SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.19 PM IST

ശക്തന്റെ തട്ടകത്ത് പൂരപെയ്ത്ത്: എന്തൊരു തിരക്ക്...

1

തൃശൂർ: ശക്തന്റെ തട്ടകത്ത് പൂരപ്പെയ്ത്ത് തുടങ്ങി, ആനച്ചന്തവും മേളപ്പെരുക്കവും പഞ്ചവാദ്യത്തിന്റെ തിരുമധുരവും നുകർന്ന് പൂരത്തിൽ ലയിക്കുകയായിരുന്നു ജനസഹ്രസങ്ങൾ. ശ്രവ്യദൃശ്യവർണത്തിൽ ആറാടി പൂരാവേശത്തിൽ നിറഞ്ഞു നിന്നു വടക്കുന്നാഥന്റെ മണ്ണ്.

കണ്ണിനും കാതിനും കുളിർമയേകി പൂരനഗരിയുടെ നാട്ടിടവഴികളിലെല്ലാം വാദ്യവിസ്മയം ചൊരിഞ്ഞ് ദേവീദേവൻമാരുടെ എഴുന്നള്ളിപ്പ്. തലയെടുപ്പുള്ള ഗജവീരൻമാരും കൊട്ടിത്തഴമ്പിച്ച വാദ്യകലാകാരൻമാരും പൂരനഗരയിൽ സമ്മേളിച്ചപ്പോൾ കൊവിഡ് മഹാമാരി കടന്നുള്ള പൂരം ശക്തന്റെ തട്ടകത്ത് പൊരിഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് പൂരത്തിന്റെ സർവംസാക്ഷിയായ വടക്കുന്നാഥന്റെ ശ്രീമൂല സ്ഥാനത്ത് പാറമേക്കാവ് - തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിയുന്നത് വരെ നീളുന്ന വർണങ്ങളുടെ ഉത്സവത്തിൽ ഇത്തവണ മുൻകാലങ്ങളേക്കാൾ പതിൻമടങ്ങ് ജനക്കൂട്ടമാണ് വന്നണഞ്ഞത്. പതിവിൻ നിന്ന് വിപരീതമായി ഇന്നലെ രാവിലെ മുതൽ വൻതിരക്കാണ് അനുഭവപ്പെട്ടത്.
ഇന്നലെ പുലർച്ചെയും രാവിലെയും പൂരത്തിന് ആശങ്കയായി മഴ പെയ്‌തെങ്കിലും അതൊന്നും കൂസാതെയായിരുന്നു പുരുഷാരത്തിന്റെ ഒഴുക്ക്. പത്ത് മണിയാകുമ്പോഴേക്കും തേക്കിൻകാട് മൈതാനം ജനനിബിഡമായി. മഠത്തിൽ നിന്ന് വരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറ മേളവുമായപ്പോഴേക്കും സൂചികുത്താൻ ഇടമില്ലാത്ത തരത്തിൽ പുരുഷാരം നിറഞ്ഞു. വൈകീട്ട് തൃശൂർ പൂരത്തിന്റെ മാസ്റ്റർ പീസായ കുടമാറ്റമായപ്പോഴേക്കും തിരക്ക് നിയന്ത്രണാതീതം.
ഇന്നലെ രാവിലെ കണിമംഗലം ശാസ്താവിന്റെ വടക്കുന്നാഥനിലേക്കുള്ള വരവോടെ പൂരനഗരി ഉണർന്നു. പിന്നെ മതിവരാക്കാഴ്ചകളുടെ ലോകത്തായിരുന്നു പുരുഷാരം. സ്ത്രീകളും കുട്ടികളും അടക്കമുള്ള അനേകായിരങ്ങൾ പൂരത്തിൽ അലിഞ്ഞുചേർന്നു. കണിമംഗലം ശസ്താവിന്റെ പൂരം ശ്രീമൂല സ്ഥാനത്ത് കൊട്ടിക്കലാശിച്ചതോടെ മറ്റ് ഘടകപൂരങ്ങളുടെ വരവായി. പഞ്ചവാദ്യവും മേളവുമായി വടക്കുംനാഥന്റെ പടിഞ്ഞാറെ നടയിലൂടെയും കിഴക്കെനടയിലൂടെ തെക്കെഗോപുര നടയിലൂടെയും ദേവി ദേവൻമാർ പ്രവശിച്ചപ്പോൾ കൂട്ടായി പൂരപ്രേമികളും ഒപ്പം കൂടി.

  • പ്രൗഢിയോടെ ഭഗവതിമാരുടെ എഴുന്നള്ളിപ്പ്

പ്രൗഢിയോടെയായിരുന്നു തിരുവമ്പാടി - പാറമേക്കാവ് ഭഗവതിമാരുടെ എഴുന്നള്ളിപ്പ്. തൃശൂർ പൂരത്തിൽ പങ്കെടുക്കുന്നതിന് തിരുവമ്പാടി ഭഗവതി രാവിലെ തന്നെ പുറപ്പെട്ടപ്പോൾ ഉച്ചയ്ക്കാണ് പാറമേക്കാവ് ഭഗവതി എഴുന്നള്ളിയത്. തിരുവമ്പാടി ഭഗവതി ക്ഷേത്രത്തിൽ നിന്ന് കിഴക്കൂട്ട് അനിയൻ മാരാരുടെ മേളത്തോടെ തിരുവമ്പാടി കണ്ണന്റെ ശിരസിലേറിയാണ് മഠത്തിലേക്ക് പുറപ്പെട്ടത്. വഴിനീളെ ഭക്തരുടെ പറകൾ സ്വീകരിച്ച് മൂന്നാനകളോടെ മഠത്തിലെത്തി ഇറക്കിപൂജ കഴിഞ്ഞാണ് മഠത്തിൽ നിന്ന് പുറപ്പെട്ടത്.

പൂരത്തിലെ ഗജകേസരി തിരുവമ്പാടി ചന്ദ്രശേഖരന്റെ ശിരസിലേറിയായിരുന്നു വടക്കുന്നാഥനിലേക്കുള്ള വരവ്. അതും കോങ്ങാട് മധുവിന്റെ വാദ്യവിസ്മയം ചൊരിയുന്ന പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ. പാറമേക്കാവ് ഭഗവതിയുടെ പുറപ്പാട് പതിനഞ്ച് ആനകളോടെ സർവാഭാരണ വിഭൂഷിതയായി രാജകീയമായിട്ടായിരുന്നു പാറമേക്കാവ് ഭഗവതി പൂരം എഴുന്നള്ളിപ്പ്. പാറമേക്കാവ് പത്‌നാഭനായിരുന്നു തിടമ്പേറ്റിയത്. മേളത്തിന് പെരുവനം അകമ്പടിയായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.