തിരുവനന്തപുരം: ലാ അക്കാഡമി ലാ കോളേജിൽ എൽ.എൽ.ബി പരീക്ഷയിൽ കോപ്പിയടിച്ച പൊലീസ് ട്രെയിനിംഗ് കോളേജിലെ സീനിയർ ലാ ഇൻസ്പെക്ടർ ആദർശിനെതിരെ വകുപ്പുതല നടപടിയുണ്ടാവും. കേരള സർവകലാശാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സി.ഐയെ സസ്പെൻഡ് ചെയ്തേക്കും. സംഭവത്തെക്കുറിച്ച് പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പലിനോട് ഡി.ജി.പി അനിൽകാന്ത് റിപ്പോർട്ട് തേടി. വകുപ്പുതല അന്വേഷണം ഉടൻ പ്രഖ്യാപിക്കും. പൊലീസിന്റെ സൽപ്പേരിന് കളങ്കം വരുത്തിയതിനാണ് വകുപ്പുതല നടപടിയുണ്ടാവുക. രണ്ടുമാസമായി പഠനാവധിയിലാണ് ആദർശ്.
ലാ അക്കാഡമിയിൽ സായാഹ്ന കോഴ്സ് വിദ്യാർത്ഥിയായ ആദർശ് പബ്ലിക് ഇന്റർനാഷണൽ പേപ്പറിന്റെ പരീക്ഷയിലാണ് കോപ്പിയടിച്ചത്. പരീക്ഷ തുടങ്ങി അരമണിക്കൂറിനകം സർവകലാശാലയുടെ സ്പെഷ്യൽ സ്ക്വാഡ് പരിശോധന നടത്തി സി.ഐയെ കൈയോടെ പിടികൂടുകയായിരുന്നു. കോപ്പിയടിക്കാനുപയോഗിച്ച പുസ്തകം പിടിച്ചെടുത്തു. ഇത് അടുത്തദിവസം പരീക്ഷാ കൺട്രോളർക്ക് കൈമാറും. ആദർശ് എഴുതിയ എല്ലാ പരീക്ഷകളുടെയും ഫലം തടഞ്ഞുവയ്ക്കും. സിൻഡിക്കേറ്റ് ഉപസമിതി ഹിയറിംഗ് നടത്തും. എഴുതിയ എല്ലാ പരീക്ഷകളും റദ്ദാക്കുകയും രണ്ട് പരീക്ഷാ അവസരങ്ങൾ തടയുകയും ചെയ്യും. സി.ഐയ്ക്കൊപ്പം മൂന്ന് വിദ്യാർത്ഥികൾ കൂടി കോപ്പിയടിച്ചതിന് പിടിയിലായിട്ടുണ്ട്.
തൃശൂർ റേഞ്ച് ഐ.ജിയായിരുന്ന ടി.ജെ.ജോസിനെ എം.ജി സർവകലാശാലയുടെ എൽ.എൽ.ബി പരീക്ഷയിൽ കോപ്പിയടിച്ചതിന് 2015ൽ പിടികൂടിയിരുന്നു. വകുപ്പുതല അന്വേഷണത്തിനുശേഷം ക്രമസമാധാന ചുമതലയിൽ നിന്നൊഴിവാക്കി. ജോസിനെ ഒരു വർഷത്തേക്ക് എം.ജി സർവകലാശാല പരീക്ഷകളിൽ നിന്ന് വിലക്കിയിരുന്നു.