SignIn
Kerala Kaumudi Online
Saturday, 20 April 2024 1.24 AM IST

ദുർഭരണത്തിനു നൽകേണ്ട വില

photo

രാജ്യത്തെയും പ്രജകളെയും മറന്ന് ഭരിക്കുന്ന ഏതൊരു ഭരണാധികാരിയും നേരിടേണ്ടിവരുന്ന ദുരന്തമാണ് ശ്രീലങ്കയിലേത്. കുറെ ആഴ്ചകളായി പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ ജനങ്ങളെ അക്ഷരാർത്ഥത്തിൽ പരീക്ഷിക്കുകയായിരുന്നു. ജനജീവിതം ദുരിതപൂർണമായിട്ടും പരിഹാരം കാണാനോ പരാജയം സമ്മതിച്ച് അധികാരം വിട്ടൊഴിയാനോ രാജപക്‌സെ തയ്യാറായില്ല. ഒടുവിൽ സംഭവിക്കേണ്ടതു തന്നെ സംഭവിച്ചു. കസേരയിൽ എങ്ങനെയും പിടിച്ചിരിക്കാൻ അദ്ദേഹം അവസാനത്തെ അടവും എടുക്കാതിരുന്നില്ല. പക്ഷേ ഒന്നും വിജയിക്കാതായപ്പോൾ രാജിവച്ചൊഴിയാൻ അദ്ദേഹം നിർബന്ധിതനായി. അതിനകം സ്ഥിതിഗതികൾ പാടേ കൈവിട്ടുപോയിരുന്നു. തലസ്ഥാനമായ കൊളംബോയിലും മറ്റിടങ്ങളിലുമുണ്ടായ കലാപങ്ങളിൽ ഒരു എം.പി ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെടുകയും ഇരുനൂറോളം പേർക്കു പരിക്കേൽക്കുകയും ചെയ്തു. കലാപം ശമനമില്ലാതെ തുടരുകയാണ്. ഭരണകക്ഷിക്കാരുടെ വീടുകളും കടകമ്പോളങ്ങളും സർക്കാർ മന്ദിരങ്ങളുമൊക്കെ ആക്രമണത്തിനു വിധേയമാകുന്നു. രാജപക്‌സെയുടെ വസതിയും സർക്കാർ വിരുദ്ധപക്ഷക്കാരുടെ ലക്ഷ്യമായിരുന്നു. അദ്ദേഹത്തിന്റെ രണ്ടു വീടുകൾ പ്രക്ഷോഭകർ അഗ്നിക്കിരയാക്കി. ഭരണകക്ഷി എം.പിമാർക്കു തെരുവിലിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്.

സാധാരണ നിലയിലേക്കു മടങ്ങിവന്ന ശ്രീലങ്ക ഇപ്പോഴത്തെ പതനത്തിലെത്താൻ പ്രധാന കാരണക്കാർ ഭരിക്കാനറിയാത്ത ഭരണകർത്താക്കൾ തന്നെ. കലാപം രൂക്ഷമായതോടെ തലസ്ഥാനമായ കൊളംബോയുടെ നിയന്ത്രണം പട്ടാളം ഏറ്റെടുത്തു. കലാപം അവസാനിക്കുകയും സ്ഥിതി ശാന്തമാവുകയും പുതിയ തിരഞ്ഞെടുപ്പിനു കളമൊരുങ്ങുകയും ചെയ്താൽ മാത്രമേ ലങ്കയിൽ വീണ്ടും സമാധാനം പുലരൂ.

മുൻപിൻ നോക്കാതെയുള്ള കടമെടുപ്പും തെറ്റായ സാമ്പത്തിക നയങ്ങളും ശ്രീലങ്കയെ നാശത്തിലേക്കു നയിച്ചു. സ്വാർത്ഥ താത്‌പര്യങ്ങൾ വച്ചുമാത്രം ശ്രീലങ്കയിൽ വലിയ നിക്ഷേപങ്ങൾ നടത്താൻ ചൈനയെ അനുവദിച്ചത് വലിയ തിരിച്ചടിയായെന്ന് ഇപ്പോഴാണറിയുന്നത്. വിദേശ സ്ഥാപനങ്ങളിൽ നിന്ന് വൻതോതിൽ എടുത്ത വായ്പകളുടെ തിരിച്ചടവ് തുടർച്ചയായി മുടങ്ങിയതും ലങ്കൻ സമ്പദ് സ്ഥിതിയെ ഗുരുതരമായി ബാധിച്ചു. കൊവിഡിനെത്തുടർന്ന് വരുമാനത്തിന്റെ മുഖ്യസ്രോതസായ വിനോദസഞ്ചാര മേഖല പൂർണമായും സ്തംഭിച്ചു. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കൈക്കൊണ്ട മണ്ടൻ തീരുമാനങ്ങൾ കൂടിയായതോടെ വിലക്കയറ്റവും അതിനെത്തുടർന്നുള്ള പ്രശ്നങ്ങളും കൊണ്ട് ജനം പൊറുതിമുട്ടി. ഒരുകിലോ അരിക്ക് വില നാനൂറു രൂപയായി! ഈ ദുരിതങ്ങൾക്കിടയിലും ഏതുവിധേനയും അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കാനാണ് രാജപക്‌സെ ശ്രമിച്ചത്. ഭരണം കുടുംബവാഴ്‌ച പോലെ കൊണ്ടുനടക്കാൻ ആദ്യം മുതലേ അദ്ദേഹം ശ്രമിച്ചിരുന്നു.

മഹിന്ദ രാജിവച്ചൊഴിഞ്ഞതോടെ കുടുംബവാഴ്ചയ്ക്ക് അറുതിയായെങ്കിലും ലങ്കയുടെ ഭാവി ഇപ്പോഴും കറുത്തിരുണ്ടാണ് കിടക്കുന്നത്. പാർലമെന്റ് ഇപ്പോഴും നിലനിൽക്കുകയാണ്. തട്ടിക്കൂട്ടു സർക്കാരിനു ഇനിയും ശ്രമമുണ്ടായിക്കൂടെന്നില്ല. പുതിയ തിരഞ്ഞെടുപ്പ് നടക്കാൻ ഒരുവർഷം കാത്തിരിക്കണം. സർവകക്ഷി സർക്കാരിന് ഇതിനു മുമ്പും ശ്രമം നടന്നതാണ്. എന്നാൽ പ്രസിഡന്റ് ഗോതാബയ രാജപക്‌സെയുടെ നേതൃത്വത്തിലുള്ള സർക്കാരിലേക്ക് തങ്ങൾ ഇല്ലെന്ന നിലപാടിലായിരുന്നു പ്രതിപക്ഷ കക്ഷികൾ. പുതിയൊരു തിരഞ്ഞെടുപ്പിലൂടെ മാത്രമേ ജനഹിതം അളക്കാനാവൂ എന്നതിനാൽ അതിനുള്ള വഴിയാണ് ഇനി നോക്കേണ്ടത്. അയൽരാജ്യമായ ശ്രീലങ്കയിൽ സമാധാനവും ശാന്തിയും പുലരേണ്ടത് ഇന്ത്യയ്ക്കും ആവശ്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SRI LANKA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.