ഷിംല: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പണ്ഡിറ്റ് സുഖ്റാം (94) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടർന്ന് എയിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മേയ് നാലിനാണ് മസ്തിഷ്കാഘാതത്തെ തുടർന്ന് അദ്ദേഹത്തെ മാണ്ഡിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ദ്ധ ചികിത്സയ്ക്കായി ഡൽഹി എയിംസിലേക്ക് മാറ്റി.
1984ൽ ഹിമാചൽപ്രദേശിലെ മാണ്ഡി മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് അദ്ദേഹം ആദ്യം ലോക്സഭയിലെത്തിയത്. 1993-1996ൽ കേന്ദ്ര വാർത്താവിതരണ മന്ത്രിയായിരുന്നു. 2011ൽ അഴിമതിക്കേസിൽ അദ്ദേഹത്തെ അഞ്ചുവർഷം തടവിന് ശിക്ഷിച്ചിരുന്നു. 1963 മുതൽ 1984വരെ മാണ്ഡി മണ്ഡലത്തെ പ്രതിനിധീകരിച്ച് അദ്ദേഹം നിയമസഭയിലെത്തി. രാജീവ് ഗാന്ധി മന്ത്രിസഭയിൽ ജൂനിയർ മന്ത്രിയായിരുന്നു. സുഖ്റാമിന്റെ മകൻ അനിൽ ശർമ മാണ്ഡിയിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എയാണ്.