SignIn
Kerala Kaumudi Online
Friday, 19 April 2024 5.38 AM IST

ലോട്ടറി വകുപ്പിന്റെ ഇടങ്കോൽ

photo

ജപ്‌തിഭീഷണി വരുമ്പോൾ വീട് വിൽക്കാൻ നടക്കുന്നവന്റെ അവസ്ഥ അതനുഭവിച്ചവർക്ക് മാത്രമേ അറിയാവൂ. ഗതികെട്ട് വിൽക്കാൻ ശ്രമിക്കുന്നവന്റെ വസ്‌തുവും വീടും വില പരമാവധി ചവിട്ടിത്താഴ്‌ത്തി വാങ്ങാൻ കാത്തിരിക്കുന്ന കഴുകന്മാരും ഈ നാട്ടിലുണ്ട്. ഇതൊക്കെ ജനപ്രതിനിധികൾക്കും മന്ത്രിമാർക്കുമൊക്കെ അറിയാം. പക്ഷേ ഭരണത്തിൽ വരുമ്പോൾ മനുഷ്യത്വരഹിതമായ ചില നിയമം നടപ്പാക്കലുകൾ സൗകര്യപൂർവം കണ്ടില്ലെന്ന് നടിക്കും. അതിന്റെ പേരിൽ ആരെങ്കിലും ആത്മഹത്യ ചെയ്താൽ പിറ്റേന്ന് പരിവാരസമേതം മന്ത്രി തന്നെ വീട്ടിലെത്തി പ്രശ്നം പരിഹരിക്കും. കെട്ടിടങ്ങളുടെ ലൈസൻസ് ആയാലും ഭൂമി തരംതിരിക്കൽ ആയാലും പരാതിക്കാരൻ ജീവൻ വെടിയാതെ നിയമത്തിന്റെ തുരുമ്പിച്ച വാതിലുകൾ തുറക്കാറില്ല. കേരള ബാങ്കിന്റെ ജപ്‌തിഭീഷണി കാരണമാണ് വട്ടിയൂർക്കാവ് സ്വദേശികളായ അജോയും അന്നയും വീട് വിൽക്കാൻ തീരുമാനിച്ചത്. കടത്തിൽപ്പെട്ട് വീട് വിൽക്കാൻ ശ്രമിക്കുമ്പോൾ വില പരമാവധി താഴ്‌ത്തിയാവും ആളുകൾ പറയുക. ആ തുകയ്ക്ക് വിറ്റാൽ കടം തീരുകയുമില്ല. വട്ടിയൂർക്കാവിലെ ദമ്പതികളുടെ വീടിന്റെ ബ്രോക്കർമാർ ഒന്നിച്ചുചേർന്ന് വില പരമാവധി കുറച്ച് പറഞ്ഞു. മൂന്ന് കിടപ്പുമുറികളുള്ള വീട് മൂന്നുവർഷം മുൻപ് 45 ലക്ഷം രൂപയ്ക്കാണ് ഇവർ വാങ്ങിയത്. വീട് വാങ്ങാൻ വായ്‌പയെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതാണ് ജപ്തിക്കിടയാക്കിയത്. അക്കൗണ്ടന്റായിരുന്ന ഗൃഹനാഥന് അപകടത്തിൽ പരിക്കേറ്റ് കണ്ണിന് കാഴ്‌ച കുറഞ്ഞതോടെ ജോലി പോയി. ഹോംങ്കോങിൽ എൻജിനിയറായിരുന്ന ഭാര്യയ്ക്ക് കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടു. പുതിയ ജോലി കണ്ടെത്താനുമായില്ല. ഇങ്ങനെ വരുമാനം നിലച്ചതോടെയാണ് തിരിച്ചടവ് മുടങ്ങിയത്. തുടർന്നാണ് വീട് വിറ്റ് 32 ലക്ഷം രൂപയുടെ ബാദ്ധ്യത തീർക്കാനൊരുങ്ങിയത്.

ഇപ്പോഴത്തെ വിലയ്ക്ക് 75 ലക്ഷമെങ്കിലും കിട്ടേണ്ട വീടിന് 55 ലക്ഷം രൂപയാണ് ലഭിച്ച ഏറ്റവും കൂടിയ വാഗ്ദാനം. ഇതേത്തുടർന്നാണ് ഇവർ കൂപ്പൺ വില്പനയിലൂടെ വീട് വിൽക്കാൻ തീരുമാനിച്ചത്. 2000 രൂപയുടെ 3700 കൂപ്പണാണ് ഇവർ തയ്യാറാക്കിയത്. എല്ലാ കൂപ്പണും പോയാലും 75 ലക്ഷത്തിനകത്തുള്ള തുകയേ ലഭിക്കൂ. അമിത ലാഭത്തിനുള്ള ശ്രമമൊന്നും നടത്തിയിട്ടില്ല. നറുക്കെടുപ്പിൽ ഒരു ഭാഗ്യവാന് 75 ലക്ഷത്തിന്റെ വീട് വെറും 2000 രൂപയ്ക്കാണ് ലഭിക്കുന്നത്. വീട് കിട്ടാതെ 2000 രൂപ നഷ്ടപ്പെട്ടവർക്കും വിഷമിക്കേണ്ടതില്ല. ഒരു കുടുംബത്തെ കടക്കെണിയിൽ നിന്ന് രക്ഷപ്പെടുത്തിയ പുണ്യപ്രവൃത്തിയിൽ സമാശ്വസിക്കാം.

ഇതിലൂടെ സർക്കാരിന് രണ്ടുരീതിയിൽ പണം കിട്ടും. ഒന്നാമത് സഹകരണ ബാങ്കിന്റെ വായ്‌പ പലിശ സഹിതം തിരിച്ചുകിട്ടും. രണ്ടാമത് കുറിയടിച്ച വ്യക്തി വസ്‌തുവും വീടും എഴുതിക്കുമ്പോൾ രജിസ്ട്രേഷൻ ഫീസായും ലക്ഷങ്ങൾ കിട്ടും.

നേരെ ചൊവ്വേ പ്രവർത്തിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ഏതൊരു സർക്കാരും ഈ രീതി പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. ലക്ഷക്കണക്കിന് പേർ ലോട്ടറിയെടുക്കുമ്പോൾ എത്രപേർക്ക് സമ്മാനം ലഭിക്കുന്നുണ്ട് ? 3700 പേരിൽ ഒരാൾക്ക് ഒരു വീടാണ് ലഭിക്കുന്നത്. അത് തടയാനാണ് നിയമവും പറഞ്ഞ് ലോട്ടറി വകുപ്പ് രംഗത്തെത്തിയത്. ഇവർക്ക് വേറെ പണിയൊന്നുമില്ലേ എന്ന് സാധാരണക്കാരന് തോന്നും. സർക്കാർ ഇതൊരു അവസരമായിക്കണ്ട് കൂപ്പൺ വില്പനയിലൂടെ വീട് വിൽക്കാൻ അനുവദിക്കുന്ന ഓർഡിനൻസ് ഇറക്കുകയാണ് വേണ്ടത്. ഗത്യന്തരമില്ലാത്ത ഒരു കുടുംബത്തെ ആത്മഹത്യയുടെ മുനമ്പിലേക്ക് തള്ളിവിടാനൊരുങ്ങുന്ന ലോട്ടറി വകുപ്പിന് ഒരു കാരണവശാലും സർക്കാർ കുടപിടിക്കരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SELLING HOUSE VIA COUPON
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.