ന്യൂഡൽഹി: എപ്പോഴും എന്തുകൊണ്ടാണ് സിബിഎസ്ഇയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഐഐടി, ഐഐഎം, ജെഇഇ തുടങ്ങിയ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷന് മുൻതൂക്കം കിട്ടുന്നു? നിങ്ങൾക്ക് പരിചയമുള്ള പല രക്ഷിതാക്കളും ചോദിച്ചിട്ടുള്ള സംശയമാകാം ഇത്. ഈ ആശങ്ക സത്യമാണോ? അതിനെ കുറിച്ച് വസ്തുനിഷ്ടമായി പഠിച്ച് രംഗത്തെത്തിയിരിക്കുയാണ് മഹേശ്വർ പെരി എന്നയാൾ. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ കണ്ടെത്തലുകൾ പങ്കുവച്ചിരിക്കുന്നത്.
ഇന്ത്യയിലാകമാനം അമ്പതിലധികം ബോർഡുകളുടെ നേതൃത്വത്തിലാണ് സ്കൂൾ വിദ്യാഭ്യാസം നടക്കുന്നത്. സിബിഎസ്ഇ അതിലൊന്നു മാത്രമാണ്. 15,09,136 സ്കൂളുകളാണ് ഇന്ത്യയിലുള്ളത്. ഇതിൽ സീനിയർ സെക്കൻഡറി സ്കൂളുകളുടെ എണ്ണം 1,44,088 ആണ്. അതിൽതന്നെ 15482 സ്കൂളുകൾ സിബിഎസ്ഇയും, 1,19,717 സ്കൂളുകൾ അതാത് സംസ്ഥാനങ്ങളുടെ ബോർഡിന് കീഴിലുള്ളതുമാണ്. പിന്നീട് വരുന്നവയാണ് ഐബി, ഐസിഎസ്ഇ എന്നിവയ്ക്ക് കീഴിലുള്ളവ.
'കരിയർ 360' എന്ന കരിയർ കൗൺസിലിംഗ് പ്ളാറ്റ്ഫോം സംഘടിപ്പിച്ച സർവേ പ്രകാരം, സിബിഎസ്ഇയ്ക്ക് 13.04 ലക്ഷം വിദ്യാർത്ഥികളുണ്ട്. 2020,21 വർഷങ്ങളിലായി ഐഐടി, ഐഐഎം, ജെഇഇ എന്നിവയിൽ അഡ്മിഷൻ ലഭിച്ചവരിൽ സിബിഎസ്ഇക്കാരുടെ എണ്ണം 59 ശതമാനമാണ്. 35 ശതമാനം മാത്രമാണ് സംസ്ഥാനബോർഡുകളിൽ നിന്നുള്ളത്.
രാജ്യത്തെ വിദ്യാഭ്യാസം നിരവധി ബോർഡുകളുടെ കീഴിലാണെങ്കിലും 77 ശതമാനം സിബിഎസ് സ്കൂളുകളും തങ്ങളുടെ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിനുതകുന്ന കോച്ചിംഗുകൾ നൽകി വരുന്നുണ്ട്. അതുകൊണ്ടുതന്നെ നിലവിലെ സാഹചര്യത്തിൽ മുകളിൽ പറഞ്ഞ ഏതെങ്കിലും ഉന്നതവിദ്യാഭ്യാസ കേന്ദ്രമാണ് ലക്ഷ്യമെങ്കിൽ കുട്ടികൾ സിബിഎസ്ഇ തന്നെ പിന്തുടരുന്നതാണ് നല്ലതെന്ന് മഹേശ്വർ അഭിപ്രായപ്പെടുന്നു.