SignIn
Kerala Kaumudi Online
Thursday, 25 April 2024 6.40 AM IST

കോഴഞ്ചേരി മഹാഗർജ്ജനം ഹൃദയത്തിലേറ്റാം

c-kesavan

കേരളചരിത്രത്തിലെ സിംഹഗർജ്ജനമായിരുന്നു സി. കേശവന്റെ കോഴഞ്ചേരി പ്രസംഗം. സംഘടിച്ച് സന്ധിയില്ലാതെ സമരം ചെയ്ത് അവകാശങ്ങൾ പിടിച്ചുവാങ്ങണം എന്നതായിരുന്നു പ്രസംഗത്തിന്റെ കാതൽ. സവർണ മാടമ്പിത്തത്തിന് നേരെ നെഞ്ചുനിവർത്തിയുള്ള വെല്ലുവിളിയായിരുന്നു പ്രസംഗം. ജനസംഖ്യാനുപാതിക പ്രാതിനിദ്ധ്യം ആവശ്യപ്പെട്ട് ഈഴവ, മുസ്ലീം ക്രിസ്ത്യൻ സമുദായങ്ങൾ സംയുക്തമായി നടത്തിയ നിവർത്തന പ്രക്ഷോഭത്തിന് ഊർജ്ജം പകരാനാണ് കോഴഞ്ചേരിയിൽ അദ്ദേഹം ആയിരങ്ങൾക്ക് മുന്നിൽ കത്തിജ്വലിച്ചത്. അധികാരികളുടെ മസ്തിഷ്കങ്ങളെ കാട്ടുതീപോലെ പൊള്ളിച്ച സി. കേശവന്റെ മഹാഗർജ്ജനത്തിന് ഇന്ന് 87 വയസ് .

1888 ൽ തിരുവിതാംകൂറിൽ രാജാവിന്റെ കീഴിൽ നിയമസഭ നിലവിൽ വന്നെങ്കിലും പിന്നാക്കക്കാരെ തുടർച്ചയായി അവഗണിക്കുകയായിരുന്നു. ഈ നിയമസഭയിലേക്ക് 1922, 25, 28, 31 വർഷങ്ങളിൽ തിരഞ്ഞെടുപ്പ് നടന്നു. ജനസംഖ്യയുടെ 8.69 ശതമാനമായിരുന്ന ഈഴവരിൽ നിന്നും ഒരാൾപോലും നിയമസഭയിലെത്തിയില്ല. ജനസംഖ്യയുടെ 3.53 ശതമാനമായിരുന്ന മുസ്ലീങ്ങളുടെ സ്ഥിതിയും സമാനമായിരുന്നു. എല്ലാ ക്രൈസ്തവ വിഭാഗങ്ങളുടെയും ആകെ ജനസംഖ്യ അന്ന് 16.04 ശതമാനമായിരുന്നു. അവരുടെ പ്രാതിനിദ്ധ്യം 1922ലെ തിരഞ്ഞെടുപ്പിലെ ഏഴിൽ നിന്നും 1931ലെത്തിയപ്പോൾ നാലായി കുറഞ്ഞു. എന്നാൽ ജനസംഖ്യയുടെ 8.68 ശതമാനമായിരുന്ന നായ‌ർ സമുദായത്തിന്റെ പ്രാതിനിദ്ധ്യം 1922ലെ 12 ൽ നിന്നും 31 എത്തിയപ്പോൾ 15 ആയി ഉയർന്നു. കരം കെട്ടിയിരുന്നവർക്ക് മാത്രമായിരുന്നു സഭകളിലേക്കുള്ള വോട്ടവകാശം. ഈഴവ, മുസ്ലീം, ക്രിസ്ത്യൻ വിഭാഗങ്ങളിലുള്ള ഭൂവുടമകൾ അന്ന് കരം കെട്ടിയിരുന്നെങ്കിലും ഭൂമികളുടെ മുൻ ഉടമസ്ഥരായ സവർണർക്ക് മാത്രമായിരുന്നു വോട്ടവകാശം. ഈ അനീതിക്കെതിരെ ഈഴവ, ക്രിസ്ത്യൻ, മുസ്ലീം സമുദായങ്ങൾ ഒന്നിച്ച് സംയുക്ത രാഷ്ട്രീയസമിതി രൂപീകരിച്ച് നിവർത്തനപ്രക്ഷോഭം ആരംഭിക്കുകയായിരുന്നു.

എസ്.എൻ.ഡി.പി യോഗത്തിലാണ് സംയുക്തസമരമെന്ന ആശയം ആദ്യമുയർന്നത്. യോഗത്തിന്റെയും നേതാവായിരുന്ന സി. കേശവനായിരുന്നു പ്രക്ഷോഭത്തിന്റെ മുഖ്യഅമരക്കാരൻ. നിവർത്തനപ്രക്ഷോഭ പ്രചരണത്തിന്റെ ഭാഗമായി 1935 മേയ് 13ന് കോഴഞ്ചേരിയിൽ സംഘടിപ്പിച്ച പൗരസമത്വയോഗത്തിൽ അദ്ധ്യക്ഷത വഹിച്ചായിരുന്നു സി. കേശവന്റെ പ്രസംഗം. പിന്നാക്കക്കാരെ ചവിട്ടിത്താഴ്ത്തുന്ന സർ സി.പിയുടെ കുടിലതന്ത്രങ്ങൾ പ്രസംഗത്തിലൂടെ സി. കേശവൻ വിചാരണയ്ക്ക് വിധേയമാക്കി. സർ. സി.പി എന്ന ജന്തുവിനെ നമുക്കാവശ്യമില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അതിന്റെപേരിൽ തിരുവിതാംകൂർ ഭരണകൂടം സി.കേശവന്റെ പേരിൽ രാജ്യദ്രോഹം ചുമത്തി കേസെടുത്തു. ഇതോടെ സമരം ഇരട്ടിവീര്യം കൈവരിച്ചു.

അധികാരികൾക്ക് നിവർത്തന പ്രക്ഷോഭകാരികളോട് അനുനയത്തിന് തയ്യാറാകേണ്ടിവന്നു. ഇതിന്റെ ഫലമായി ഈഴവ, മുസ്ലീം, ക്രിസ്ത്യൻ സമുദായങ്ങളിൽ നിന്നും കൂടുതൽ പേർ നിയമസഭകളിലേക്കെത്തി. തിരുവിതാംകൂർ പബ്ലിക് സർവീസ് കമ്മിഷനിലടക്കം പിന്നാക്കക്കാർക്ക് അനുകൂലമായ പല തീരുമാനങ്ങളും സമരത്തിന്റെ ഫലമായുണ്ടായി. ക്രിസ്ത്യൻ, മുസ്ലീം സമുദായങ്ങൾ സി. കേശവന്റെ കോഴഞ്ചേരി പ്രസംഗം മനസിൽ കനൽപോലെ സൂക്ഷിച്ച് അവകാശങ്ങൾ പിടിച്ചുവാങ്ങി. ഇപ്പോഴും അവരത് തുടരുന്നു. പക്ഷേ നമുക്ക് ആവേശം ചോർന്നു. അതുകൊണ്ട് ജനസംഖ്യാനുപാതിക നീതി ഒരു മേഖലയിലും നമുക്ക് ലഭിക്കുന്നില്ല. സമുദായബലത്തിൽ കേരളത്തിൽ ഒന്നാമതായിട്ടും ആനുപാതികമായ പ്രാതിനിദ്ധ്യം നിഷേധിക്കപ്പെടുന്നത് നമ്മുടെ ബലഹീനതയാണ്. അതിന്റെ കാരണം നമുക്കിടയിലെ ഭിന്നതയാണെന്ന യാഥാർത്ഥ്യം ഒപ്പം പോരാടിയവർ നമ്മളെ പിന്നിലാക്കി കുതിക്കുമ്പോഴെങ്കിലും തിരിച്ചറിയണം.

ക്രിസ്ത്യൻ, മുസ്ലീം സമുദായങ്ങളുടെ ആവകാശങ്ങൾക്കായി ശബ്ദമുയർത്താനും നേടിയെടുക്കാനും മത, സാമുദായിക പാർട്ടികൾക്ക് പുറമേ സ്വന്തം രാഷ്ട്രീയപാർട്ടികളും ഇന്നുണ്ട്. സമുദായത്തിന്റെയും മതത്തിന്റെയും പൊതുവായ ആവശ്യങ്ങൾക്ക് പുറമേ തങ്ങളുടെ വിഭാഗത്തിലെ ഒരു വ്യക്തിക്ക് ഉന്നതസ്ഥാനങ്ങൾ ഉറപ്പിക്കാൻപോലും കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഇക്കൂട്ടർ ഒന്നിക്കുന്നു. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ വൈസ് ചാൻസലർ സ്ഥാനത്തേക്കുള്ള കെ.ടി. ജലീലിന്റെ നോമിനിക്കെതിരെ പൊതുസമൂഹത്തിൽ നിന്നും എതിർപ്പ് ഉയർന്നപ്പോൾ രാഷ്ട്രീയം മറന്ന് മുസ്ലീംലീഗ് നേതാക്കൾ ജലീലിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്ന കാഴ്ച നമ്മൾ കണ്ടതാണ്. രാഷ്ട്രീയത്തിന് അതീതമായ സമാനമായ ജാതിമത പ്രണയങ്ങൾ സമീപഭാവിയിൽ നിരവധിയുണ്ടായിട്ടുണ്ട്. ഈ ഘട്ടത്തിലാണ് നമ്മിൽ ചിലർ ഈ നീക്കങ്ങൾക്കെതിരെ പോരാടുന്ന എസ്.എൻ.ഡി.പി യോഗത്തെ തകർക്കാൻ ശ്രമിക്കുന്നത്.

യോഗം നേതാക്കൾക്കെതിരെയായിരുന്നു സമുദായാംഗങ്ങളെന്ന് അവകാശപ്പെടുന്ന ചിലരുടെ ഒരുഘട്ടത്തിലെ ഒളിയുദ്ധം. ഇപ്പോഴത് ഈ മഹാപ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യുകയെന്ന നിലയിലായിരിക്കുന്നു. ഗുരുദേവൻ തിരികൊളുത്തിയ മഹാപ്രസ്ഥാനത്തിനും സമുദായ താത്‌പര്യങ്ങൾക്കും അതീതമായി അവരുടെ വൈരാഗ്യബുദ്ധി വികൃതരൂപം പ്രാപിച്ചിരിക്കുകയാണ്. പ്രത്യാഘാതങ്ങളെക്കുറിച്ച് കൃത്യമായ ബോദ്ധ്യമുണ്ടായിട്ടും യോഗം തിരഞ്ഞെടുപ്പിലെ പ്രാതിനിദ്ധ്യ വോട്ടവകാശ സംവിധാനം ഇല്ലാതാക്കണമെന്ന വാശിയിൽ ഉറച്ചുനിൽക്കുകയാണ്. നിലവിലെ നേതൃത്വമല്ല യോഗം ഭാരവാഹി തിരഞ്ഞെടുപ്പിന് പ്രാതിനിദ്ധ്യ വോട്ടവകാശം ഏർപ്പെടുത്തിയത്. തിരഞ്ഞെടുപ്പിൽ ജയിക്കാനുള്ള എളുപ്പവഴിയായി അതിനെ കാണുന്നുമില്ല. എല്ലാ അംഗങ്ങളും വോട്ടുചെയ്താൽ നിലവിലെ നേതൃത്വത്തിന്റെ ഭൂരിപക്ഷം കൂടുതൽ ഉയരുകയേയുള്ളൂ. കാരണം ശാഖകളിലേക്കും ശാഖാപ്രവർത്തകരിലേക്കും ഇറങ്ങിച്ചെന്ന് അവർക്കൊപ്പം നിൽക്കുന്ന നേതൃത്വമാണ് യോഗത്തിന് കഴിഞ്ഞ കാൽനൂറ്റാണ്ടായുള്ളത്. അപ്പോഴും ഇത്തരമൊരു തിരഞ്ഞെടുപ്പിന് വേണ്ടിവരുന്ന ചെലവാണ് ഒന്നാമത്തെ പ്രശ്നം. എല്ലാ യോഗം അംഗങ്ങൾക്കും വോട്ടുചെയ്യാൻ പൊതുതിരഞ്ഞടുപ്പിന് സമാനമായ സജ്ജീകരണങ്ങൾ വേണ്ടിവരും. ഒരു രജിസ്ട്രേഡ് തപാലിന് 25 രൂപയാണ് ഫീസ്. തിരഞ്ഞെടുപ്പ് സംബന്ധിച്ച അറിയിപ്പ് 32 ലക്ഷം യോഗം അംഗങ്ങൾക്ക് രജിസ്ട്രേഡ് ആയി അയയ്ക്കാൻ എട്ടുകോടി രൂപ വേണ്ടിവരും. ബാക്കി ചെലവുകൾ എത്ര ഭീകരമായിരിക്കും. സർക്കാരുകൾക്ക് പോലും ഇടയ്ക്കിടെയുള്ള തിരഞ്ഞെടുപ്പുകളുടെ ചെലവ് താങ്ങാനാകുന്നില്ല. പിന്നെങ്ങനെ എസ്.എൻ.ഡി.പി യോഗത്തിന് താങ്ങാനാകും. കേരളമെമ്പാടും ബൂത്തുകൾ സജ്ജമാക്കി പോളിംഗ് ഓഫീസർമാരെയും നിയോഗിച്ചുള്ള ഒറ്റതിരഞ്ഞെടുപ്പിലൂടെ തന്നെ യോഗം കടത്തിലാകും. യോഗത്തെ ഈ അവസ്ഥയിലെത്തിക്കുകയാണ് പ്രാതിനിദ്ധ്യ സംവിധാനത്തിനെതിരെ കോടതിയെ സമീപിച്ചവരുടെ ലക്ഷ്യം.

പിന്നാക്കവിഭാഗങ്ങൾക്ക് വേണ്ടി എസ്.എൻ.ഡി.പി യോഗം നിരന്തരം ശബ്ദമുയർത്തുന്നത് രാഷ്ട്രീയ പാർട്ടികളെയും ചില സമുദായ സംഘടനകളെയും ചൊടിപ്പിക്കുന്നുണ്ട്. അവർ യോഗത്തെ തകർക്കാൻ അവസരം കാത്തിരിക്കുകയാണ്. പ്രാതിനിദ്ധ്യ സംവിധാനം ഇല്ലാതാകുന്നതോടെ ശാഖകളുടെ പ്രസക്തി നഷ്ടമായി രാഷ്ട്രീയ പർട്ടികളുടെയും ഇതര മത, സമുദായങ്ങളുടെയും ഇടപെടൽ യോഗം തിരഞ്ഞടുപ്പിലുണ്ടാകും. യോഗത്തെ തകർക്കാൻ വട്ടമിട്ട് പറക്കുന്ന സവർണസമുദായ സംഘടനകളും ന്യൂനപക്ഷ രാഷ്ട്രീയ പാർട്ടികളുമായി ചേർന്നുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് പ്രാതിനിദ്ധ്യ സംവിധാനത്തിനെതിരെ കോടതിയെ സമീപിച്ചതെന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഈ കുത്സിത നീക്കങ്ങൾ തകർക്കുന്നത് പിന്നാക്ക ജനവിഭാഗങ്ങളുടെ അവകാശ പോരാട്ടങ്ങളെയാകും.

സർക്കാർ മേഖലയിലെ സുപ്രധാന സ്ഥാനങ്ങളെല്ലാം കൈക്കലാക്കാൻ സവർണ, ന്യൂപക്ഷ സമുദായങ്ങൾ ഒരുമിച്ച് നിൽക്കുകയാണ്. അതേസമയം ഈഴവർ തമ്മിലടിച്ച് സ്വയം നശിക്കുകയാണ്. സ്വന്തം സമുദായക്കാരെ കുഴിയിൽ തള്ളിയിടാൻ ശ്രമിക്കുകയാണ്. അതവസാനിപ്പിക്കണം. കോഴഞ്ചേരി പ്രസംഗത്തിന്റെ ഓർമ്മദിനത്തിൽ ഐക്യചിന്ത നമ്മിൽ നിറയണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOZHENCHERI PRASANGAM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.