SignIn
Kerala Kaumudi Online
Saturday, 20 April 2024 3.31 PM IST

അജൈവ പാഴ് വസ്തു സംഭരണ കേന്ദ്രം ഫണ്ടുണ്ട്, എതിർത്ത് ജനം 26 എണ്ണം കൂടി സ്ഥാപിക്കും

mcf
കൈപ്പുറത്ത് പാലത്തിന് സമീപം കനോലിക്കനാലിനുസമീപം നാലാംവാർഡിലെ അജൈവ പാഴ് വസ്തു സംഭരണ കേന്ദ്രം

കോഴിക്കോട്: കുന്നുകൂടുന്ന പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നും നഗരത്തെ രക്ഷിക്കാൻ ഒാരോ വാർഡിലും അജൈവ പാഴ് വസ്തു ശേഖരണ കേന്ദ്രങ്ങളുമായി കോർപറേഷൻ. കഴിഞ്ഞ വർഷം എം.സി.എഫ് (മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി) പ്രോജക്ടിന് കീഴിൽ നാലെണ്ണമാണ് നഗരവാർഡുകളിൽ തുടങ്ങിയത്. അതിൽ മൂന്നെണ്ണവും നല്ലനിലയിൽ പ്രവർത്തിക്കുന്നു. 26 എണ്ണം കൂടി ഈ വർഷം സ്ഥാപിക്കുമെന്ന് കോർപറേഷൻ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ഡോ.എസ്.ജയശ്രീ പറഞ്ഞു. വർഷത്തിൽ ഇരുപതെണ്ണംവെച്ച് സ്ഥാപിച്ച് 75 വാർഡുകളിലും ഇത്തരം സംഭരണ കേന്ദ്രങ്ങൾ വന്നുകഴിഞ്ഞാൽ വീടുകളും ഫ്‌ളാറ്റുകളും നഗരവും മാലിന്യമുക്തമാവും. അതിനനുസരിച്ച് സംസ്‌കരണ കേന്ദ്രങ്ങളും തുടങ്ങും. നല്ല പ്ലാസ്റ്റിക് വസ്തുക്കൾ റീസൈക്ലിംഗിനായി കയറ്റിയയ്ക്കും. പക്ഷെ അതിനെല്ലാറ്റിനും ജനങ്ങളുടെ സഹകരണം വേണം. അതാണ് കോഴിക്കോട് നഗരത്തിലില്ലാത്തതെന്നും അവർ പറഞ്ഞു.
മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി സെന്ററുകളിലെത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ അവിടെ നിന്ന് മെറ്റീരിയൽ റീസൈക്ലിംഗ് ഫെസിലിറ്റി (എം.ആർ.എഫ്) സെന്ററുകളിലേക്ക് മാറ്റും. അവിടെ സംസ്‌കരിക്കുന്നത് കഴിഞ്ഞാൽ കയറ്റി അയക്കാനാവുന്നവ പുറത്തേക്ക് വിടും. അതിന് സാമ്പത്തിക ലാഭവും ഉണ്ട്. കോർപറേഷനിലെ ഹരിത കർമസേനയ്ക്കാണ് ചുമതല. അവരത് ഭംഗിയായി നിർവഹിക്കുന്നുണ്ട്. ഞെളിയൻപറമ്പിലും വെസ്റ്റ്ഹില്ലിലുമാണ് നിലവിൽ സംസ്‌കരണ കേന്ദ്രമുള്ളത്. സാങ്കേതിക പ്രശ്‌നങ്ങളാൽ ഇപ്പോഴവ പൂർണാർത്ഥത്തിൽ പ്രവർത്തിക്കുന്നില്ല. നെല്ലിക്കോട് പുതുതായി ഒന്ന് തുടങ്ങിയിട്ടുണ്ട്. അത് ഉടൻ പ്രവർത്തന സജ്ജമാവും. ഒപ്പം വെസ്റ്റ്ഹില്ലിലെ സംസ്‌കരണ കേന്ദ്രംകൂടി സജ്ജമായാൽ ഒരു പരിധിവരെ പ്രശ്‌നത്തിന് പരിഹാരമാവും. സംഭരണ കേന്ദ്രങ്ങളെപോലെ സംസ്‌കരണകേന്ദ്രങ്ങളും വേണം. അതിന് കോർപറേഷൻ തയ്യാറാണ്. ആവശ്യത്തിന് ഫണ്ടുമുണ്ട്. പക്ഷെ കാര്യങ്ങളറിയാതെ ജനം പ്രതിഷേധവുമായി ഇറങ്ങി എല്ലാം തടസ്സപ്പെടുത്തുകയാണ്. ആളുകളുടെ മനോഭാവത്തിൽ മാറ്റം വന്നാലെ നാടിന് അത്യാവശ്യമായ ഇത്തരം പദ്ധതികൾ യാഥാർത്ഥ്യമാവുകയുള്ളൂ. എരവത്ത് കുന്നിലും റഹ്മാൻബസാറിലും കൈപ്പുറത്ത് പാലത്തിന് സമീപം നാലാംവാർഡിലുമാണിപ്പോൾ അജൈവ പാഴ് വസ്തു സംഭരണ കേന്ദ്രങ്ങളുള്ളത്. വെസ്റ്റ് ഹില്ലിലും ഉടൻ യാഥാർത്ഥ്യമാവും. ഇതിനുപുറമേയാണ് 26എണ്ണം കൂടി പണിയാൻ പോകുന്നത്.

ദിവസം നഗരം പുറത്തുവിടുന്നത്

303 ടൺ മാലിന്യം

കോഴിക്കോട്: മാലിന്യസംഭരണം, സംസ്‌കരണം എന്നിവയ്‌ക്കെല്ലാം പ്ലാന്റുകൾ തുടങ്ങാൻ കോർപറേഷൻ തയാറാണ്. പക്ഷെ ജനം അനുവദിക്കുന്നില്ലെന്ന് അധികൃതർ. ദിവസം നഗരം പുറത്തേക്ക് വിടുന്നത് ജൈവ-അജൈവ മാലിന്യങ്ങളടക്കം 303 ടണ്ണാണ്. ഇതൊക്കെ എവിടെക്കൊണ്ടിടും. നഗരം മുഴുവൻ നാറുമ്പോഴും ആളുകൾ അനാവശ്യമായി സമരം നടത്തി എല്ലാം മുടക്കുകയാണെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ഡോ.എസ്.ജയശ്രീ പറയുന്നു. വാർഡുകൾതോറും സംഭരണകേന്ദ്രങ്ങളുണ്ടാക്കി അവരവരുടെ മാലിന്യങ്ങൾ അവിടെ ശേഖരിച്ച് സംസ്‌കരണ കേന്ദ്രത്തിലേക്കോ പുറത്ത് വിൽക്കാനോ അയയ്ക്കണം. അതിന് കെട്ടിടവും സ്ഥലവും വേണം. അതിനായി ഒരു വാർഡിലെത്തിയാൽ ഇവിടം ഞെളിയൻപറമ്പാക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് തടസപ്പെടുത്തുകയാണ്. ജനത്തിന്റെ മനോഭാവം മാറിയാലേ നഗരത്തിലെ മാലിന്യ സംഭരണത്തിനും സംസ്‌കരണത്തിനും ശാശ്വത പരിഹാരമാവൂ എന്നും ജയശ്രീ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.