SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.11 PM IST

കല്ലുകടിയായി വേനൽപ്പെയ്ത്ത്

mazha

തൃശൂർ: തൃശൂർ ഇന്നേവരെ കാണാത്ത ജനം പൂരത്തിനെത്തി ചരിത്രമാകുമ്പോൾ, വരാനിരിക്കുന്ന പൂരങ്ങളെച്ചൊല്ലിയുള്ള ആശങ്കകളിൽ പ്രധാനം കാലാവസ്ഥാ മാറ്റമാണ്. മുൻകാലങ്ങളിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ ഇതുപോലെ മഴ ഇല്ലാത്തത് കൊണ്ട് പൊരിവെയിലത്തായിരുന്നു തൃശൂർ പൂരം കൊണ്ടാടാറുള്ളത്. എന്നാൽ അടുത്തകാലത്തായി മഴ വെല്ലുവിളിയായി തുടരുകയാണ്.
വെടിക്കെട്ട് മാറ്റിവയ്‌ക്കേണ്ട അവസ്ഥയും ഈയാണ്ടിലുണ്ടായി. പതിനായിരക്കണക്കിന് കാണികളെയാണ് അത് നിരാശപ്പെടുത്തിയത്. അന്യനാടുകളിൽ നിന്ന് തമ്പടിച്ചിരുന്നവർക്കാണ് മഴ കല്ലുകടിയായത്. വൈകിട്ട് കനത്ത മഴ പെയ്തിരുന്നെങ്കിൽ കുടമാറ്റവും ത്രിശങ്കുവിലാകുമായിരുന്നു. കുടമാറ്റത്തിന്റെ അവസാനസമയത്ത് പെയ്ത മഴ, ജനക്കൂട്ടത്തെ ആശങ്കപ്പെടുത്തി.

ജനങ്ങൾ ഓടിമാറിയിരുന്നെങ്കിൽ പൊലീസിന് നിയന്ത്രിക്കാനാവാതെ അപകടങ്ങൾക്ക് വഴിയൊരുക്കുമായിരുന്നു. പക്ഷേ, പൂരത്തിന്റെ ആവേശത്തിൽ ജനക്കൂട്ടം ഇളകാതെ നിലകൊണ്ടത് ആശ്വാസമായി. അടുത്ത വർഷത്തെ പൂരം ഏപ്രിൽ 30നാണ്. ഈ വർഷം ഏപ്രിലിലും മഴ ഒഴിഞ്ഞിരുന്നില്ല. അതുകൊണ്ട് വെടിക്കെട്ടും കുടമാറ്റവും എഴുന്നള്ളിപ്പും മേളങ്ങളുമെല്ലാം നടത്താൻ മഴയെ മുൻകൂട്ടി കണ്ട് വിപുലമായ ആസൂത്രണം വേണ്ടി വരുമെന്നാണ് പൂരപ്രേമികളും ഉദ്യോഗസ്ഥരും അഭിപ്രായപ്പെടുന്നത്. വലിയ മുന്നൊരുക്കങ്ങളും നടത്തേണ്ടതായി വരും. മുൻ വർഷങ്ങളിലേത് പോലെ വെടിക്കെട്ടിനെയോ ആന എഴുന്നെള്ളിപ്പിനെയോ സംബന്ധിച്ച് തർക്കങ്ങളും ഉദ്യോഗസ്ഥരുമായുള്ള ഭിന്നതയും ഈയാണ്ടിലുണ്ടായില്ല. എല്ലാം ഭംഗിയായി നടക്കുമ്പോഴായിരുന്നു മഴ വില്ലനായത്.

മഴക്കുളിര് ആശ്വാസവും

പുലർച്ചെ വെടിക്കെട്ടിന്റെ സുന്ദരക്കാഴ്ചകൾ നഷ്ടപ്പെടുത്തിയെങ്കിലും പകൽപ്പൂരത്തിന് മഴക്കുളിര് ആശ്വാസമായി. പൊരിവെയിലത്ത് നടക്കാറുള്ള വിടചൊല്ലൽ മഴനിഴലിലായിരുന്നു. ചൂട് കുറഞ്ഞത് ആനകൾക്കും ആശ്വാസമായി. രാത്രി പൂരം ഘടകക്ഷേത്രങ്ങൾ ആരംഭിച്ചെങ്കിലും പാതിവഴിയിൽ മഴയെത്തിയത് ദുരിതത്തിലാക്കി. ലാലൂർ കാർത്യായനി ഭഗവതിയുടെയും അയ്യന്തോൾ ഭഗവതിയുടെയും മേളവും പാതിവഴിയിൽ അവസാനിപ്പിച്ചു. മഴയെ ചൊല്ലിയുള്ള ആശങ്ക തുടക്കം മുതൽ വിടചൊല്ലൽ വരെ എല്ലാവരിലും ഉണ്ടായിരുന്നുവെന്ന് ചുരുക്കം.

30 മണിക്കൂറിനപ്പുറം പൂരം

പൂരദിവസം രാവിലെ ആറ് മുതൽ വിടചൊല്ലുന്ന ഉച്ചയ്ക്ക് 12 വരെ 30 മണിക്കൂർ മാത്രമാണ് പൂരമെന്നാണ് പറയാറുള്ളത്. പക്ഷേ വെടിക്കെട്ട് മാറ്റിയതോടെ പൂരം വീണ്ടും നീണ്ടു. വിട ചൊല്ലലും പകൽ വെടിക്കെട്ടും കഴിഞ്ഞിട്ടും ജനങ്ങൾ പൂരപ്പറമ്പിൽ അലഞ്ഞു നടന്നു. തലേദിവസത്തെ പൂരത്തിന് വിരുന്നെത്തിയവരെ ഊട്ടി വീടുകളിൽ ഒതുങ്ങിപ്പോയ കുടുംബിനികൾക്കുള്ളതാണ് പകൽപ്പൂരമെന്നാണ് വിശ്വാസം. രണ്ട് വർഷം പൂരം നഷ്ടമായതിന്റെ നിരാശ മറയ്ക്കാൻ, പൂരപ്പറമ്പ് വിട്ടുപോകാതെ ആ ആവേശത്തിൽ അവർ അലിയുകയായിരുന്നു. കാഴ്ചയുടെയും കേൾവിയുടെയും വിരുന്നിന് നന്ദി പറഞ്ഞും പൂരക്കഞ്ഞി കുടിച്ചും ഒരു കൂട്ടം കാഴ്ചക്കാർ വേർപിരിഞ്ഞു. പാറമേക്കാവ് ഭഗവതി വടക്കുന്നാഥ ക്ഷേത്രത്തിനകത്തേക്ക് കടന്ന് കൊക്കർണി പറമ്പിലെ ആറാട്ടിന് ശേഷം ക്ഷേത്രത്തിലേക്കും തിരുവമ്പാടി ഭഗവതി വടക്കുന്നാഥനെ വണങ്ങി മഠത്തിലേക്കും ആറാട്ടിനായി മടങ്ങി. ഇനി, അടുത്തപൂരത്തിനായുള്ള കാത്തിരിപ്പ്...

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, KALLUKADI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.