആറുകിലോ കാലിത്തീറ്റ നൽകണം. 100 പശുക്കളെ വളർത്തുന്ന ഫാമിൽ പ്രതിദിനം 12 ചാക്ക് കാലിത്തീറ്റയെങ്കിലും ആവശ്യമാണ്. പിണ്ണാക്കിന്റെയും കച്ചിയുടെയും വിലയിലും വർദ്ധനയുണ്ട്. കന്നുകാലികളുടെ ചികിത്സാച്ചെലവും കൂടിയതായി കർഷകർ പറയുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം കന്നുകാലികളുടെ രോഗസാദ്ധ്യത വർദ്ധിച്ചു. കാത്സ്യം ഉൾപ്പെടെ മരുന്നുകളും കന്നുകാലികൾക്കു നൽകണം. മരുന്നുകൾക്കും വിലവർദ്ധിച്ചിട്ടുണ്ട്. ഇതുകൂടാതെ ഫാമിലെ വൈദ്യുതി നിരക്ക്, ഇന്ധനവില വർദ്ധന എന്നിവയും ക്ഷീര കർഷകരുടെ പ്രതിസന്ധിയുടെ ആഴം വർദ്ധിപ്പിച്ചു. ഇതോടെ ക്ഷീരമേഖലയിലെ ചെറുകിട ഫാമുകളെല്ലാം പിൻവാങ്ങുകയാണ്. ഒപ്പം ഇടത്തരം ക്ഷീരകർഷകരും മുമ്പെങ്ങും ഇല്ലാത്തവിധം സാമ്പത്തിക ഞെരുക്കത്തിലുമാണ്. പാൽവില വർദ്ധിപ്പിച്ചാൽ പോലും നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാവില്ല. അതിന് കാലിത്തീറ്റ വിലയിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഇടപെട്ട് നിയന്ത്രണം ഏർപ്പെടുത്തണം. തീറ്റവില കുറയ്ക്കുകയോ അതുമല്ലെങ്കിൽ കുറഞ്ഞ നിരക്കിൽ കാലിത്തീറ്റ മാർക്കറ്റിൽ ലഭ്യമാക്കുകയോ ചെയ്യണമെന്നാണ് കർഷകരുടെ ആവശ്യം.

പാലിന്റെ കൊഴുപ്പും ഘടനയും അനുസരിച്ചു വില നൽകുന്നതാണ് ക്ഷീരസംഘങ്ങളിലെ രീതി. കാലാവസ്ഥാ വ്യതിയാനം. തീറ്റയിലെ വ്യത്യാസം എന്നിവ അനുസരിച്ച് പാലിന്റെ കൊഴുപ്പിൽ വ്യത്യാസമുണ്ടാകും. മിൽമസംഘങ്ങളിൽ പാൽ അളക്കുന്ന കർഷകർക്ക് കൊഴുപ്പിന്റെ അടിസ്ഥാനത്തിൽ 33 രൂപ മുതൽ 38 രൂപ വരെയാണ് നൽകുന്നത്. സംസ്ഥാനത്ത് ചൂടു കൂടിയതോടെ പാൽ ഉത്പാദനവും കുറഞ്ഞിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ക്ഷീരകർഷകരെ സഹായിക്കാൻ പ്ലാൻഫണ്ടിൽ തുക വകയിരുത്തി കാലിത്തീറ്റയ്ക്ക് കൂടുതൽ സബ്സിഡി അനുവദിച്ചാൽ കർഷകർക്ക് സഹായമാകും. കാലിത്തീറ്റയുടെ വിലവർദ്ധനയ്ക്ക് ആനുപാതിമായി പാലിന് വിലകൂട്ടിയാൽ മാത്രമേ പ്രതിസന്ധിക്ക് പരിഹാരമാകൂ എന്നാണ് കർഷക സംഘടനകൾ പറയുന്നത്. കാലിത്തീറ്റ ചാക്കിന് 700 ഉള്ള സമയത്തും പാലിന് 33 രൂപയായിരുന്നുവെന്ന് കർഷകർ പറയുന്നു.

ചൂഷണവുമായി സ്വകാര്യ

കാലിത്തീറ്റ കമ്പനികൾ

സംസ്ഥാനത്ത് പച്ചപ്പുല്ല് ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ക്ഷീരകർഷകരെ ചൂഷണം ചെയ്ത് കീശ വീർപ്പിക്കുകയാണ് സ്വകാര്യ കാലിത്തീറ്റ കമ്പനികൾ. കർഷകർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കെ.എസ് കാലിത്തീറ്റയ്‌ക്ക് 1445 രൂപയാണ്. നേരത്തേ 50 കിലോ ചാക്കിന് 1380 രൂപയായിരുന്നു. കനത്തചൂടിൽ പുല്ലുകളെല്ലാം കരിഞ്ഞുനിൽക്കുന്നതിനാൽ കാലിത്തീറ്റയാണ് ഭൂരിപക്ഷം കർഷകരുടെയും ആശ്രയം. പുല്ല് ദൗർലഭ്യമുള്ളതിനാൽ വില ഉയർത്തിയാലും വാങ്ങാതിരിക്കാനാവില്ലെന്ന് കർഷകർ പറയുന്നു. വാങ്ങുമെന്ന് ഉറപ്പുള്ളതിനാലാണ് കമ്പനികൾ വിലകൂട്ടുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കാലിത്തീറ്റയെ മാത്രം ആശ്രയിച്ചാണ് സംസ്ഥാനത്തെ ഭൂരിപക്ഷം പേരുടെയും പശുപരിപാലനം. കാലിത്തീറ്റക്കൊപ്പം ഗോതമ്പ് ഉമിയടക്കമുള്ളവയ്ക്കും ഉയർന്നനിരക്കാണ് ഈടാക്കുന്നത്. ഒരു കിലോ ഗോതമ്പിന് 26 രൂപ വിലയുള്ളപ്പോൾ, എഴുപത് ശതമാനം പോഷകങ്ങളും നീക്കിയശേഷം വിതരണം ചെയ്യുന്ന ഗോതമ്പ് ഉമിക്ക് 22 രൂപയാണ് ഈടാക്കുന്നത്. പിണ്ണാക്ക് വിലയും വർദ്ധിച്ചിട്ടുണ്ട്. ഇൻഡസ്ട്രിയൽ വേസ്റ്റായി വരുന്ന ഗോതമ്പ് ഉമിയുടെ പേരിലുള്ള കൊള്ള നിറുത്തലാക്കാൻ സർക്കാർ സംവിധാനങ്ങൾ ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.

ഗുണനിലവാരവും ഉറപ്പാക്കണം

ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നത് പാലിന്റെ അളവ് കുറയാനും കന്നുകാലികളുടെ രോഗപ്രതിരോധശേഷി ഇല്ലാതാക്കാനും ഇടയാക്കും. ഈ സാഹചര്യത്തിൽ ഗുണമേന്മയുള്ള കാലിത്തീറ്റ കർഷകർക്ക് ലഭ്യമാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. നേരത്തേ സംസ്ഥാനത്ത് കാലീത്തീറ്റ ഉത്പാദിപ്പിക്കുന്നത് അടക്കമുള്ളവ പരിഗണിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും നാളിതുവരെ നടപടിയുണ്ടായില്ല.

ബാങ്കുകളിൽനിന്ന് എടുത്ത വായ്പ തുക തിരിച്ചടയ്ക്കാൻ കഴിയാതെ പലരും ബുദ്ധിമുട്ടുകയാണ്. കൊവിഡിനെ തുടർന്നുള്ള സമ്പൂർണ അടച്ചിടലിൽ ജോലിനഷ്ടമായ യുവതീ - യുവാക്കൾ അടക്കം നിരവധിപേർക്ക് പുതിയ വരുമാന മാർഗം ക്ഷീരമേഖലയെയാണ്. ഇവർക്ക് പുതുസാഹചര്യം വൻ പ്രതിസന്ധിയാണ് . കാലിത്തീറ്റക്ക് ആവശ്യക്കാരേറിയതും അടിക്കടിയുള്ള ഇന്ധനവില വർദ്ധനയുമാണ് വിലവർദ്ധനയ്ക്ക് കാരണമായി കമ്പനികൾ പറയുന്നത്. കാലിത്തീറ്റ നിർമ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നാണെത്തുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്ഷീരമേഖലയിലേക്ക് കൂടുതൽ കർഷകർ എത്തിയതോടെ കാലിത്തീറ്റക്ക് ആവശ്യക്കാർ ഏറിയെന്നും മൊത്ത കച്ചവടക്കാർ പറയുന്നു.

കർഷകർ സമരത്തിലേക്ക്

ക്ഷീരമേഖലയോടുള്ള അവഗണനയ്‌ക്കെതിരെയും പാൽവില വർദ്ധിപ്പിക്കുക, കാലിത്തീറ്റവില കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സമരത്തിനുള്ള തയ്യാറെടുപ്പിലാണ് കർഷകർ. മിൽമയുടെ പാൽവില ചാർട്ട് പരിഷ്‌കരിക്കുക, കർഷകന് ത്രിതലപഞ്ചായത്ത് സബ്സിഡി 40,000 രൂപയിൽനിന്ന് ഒരുലക്ഷമാക്കുക, എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന മൊബൈൽ വെറ്ററിനറി ആശുപത്രി ആരംഭിക്കുക, മിൽമ സംഘങ്ങൾക്ക് നൽകുന്ന മാർജിൻ 10 ശതമാനമാക്കുക, കാലിത്തീറ്റയ്ക്ക് 50 ശതമാനം സബ്സിഡി ഏർപ്പെടുത്തുക, ക്ഷീരസംഘങ്ങളെ ആദായനികുതിയിൽ നിന്ന് ഒഴിവാക്കുക, ത്രിതല പഞ്ചായത്ത് പദ്ധതി ഫണ്ട് 20ശതമാനം ക്ഷീരമേഖലയ്ക്ക് മാറ്റിവയ്ക്കുക, എല്ലാ ക്ഷീരകർഷകരെയും തൊഴിലുറപ്പു പദ്ധതിയിൽപ്പെടുത്തുക എന്നിങ്ങനെയുള്ള ആവശ്യങ്ങളും കർഷകർ മുന്നോട്ടുവയ്ക്കുന്നു. സംയുക്ത ക്ഷീരകർഷക സമിതിയുടെ നേതൃത്വത്തിൽ ഈ മാസം 12ന് തിരുവനന്തപുരം സെക്രട്ടറിയറ്റിലേക്ക് മാർച്ചും ധർണയും നടത്താനാണ് ക്ഷീരകർഷകരുടെ തീരുമാനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DAIRY FARMERS CRISIS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.