തിരുവനന്തപുരം: ശബരിമലയിൽ പതിനെട്ടാം പടിക്ക് ഫോൾഡിംഗ് റൂഫ് നിർമ്മിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 53 ലക്ഷം രൂപ ചെലവ് വരുന്ന താത്കാലിക മേൽക്കൂരയുടെ നിർമ്മാണക്കരാർ സ്വകാര്യ കമ്പനിക്കാണ്. നിർമ്മാണം ഉടൻ ആരംഭിക്കും. പെരുനാട് പഞ്ചായത്ത് പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ചാൽ ശബരിമലയിലെ നിർമ്മാണ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും.
കഴിഞ്ഞ സീസണിൽ വരുമാനം 154 കോടിയായിരുന്നു. വിഷുവിന് 10 കോടിയും ലഭിച്ചു. 2017ലെ സീസണിൽ 350 കോടിക്ക് മുകളിലായിരുന്നു വരുമാനം. കെട്ടിടങ്ങൾ വാടകയ്ക്ക് നൽകുന്നത് കൂടാതെ വാടകയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ ഹൈക്കോടതിയെ സമീപിക്കും.
ശബരിമലയിലെ മൂന്ന് ഗസ്റ്റ് ഹൗസുകളും നവീകരിക്കും. മരാമത്ത് വിഭാഗത്തിലെ ക്രമക്കേടുകൾ ദേവസ്വം വിജിലൻസ് അന്വേഷിക്കുന്നത് കൂടാതെ ചിലതിന്റെ അന്വേഷണം സംസ്ഥാന വിജിലൻസിന് കൈമാറിയിട്ടുണ്ട്. വെർച്വൽ ക്യൂ ഒഴിവാക്കുന്ന കാര്യം സർക്കാരുമായി ആലോചിക്കും.
ബോർഡിന്റെ അന്യാധീനപ്പെട്ട വസ്തുവകകൾ തിരിച്ചുപിടിക്കും. വാരാണസിയിലെ ഗസ്റ്റ് ഹൗസ് നവീകരിച്ച് ഭക്തർക്ക് തുറന്നു കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബോർഡംഗം പി.എം. തങ്കപ്പനും ചീഫ് എൻജിനിയർ അജിത് കുമാറും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.