SignIn
Kerala Kaumudi Online
Saturday, 20 April 2024 6.43 AM IST

നയം മാറും..!

edu

ദേശീയ വിദ്യാഭ്യാസനയം കേരളത്തിൽ നടപ്പാക്കണോ എന്നതു സംബന്ധിച്ച ചർച്ചകൾക്ക് അക്കാഡമിക് സമൂഹത്തിൽ തുടക്കമിട്ടിരിക്കുകയാണ് സർക്കാർ. ദേശീയവിദ്യാഭ്യാസനയം സംബന്ധിച്ച് യുജിസി പുറപ്പെടുവിച്ച മാർഗ്ഗനിർദേശങ്ങൾ ചർച്ചചെയ്യാൻ ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ നേതൃത്വത്തിൽ വൈസ്ചാൻസലർമാരുടെയും അദ്ധ്യാപക, വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുടെയും ശിൽപ്പശാല ആദ്യഘട്ടമായി വിളിച്ചുചേർത്തു. നിലവിലുള്ള മൂന്നുവർഷ ബിരുദകോഴ്സുകൾ നാലുവർഷമാക്കാനും കോളേജുകൾക്ക് സർവകലാശാലകളിൽ അഫിലിയേഷൻ നൽകുന്നത് അവസാനിപ്പിച്ച് സ്വയംഭരണം അനുവദിക്കാനുമാണ് വിദ്യാഭ്യാസനയത്തിലെ പ്രധാന ശുപാർശകൾ. എന്നാൽ ഇവ രണ്ടും അതേപടി കേരളത്തിൽ നടപ്പാക്കാനാവില്ലെന്നാണ് വൈസ്ചാൻസലർമാരും അദ്ധ്യാപകരുമൊക്കെ പറയുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിനനുസൃതമായ കാര്യങ്ങൾ നടപ്പാക്കാൻ സർവകലാശാലകൾക്ക് യു.ജി.സിയിൽനിന്ന് നിർദേശങ്ങൾ ലഭിക്കുന്നുണ്ട്. സംസ്ഥാന സർക്കാർ തീരുമാനമെടുക്കാത്തതിനാൽ സർവകലാശാലകൾക്ക് മറുപടി നൽകാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് സർക്കാർ ചർച്ചയ്ക്ക് തുടക്കമിട്ടത്.

നാലുവർഷ ബിരുദകോഴ്സുകൾ വിദേശജോലിക്ക് ഏറെ ഗുണകരമായതിനാൽ എല്ലായിടത്തും ഇത്തരം കോഴ്സുകൾ ആരംഭിക്കണമെന്നാണ് യു.ജി.സി നിർദ്ദേശം. എന്നാൽ നാലുവർഷ ബിരുദം കോളേജുകളിൽ തുടങ്ങേണ്ടെന്നും സർവകലാശാലകളിൽ ആരംഭിക്കാനുമാണ് സർക്കാർ നീക്കം. കോളേജുകളിൽ നാലുവർഷ കോഴ്സുകൾ തുടങ്ങാൻ കൂടുതൽ അടിസ്ഥാന സൗകര്യമൊരുക്കുകയും അദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കുകയും വേണ്ടിവരും. നാലാംവർഷം പഠിപ്പിക്കാൻ അദ്ധ്യാപകരെയും ക്ലാസ് മുറികളും വേണം. ഇതിന് കൂടുതൽ മുടക്കുമുതൽ വേണ്ടിവരും. എന്നാൽ സർവകലാശാലകളിലെ പഠനവകുപ്പുകളിൽ നാലുവർഷ ബിരുദകോഴ്സ് തുടങ്ങാനാവും. നിലവിൽ എം.ജി, കുസാറ്റ് സർവകലാശാലകളിൽ അഞ്ചുവർഷ ഇന്റഗ്രേറ്റഡ് കോഴ്സുകൾ നടത്തുന്നുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തിലെ നാലുവർഷ ബിരുദ കോഴ്സുകളിൽ ഒന്നോ രണ്ടോ മൂന്നോ വർഷം പൂർത്തിയാകുമ്പോൾ കോഴ്സ് അവസാനിപ്പിക്കാനും തിരികെ വരാനും (മൾട്ടിപ്പിൾ എൻട്രി ആൻഡ് എക്സി​റ്റ്) സൗകര്യമുണ്ട്. പൂർത്തിയാക്കുന്ന വർഷത്തിനനുസരിച്ച് ഡിപ്ലോമ, ഡിഗ്രി, റിസർച്ച് ഡിഗ്രി എന്നിങ്ങനെ ബിരുദങ്ങൾ നൽകുന്നതാണ് കോഴ്സ് ഘടന. എന്നാൽ എപ്പോൾ വേണമെങ്കിലും പഠനം നിറുത്താവുന്ന ഫ്രീ എക്സിറ്റ് സംവിധാനം പ്രൊഫഷണൽ കോഴ്സുകളിലെപ്പോലെ ആർട്സ് ആൻഡ് സയൻസ് കോഴ്സുകളിൽ പ്രായോഗികമല്ലെന്നാണ് വി.സിമാർ വിലയിരുത്തിയത്. എല്ലാ സർവകലാശാലകളിലും നാലുവർഷ കോഴ്സ് തുടങ്ങണമെന്ന് വി.സിമാർ നിർദ്ദേശിച്ചു. കോളേജുകളിൽ ഒരേസമയം മൂന്ന്, നാല് വർഷ ബിരുദ കോഴ്സുകൾ നടത്തിയാൽ മൂന്നുവർഷ കോഴ്സിന് ഡിമാന്റില്ലാതാവുമെന്നും നാലുവർഷ ബിരുദം നേടിയവർക്ക് തൊഴിൽ മേഖലയിൽ മുൻഗണന ലഭിക്കുമെന്നും വി.സിമാർ വിലയിരുത്തി.

ഒരു സ്ട്രീമിൽ പഠിക്കുന്ന വിദ്യാർത്ഥിക്ക് മ​റ്റൊരു സ്ട്രീമിലുള്ള വിഷയം തിരഞ്ഞെടുത്ത് പഠിക്കാൻ അവസരമൊരുക്കുന്ന ബഹുവൈജ്ഞാനിക അന്തർവൈജ്ഞാനിക കോഴ്സുകൾ തുടങ്ങണമെന്നും യു.ജി.സി നിർദ്ദേശമുണ്ട്. അതായത് സയൻസ് പഠിക്കുന്ന വിദ്യാർത്ഥിക്ക് താത്പര്യമുള്ള മാനവിക വിഷയങ്ങളിലെ നിശ്ചിത പഠനമേഖല തിരഞ്ഞെടുത്ത് പഠിക്കാൻ വഴിയൊരുക്കുന്നതാണ് ഈ നിർദേശം. സർവകലാശാലകളിലെ ഗവേഷണത്തിന്റെ ഗുണമേന്മ കൂട്ടണമെന്ന കർശന നിർദ്ദേശവും യു.ജി.സി നൽകിയിട്ടുണ്ട്. എന്നാൽ സർവകലാശാലകളിലെ ഗവേഷണം മെച്ചപ്പെടുത്താൻ അദ്ധ്യാപകരുടെ എണ്ണം കൂട്ടണമെന്നും കൂടുതൽ സൗകര്യങ്ങളൊരുക്കണമെന്നും വി.സിമാർ നിർദ്ദേശിച്ചു. സർവകലാശാലകളുടെ അഫിലിയേഷൻ ഒഴിവാക്കി എല്ലാ കോളേജുകൾക്കും സ്വയംഭരണം അനുവദിക്കണമെന്ന യു.ജി.സി നിർദ്ദേശവും കേരളത്തിൽ നടപ്പാക്കാൻ പ്രയാസമാണെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. നഗരങ്ങൾക്ക് പുറത്തെ കോളേജുകൾക്ക് സ്വയംഭരണം നേടാനുള്ള മാനദണ്ഡങ്ങൾ കൈവരിക്കാനാവില്ലെന്ന് വി.സിമാർ പറഞ്ഞു. അതിനാൽ മികച്ച കോളേജുകൾക്ക് റാങ്കിംഗിന്റെ അടിസ്ഥാനത്തിൽ സ്വയംഭരണം നൽകുകയും മറ്റുള്ളവയ്ക്ക് അഫിലിയേഷൻ തുടരുകയും ചെയ്യാനാണ് ധാരണ. സ്വയംഭരണ കോളേജുകൾ മാനവിക വിഷയങ്ങളെ അവഗണിക്കുകയാണെന്നും സയൻസ് പഠനത്തിനാണ് പ്രാധാന്യമെന്നും വിദ്യാർത്ഥി സംഘടനാ പ്രതിനിധികളും ചൂണ്ടിക്കാട്ടി. ദേശീയവിദ്യാഭ്യാസ നയത്തിൽ സംവരണം, സ്കോളർഷിപ്പ് എന്നിവയെക്കുറിച്ച് പരാമർശമില്ലെങ്കിലും കേരളത്തിൽ നിലവിലുള്ളത് അതേപടി തുടരും. പട്ടികസംവരണത്തിന് പകരം സോഷ്യലി ഡിസ്അഡ്വാന്റേജ് ഗ്രൂപ്പ് എന്നാണ് നയത്തിലുള്ളത്. നയത്തിലുള്ള ഔട്ട് കം ബേസ്ഡ് എഡ്യൂക്കേഷൻ, മൾട്ടി ഡിസിപ്ലിനറി സർവകലാശാലകൾ എന്നിവ കേരളത്തിൽ നേരത്തേ നടപ്പാക്കിയവയാണ്.

നാലുവർഷ ബിരുദത്തിന്

തൊഴിൽ സാദ്ധ്യതയേറെ

നാലുവർഷ ബിരുദകോഴ്സുകൾ വിജയിക്കുന്നവർക്ക് വിദേശത്തടക്കം തൊഴിൽ സാദ്ധ്യതയേറെയാണ്. മൂന്നുവർഷ ബിരുദ കോഴ്സുകൾ പഠിച്ചവർക്ക് വിദേശത്ത് ജോലിസാദ്ധ്യത കുറവായതിനാലാണ് വിദഗ്ദ്ധസമിതി നാലുവർഷകോഴ്സുകൾക്ക് ശുപാർശ ചെയ്തത്. ഗവേഷണത്തോടൊപ്പമുള്ള ബിരുദകോഴ്സുകൾക്ക് ലോകത്തെവിടെയും അംഗീകാരമുള്ളതിനാൽ വിദേശത്ത് ജോലിതേടുന്നവർക്ക് ഗുണകരമാവും. ഇക്കണോമിക്സ്, സ്​റ്റാ​റ്റിസ്​റ്റിക്സ്, ഫിസിക്സ്, കോമേഴ്സ്, ബയോളജിക്കൽ സയൻസ് മേഖലകളിലാവും നാലുവർഷ ബിരുദകോഴ്സുകൾ വരിക. നാക് എ-ഗ്രേഡോ ദേശീയറാങ്കിംഗിൽ നൂറിനുള്ളതോ ആയ കോളേജുകളിൽ നാലുവർഷ ബിരുദകോഴ്സുകൾ തുടങ്ങാമെന്നാണ് നിർദ്ദേശം. അത്യാധുനിക ബിരുദ കോഴ്സുകൾക്കു ശേഷം ഗവേഷണത്തിന് യോഗ്യതയാവുന്നതോടെ, ഗവേഷണത്തിന്റെ ഗുണനിലവാരം ഉയരുമെന്നും യു.ജി.സി കണക്കുകൂട്ടുന്നു.

നാലുവർഷ ബിരുദകോഴ്സുകൾ നടത്താമെന്ന് യു.ജി.സി റഗുലേഷൻ പുറപ്പെടുവിച്ചാൽ സംസ്ഥാനത്തും അത് നടപ്പാക്കിയേ പറ്റൂ. പാർലമെന്റ് പാസാക്കിയ നിയമപ്രകാരം കേന്ദ്രആക്ടിന് തുല്യമാണ് യു.ജി.സി റഗുലേഷൻ. ആറുമാസത്തിനകം രാജ്യത്താകെ ഓട്ടോമാറ്റിക്കായി പ്രാബല്യത്തിലാവും. യു.ജി.സി റഗുലേഷൻ പ്രകാരമുള്ള ഭേദഗതി സർവകലാശാലകളിലെ റഗുലേഷനുകളിൽ വരുത്തണം. ഇതിനുള്ള അധികാരം അക്കാഡമിക് കൗൺസിലുകൾക്കാണ്. നാലുവർഷ ബിരുദകോഴ്സുകൾ വന്നാലും നിലവിലെ കോഴ്സുകൾ അതേപടി തുടരാനാവും. പുതിയ കോഴ്സുകളായതിനാൽ സ്കീമും സിലബസും അദ്ധ്യാപകയോഗ്യതയും യു.ജി.സി മാനദണ്ഡപ്രകാരം നിശ്ചയിക്കണം.

കേരളത്തിൽ സാങ്കേതിക സർവകലാശാലയിലെ എൻജിനിയറിംഗ് കോഴ്സുകളൊഴികെ നിലവിൽ നാലുവർഷ ബിരുദ കോഴ്സുകളില്ല. അവിടെ സമർത്ഥരായ വിദ്യാർത്ഥികൾക്ക് നാലുവർഷം കൊണ്ട് ബിടെക് ഓണേഴ്സും നേടാം. കോളേജുകളിൽ ഗവേഷണത്തിന് മുൻതൂക്കം നൽകുന്ന, നാലുവർഷ ബിരുദ ഓണേഴ്സ് തുടങ്ങാൻ എം.ജി സർവകലാശാലാ വൈസ്ചാൻസലർ പ്രൊഫ. സാബുതോമസ് അദ്ധ്യക്ഷനായ സമിതി ശുപാർശ ചെയ്തെങ്കിലും നടപ്പാക്കിയിട്ടില്ല. മൂന്നുവർഷ ബിരുദത്തിനു ശേഷം ഒരു വർഷത്തെ സ്‌പെഷ്യലൈസേഷൻ, ബിരുദത്തോടൊപ്പം മറ്റൊരു അഡിഷണൽ കോഴ്സ് പഠിച്ച് മൈനർ ബിരുദം, ട്രിപ്പിൾ മെയിൻ ബിരുദ കോഴ്സ്, ബിരുദത്തോടൊപ്പം ബിരുദാനന്തര ബിരുദ (ഇന്റഗ്രേ​റ്റഡ്) കോഴ്സ് എന്നിങ്ങനെ ശുപാർശകളും നടപ്പാക്കിയിട്ടില്ല. യു.ജി.സി ഇപ്പോൾ നിർദ്ദേശിച്ച, നാലുവർഷ ബിരുദം കഴിഞ്ഞാൽ പി.ജി. ഒരുവർഷം മതിയെന്ന വ്യവസ്ഥ രണ്ടുവർഷം മുൻപ് കേരളത്തിൽ ശുപാർശ ചെയ്യപ്പെട്ടതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDUCATION POLICY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.