SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.35 PM IST

അവാച്യാനുഭൂതികളുടെ ഹംസധ്വനി

photo

അതുല്യ സംഗീതജ്ഞൻ ശിവകുമാർ ശർമ്മയുടെ വിടവാങ്ങൽ,സന്തൂർ എന്ന മദ്ധ്യേഷ്യൻ വാദ്യോപകരണത്തിന്റെ ഗമകസാദ്ധ്യതകൾ കണ്ടെത്തി അവതരിപ്പിച്ച കലാപ്രതിഭയുടെ തിരോധാനമാണ്. ഷെഹനായിയുടെ ബിസ്മില്ലാഖാൻ, മാൻഡൊലിൻ ശ്രീനിവാസ്, ഫ്ളൂട്ട് മാലി, ടി.എൻ രാജരത്തിനം, എം.ഡി.ആർ, അന്നപൂർണ, കിശോരി അമോങ്കർ തുടങ്ങിയ അന്യാദൃശ പ്രതിഭകളുടെ നിരയിലാണ് ശിവകുമാർജി. നാടോടിവാദ്യമായി ജമ്മുവിൽ പ്രചാരത്തിലുണ്ടായിരുന്ന സന്തൂറിനെ ശാസ്ത്രീയ സംഗീതവേദിയിലേക്ക് കൈപിടിച്ചുയർത്തിയത് അദ്ദേഹമാണ്. അതിനായി ശതതന്ത്രിവീണയിൽ ചില മാറ്റങ്ങളും കൊണ്ടുവന്നു. അതുല്യ കലാകാരനും സംഗീതോപകരണ പരിഷ്‌ക്കർത്താവുമെന്ന് അദ്ദേഹം ചരിത്രത്തിൽ അടയാളപ്പെടുന്നു. അദ്ദേഹത്തിന്റെ സ്വന്തവും ഹരിപ്രസാദ് ചൗരസ്യയുമായി ചേർന്നുള്ളതുമായ കച്ചേരികൾ കേട്ട ഓർമ്മ അവാച്യ അനുഭൂതിയാണ്. അദ്ദേഹം മലയാളികളെ ആനന്ദിപ്പിക്കാൻ മറക്കാതെ അവതരിപ്പിക്കാറുള്ള ഹംസധ്വനിയും.
2019 മേയ് 19 ന് ബാഗ്ലൂരിലെ രവീന്ദ്രകലാക്ഷേത്രയിൽ വച്ച് ഹരിപ്രസാദ് ചൗരസ്യക്കൊപ്പം 'സ്വരലയ' പുരസ്‌കാരം നൽകിയപ്പോഴായിരുന്നു ഒടുവിൽ കണ്ടത്. ചടങ്ങിൽ ഉമയാൾപുരം ശിവരാമൻജി ശിവഹരിമാരുമായി സ്‌നേഹം പങ്കിട്ടതും ഓർക്കുന്നു. കലാകാരന്മാർ നന്മയുടെ പക്ഷത്തു ചേർന്നുനിൽക്കണമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നു. പാലക്കാട് നടത്തിയ മാനവമൈത്രീ സംഗീതികയിലും ഘോഷയാത്രയിലും ശിവകുമാർജി ഉത്സാഹപൂർവ്വം പങ്കെടുത്തു.
1998 ജനുവരി 13 വൈകുന്നേരം. ശിവകുമാർജിയുടെ സ്‌നേഹമസൃണമായ ക്ഷണം വഴി ഒരിക്കലും മറക്കാനാവാത്ത സംഗീതസാന്ദ്ര നിമിഷങ്ങൾ എനിക്കു ലഭിച്ചു. ബോംബെയിൽ നടന്ന അദ്ദേഹത്തിന്റെ 60 ാം പിറന്നാൾ ആഘോഷമായിരുന്നു സന്ദർഭം. ഭീംസെൻ ജോഷിജിയുടെ കച്ചേരിയായിരുന്നു ഉദ്ദേശിച്ചിരുന്നത്. ചില അസൗകര്യങ്ങൾ മൂലം അദ്ദേഹത്തിന് പാടാനായില്ല. സംഗീതലോകത്തെ സകല മഹാപ്രതിഭകളും പുതുതലമുറയിലെ നവവാഗ്ദാനങ്ങളും എത്തിയിരുന്നു. പണ്ഡിറ്റ് ജസ് രാജും ഉസ്താദ് സാക്കിർഹുസൈനും അവരുടെ ഏറ്റവും മികച്ച സംഗീതമാണ് അവതരിപ്പിച്ചത്. ഭീംസെൻ ജോഷിക്ക് വരാനാവാതെ പോയതിലുള്ള പകരം പാട്ടെന്ന് തോന്നരുതെന്ന കരുതലും, തങ്ങളുടെ പ്രിയസംഗീതജ്ഞൻ ശിവകുമാർ ശർമ്മക്കുള്ള ഷഷ്ട്യബ്ദപൂർത്തി ഉപഹാരമെന്ന വികാരവും സദസ്സ് തൊണ്ണൂറ്റൊൻപതു ശതമാനവും സംഗീതവിദ്വാൻമാരാൽ നിറഞ്ഞിരിക്കുന്നു എന്ന തിരിച്ചറിവും ചേർന്നാവണം ആ സായാഹ്നം ശിവകുമാർജിയ്‌ക്കെന്ന പോലെ അവിടെയെത്തിയവരുടെ ജീവിതത്തിലും സംഗീതനിർവൃതി നിറച്ചത്.
സിൽസിലയിലെയും ചാന്ദ്നിയിലേയും ലംഹേയിലേയും ദർലേയും ശിവഹരിമാരുടെ ഗാനങ്ങൾ എങ്ങനെ മറക്കാൻ. അവിസ്മരണീയ സംഗീതസാന്നിദ്ധ്യമായി ശിവകുമാർജി എന്നും സുമനസ്സുകൾക്കൊപ്പം... പ്രണാമം പ്രിയ സംഗീതമേ...

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PANDIT SHIVKUMAR SHARMA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.