SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.40 AM IST

പണ്ഡിറ്റ് ശിവ്‌കുമാർ ശർമ്മ വിടപറയുമ്പോൾ

pandit-shivkumar-sharma

സംഗീത ലോകത്തുനിന്ന് പണ്ഡിറ്റ് ശിവ്‌കുമാർ ശർമ്മ എന്ന അമൂല്യരത്നം അടർന്നുവീണിരിക്കുന്നു. കാശ്‌മീരിലെ നാടോടിവാദ്യോപകരണമായ സന്തൂറിന്റെ മാന്ത്രിക നാദങ്ങളിലൂടെ ശുദ്ധസംഗീതത്തിന്റെ മാസ്‌മരികത പകർന്നുതന്നിട്ടാണ് വിടവാങ്ങൽ.

ശിവ്‌കുമാർ ശർമ്മ ജന്മനാട് മതിക്കുന്ന സംഗീത പ്രതിഭയായി മാറിയത് ഹോമാഗ്‌നിയിൽ ഹവിസ്സെന്ന പോലെ സ്വജീവിതം സന്തൂറിന്റെ തന്ത്രികൾക്കായി സമർപ്പിച്ചുകൊണ്ടായിരുന്നു. പതിമൂന്നാംവയസിൽ സന്തൂർ അഭ്യസിച്ച് തുടങ്ങിയ ഈ കലാകാരൻ സർഗാത്‌മകമായ പ്രതിബദ്ധതയിലൂടെയും പ്രയത്‌നത്തിലൂടെയും ധ്യാനത്തിലൂടെയും സന്തൂർ എന്ന വാദ്യോപകരണത്തിന് കാശ്‌മീർ മുതൽ കന്യാകുമാരി വരെ അനുവാചകരെ സൃഷ്ടിച്ചു. ലോകമാകെ ആ സംഗീതവൈഭവം കേൾവിക്കാരിൽ ഒരിക്കലും നിലയ്ക്കാത്ത ഉൗർജ്ജതരംഗമായി നിലനിൽക്കും. കാൽപ്പനികമായ ചില ലളിതരാഗങ്ങൾ മാത്രം വായിക്കാൻ കഴിയുമായിരുന്ന ഒട്ടേറെ പരിമിതികളുള്ള വാദ്യോപകരണമാണ് യഥാർത്ഥത്തിൽ സന്തൂർ. അല്ലെങ്കിൽ അതുവരെ സന്തൂർ ഉപയോഗിച്ചിരുന്നവർ സംഗീതത്തിന്റെ അദ്വിതീയ അനുഭവങ്ങൾ അതിലൂടെ പകർന്നിരുന്നില്ല. എന്നാൽ ശിവ്‌കുമാർ ശർമ്മ സന്തൂറിലൂടെ പകർന്നത് ഹിന്ദുസ്ഥാനി സംഗീതത്തിന്റെ അപരിമേയ സാദ്ധ്യതകളാണ്. സന്തൂറും വായിക്കുന്ന കലാകാരനും ആസ്വദിക്കുന്ന വ്യക്തിയും ഒരേ നേർരേഖയിലൂടെ സഞ്ചരിക്കുന്ന അനുഭവമാണ് പലപ്പോഴും ഈ അതുല്യ കലാകാരൻ പകർന്നത്. ഷെഹ്‌നായിയിൽ ബിസ്‌മില്ല ഖാനും ഫ്ളൂട്ടിൽ പന്തലാൽ ഘോഷും തബലയിൽ അല്ല രഖായും സാരംഗിയിൽ പണ്ഡിറ്റ് രാം നാരായണും അവർ വാദനം ചെയ്‌ത ഉപകരണങ്ങളുടെ അസ്തിത്വം തങ്ങളുടേതാക്കി പരിവർത്തനം ചെയ്തു. കലയുടെ ഗിരിഗൃംഗങ്ങളിൽ വിഹരിക്കുന്നവർക്ക് മാത്രമേ ഇതൊക്കെ കൈവരൂ. ശതതന്ത്രി വീണാവാദനത്തിലൂടെ കാശ്‌മീരിലെ ഹിമവൽ സാനുവിലേക്കാണ് ശിവ്‌കുമാർ ശർമ്മ സംഗീതപ്രേമികളെ നയിച്ചത്. അതുകൊണ്ട് തന്നെ ഏഴ് ദശാബ്ദത്തിലേറെ നീണ്ട അദ്ദേഹത്തിന്റെ സംഗീതജീവിതം ധന്യതയുടെ ഏടുകളായി നിറഞ്ഞുനിൽക്കുന്നു.

വേദകാലത്ത് മുഞ്ജപ്പുല്ല് കൊണ്ട് നിർമ്മിച്ച വാനവീണ എന്ന വാദ്യോപകരണമാണ് കാലക്രമത്തിൽ ശതതന്ത്രി വീണയായത്. സംഗീതത്തിൽ മാത്രമല്ല ഉപകരണത്തിലും ശിവ്‌കുമാർ ശർമ്മ നവീകരണം വരുത്തി. താഴ്‌വരകളുടെയും പൂക്കളുടെയും കിളികളുടെയും മറ്റും ബാഹ്യസൗന്ദര്യം പകർന്നുതന്നിരുന്ന സന്തൂറിന്റെ തന്ത്രികളിൽ പഹാഡി, കലാവതി തുടങ്ങിയ ലളിത രാഗങ്ങളാണ് പൊതുവെ നാടോടികൾ വായിച്ചിരുന്നത്. ഉപകരണത്തിലും അത് മാസ്‌മരിക വൈഭവത്തോടെ ഉപയോഗിക്കുന്നതിലും വരുത്തിയ മാറ്റത്തോടെ മാർവ, പൂരിയ, ദർബാരി തുടങ്ങിയ ഘനരാഗങ്ങളും അതിന്റെ സമസ്ത ഗാംഭീര്യത്തോടെയും ഈ കലാകാരൻ സന്തൂറിലൂടെ പകർന്നുതന്നു. ആഹിർഭൈരവ്, കീർവാണി, കൗശികാന തുടങ്ങിയ രാഗങ്ങൾ അടങ്ങിയ അദ്ദേഹത്തിന്റെ മീട്ടലുകൾ ശ്രവിച്ചിട്ടുള്ളവർക്ക് അതൊരിക്കലും മറക്കാനാവില്ല.

ശർമ്മയുടെ സന്തൂറും ഹരിപ്രസാദ് ചൗരസ്യയുടെ ഓടക്കുഴലും ബ്രിജ് ഭൂഷൺ കബ്രയുടെ ഗിറ്റാറും ചേർന്ന് ഒരുക്കിയ 'കാൾ ഓഫ് ദ വാലി" ഇന്ത്യൻ സംഗീതലോകം കണ്ട ഏറ്റവും മികച്ച ഹി​റ്റ് ആൽബങ്ങളി​ൽ ഒന്നായി​രുന്നു. ചൗരസ്യയുമായി​ ചേർന്ന് ശി​വ്‌ഹരി​ എന്ന പേരി​ൽ സിൽസില, ചാന്ദ്‌നി​ തുടങ്ങി​യ ഏതാനും ചി​ത്രങ്ങൾക്കും സംഗീതം നൽകി​യെങ്കി​ലും ആ രംഗത്തി​ന്റെ അന്തസാരശൂന്യമായ പൊങ്ങച്ചവെളി​ച്ചത്തി​ൽ അദ്ദേഹം അധി​കകാലം തുടർന്നി​ല്ല.

ആധുനി​കകാലത്ത് അംജദ് അലി​ഖാൻ സരോദി​ലും ഹരി​പ്രസാദ് ചൗരസ്യ പുല്ലാങ്കുഴലി​ലും സക്കീർ ഹുസൈൻ തബലയി​ലും തീർത്ത നാദവി​സ്മയമാണ് ശി​വ്‌കുമാർ ശർമ്മ സന്തൂറി​ൽ തീർത്തത്. അദ്ദേഹത്തി​ന്റെ വേർപാട് അത്രവേഗം കാലത്തി​ന് നി​കത്താനാവില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PANDIT SHIVKUMAR SHARMA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.