വിഴിഞ്ഞം: തിരുവല്ലം വണ്ടിത്തടം പാലപ്പൂര് ജംഗ്ഷന് സമീപം വൃദ്ധയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പാലപ്പൂര് കുന്താലംവിള വീട്ടിൽ പരേതനായ ഗോപിയുടെ ഭാര്യ നിർമലയുടെ (56) മൃതദേഹമാണ് ഇന്നലെ രാവിലെ ആറോടെ വീടിന് സമീപത്തുള്ള പുരയിടത്തിലെ വാഴകൾക്കിടയിൽ കണ്ടെത്തിയത്. കാലുകളും ശരീരത്തിന്റെ ഏതാനും ഭാഗങ്ങളും മാത്രമാണ് കത്താതെ അവശേഷിച്ചത്. മൃതദേഹത്തിന് സമീപത്തുനിന്ന് മണ്ണെണ്ണക്കുപ്പിയും ഒരുജോഡി ചെരുപ്പും ഫോറൻസിക് സംഘം കണ്ടെടുത്തു.
മൂന്ന് മക്കളിൽ ഇളയവനായ രഞ്ജിത്തിന്റെ കുടുബത്തിനൊപ്പമാണ് നിർമ്മല താമസിച്ചിരുന്നത്. പാൽ നൽകാനായി ഇന്നലെ രാവിലെ വിളിച്ചിട്ടും നിർമ്മലയെ കാണാത്തതിനാൽ മകൻ രഞ്ജിത്തിനെ പാൽക്കാരൻ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പൊള്ളലേറ്റാലുണ്ടാകുന്ന വെപ്രാളം കാണിച്ച ലക്ഷണമില്ലെന്നും പൂർണമായി കത്തിയ നിലയിൽ മൃതദേഹം കണ്ടെത്തിയതും സംശയത്തിനിടയാക്കുന്നതായി പൊലീസ് പറഞ്ഞു.
സമീപത്ത് വീടുകളുണ്ടെങ്കിലും ആരും നിലവിളിയോ മറ്റ് ശബ്ദങ്ങളോ കേട്ടിട്ടില്ല. മൃതദേഹം കിടന്ന രീതിയിലും മറ്റുചില കാര്യങ്ങളിലും സംശയങ്ങളുണ്ടെന്ന് തിരുവല്ലം പൊലീസ് പറഞ്ഞു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു. ഫോറൻസിക് വിഭാഗത്തിന്റെ റിപ്പോർട്ട് കിട്ടിയശേഷം വിശദമായ പരിശോധനയും തുടരന്വേഷണവും നടത്തുമെന്ന് തിരുവല്ലം എസ്.എച്ച്.ഒ രാഹുൽ രവീന്ദ്രൻ, എസ്.ഐ കെ.ആർ.സതീഷ് എന്നിവർ അറിയിച്ചു. മരണത്തിൽ സംശയമുണ്ടെന്ന് മക്കളും നിർമ്മലയുടെ സഹോദരങ്ങളും പറഞ്ഞു. രാജേഷ്,രതീഷ് എന്നിവരാണ് മറ്റുമക്കൾ. മരുമക്കൾ: സൗമ്യ,ശരണ്യ,ശ്രീദേവി.
രക്തസാമ്പിൾ ശേഖരിച്ചു
തലയും മുഖവുമെല്ലാം പൂർണമായി കത്തിയിരുന്നു. കാലുകൾ കണ്ടാണ് നിർമ്മലയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹത്തിൽ നിന്ന് രക്തസാമ്പിളുകൾ ഫോറൻസിക് വിഭാഗം ശേഖരിച്ചിട്ടുണ്ട്. മരണത്തിൽ ദുരൂഹത സംശയിക്കുന്നതിനാൽ നിർമ്മലയുടെ കിടപ്പുമുറി പൊലീസ് സീൽ ചെയ്തു.