അബുദാബി: സമൂഹമാദ്ധ്യമങ്ങളിൽ ആയുധങ്ങൾ പ്രദർശിപ്പിച്ച് വിൽപന നടത്തിയ അബുദാബി സ്വദേശിക്ക് തടവുശിക്ഷ.അബുദാബി ക്രിമിനൽ കോടതിയാണ് ശിക്ഷവിധിച്ചത്. അനധികൃതമായി കൈവശം വച്ച തോക്ക് ഉൾപ്പടെ ആയുധങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രദർശിപ്പിച്ച് ഇയാൾ വിൽപന നടത്തി. ഈ കുറ്റത്തിന് കോടതി ഇയാൾക്ക് 10 വർഷം തടവും ഒരു മില്യൺ ദിർഹം( 2.10 കോടി രൂപ) പിഴയുമാണ് ശിക്ഷ വിധിച്ചത്.
റൈഫിളുകൾ വെടിയുണ്ടകൾ എന്നിവയെല്ലാം അനുമതി കൂടാതെ ഇയാൾ കൈവശം വച്ചിരുന്നു. ഒരു സുരക്ഷാ ഏജന്റ് ആയുധം വാങ്ങാനെന്ന വ്യാജേന ഇയാളുമായി പരിചയപ്പെട്ടു. പറഞ്ഞുറപ്പിച്ച തുകയ്ക്ക് ഏജന്റിന് ആയുധം കൈമാറിയയുടൻ പൊലീസ് ഇയാളെ പിടികൂടി. ഓട്ടോമാറ്റിക് റൈഫിളും മറ്റ് അത്യാധുനിക ആയുധങ്ങളും അവയുടെ ഭാഗങ്ങളും വീട്ടിൽ നിന്നും പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു.