SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.45 PM IST

ഭൂസമര തീച്ചൂളയിലേക്ക് ഇടുക്കി

idukki

''20 ഏക്കറോളം സ്ഥലമുള്ള ഏലകർഷകന്റെ തോട്ടത്തിൽ ഒരു ദിവസം വില്ലേജ് ഓഫീസിൽ നിന്നെന്ന് പറഞ്ഞ് ഒരു ഉദ്യോഗസ്ഥനെത്തുന്നു. തോട്ടത്തിലെ തൊഴിലാളികളുടെ താമസസ്ഥലവും സ്റ്റോർ റൂമും പരിശോധിച്ച ശേഷം 1500 ചതുരശ്ര അടിക്ക് മുകളിലുള്ള കെട്ടിടം പൊളിച്ചുകളയണമെന്ന് ആവശ്യപ്പെട്ടു"- വണ്ടന്മേട്ടിലെ ഏലകർഷകന്റെ ഈ വാക്കുകൾ കേട്ടാൽ വിചിത്രമെന്ന് തോന്നുമെങ്കിലും ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. 2019 ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലിറങ്ങിയ രണ്ട് ഭൂവിനിയോഗ ഉത്തരവുകൾ ഇടിത്തീയാകുമെന്ന തിരിച്ചറിവിൽ മലയോരജനത സമരതീച്ചൂളയിലേക്ക് ഇറങ്ങുകയാണ്. ഇന്ന് ഇടുക്കിയിൽ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെ മന്ത്രിസഭാ വാർഷിക വേദിയിലേക്ക് നടക്കുന്ന പ്രതിഷേധ മാർച്ചോടെ വമ്പിച്ച ഭൂസമരത്തിനാണ് തുടക്കമാകുക. മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയില്ലാതെ മുപ്പതോളം സംഘടനകളാണ് സമരത്തിന് പിന്നിലെന്നതാണ് പ്രത്യേകത. വ്യാപാരി വ്യവസായി ഏകോപന സമിതിയടക്കമുള്ള സംഘടനകളും വിവിധ മത, സമുദായ സംഘടനകളുമാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
മാർച്ച് സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ശോഭ കെടുത്തുമെന്ന വിലയിരുത്തലിൽ പാർട്ടി അംഗങ്ങളോട് ഇതിൽ പങ്കെടുക്കരുതെന്നു ഭരണ മുന്നണിയിലെ പ്രധാന പാർട്ടികളുടെ നേതാക്കൾ നിർദേശം നൽകിയിട്ടുണ്ട്. ഭൂപ്രശ്‌നങ്ങളും നിർമാണ നിരോധനവും മൂലം ഇടുക്കി ജില്ല മുൻപെങ്ങുമില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നും സമരമല്ലാതെ മറ്റൊരു മാർഗവും ഇല്ലാത്തതിനാൽ ഓരോരുത്തരും സ്വയം സന്നദ്ധരായി സമരത്തിൽ പങ്കെടുക്കണമെന്നുമാണു ജനകീയകൂട്ടായ്മ ആവശ്യപ്പെട്ടിട്ടുള്ളത്.
ഭൂപതിവു ചട്ടം ഭേദഗതി ചെയ്യുക, നിർമാണ നിരോധനം പൂർണമായി പിൻവലിക്കുക, വന്യമൃഗശല്യം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുക, പത്ത് ചെയിൻ, മൂന്ന് ചെയിൻ മേഖലകളിലും ഷോപ് സൈറ്റുകൾക്ക് പട്ടയം നൽകുക, വന്യജീവി സങ്കേതങ്ങൾക്കു ചുറ്റുമുള്ള ബഫർ സോൺ ചുറ്റളവ് പൂജ്യം കിലോമീറ്ററായി നിജപ്പെടുത്തുക, പട്ടയഭൂമിയിലെ മരം മുറിക്കാൻ അനുമതി നൽകുക, വൻകിടക്കാരിൽ നിന്ന് കൈയേറ്റ ഭൂമി തിരിച്ചുപിടിച്ചു ഭൂരഹിതർക്ക് നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച്.

2013ൽ കസ്തൂരിരംഗൻ വിഷയവുമായി ബന്ധപ്പെട്ടാണ് ഇതിന് മുമ്പ് ഹൈറേഞ്ച് സംരക്ഷണ വേദിയുടെ നേതൃത്വത്തിൽ വ്യാപാരികളും വിവിധ രാഷ്ട്രീയ, കർഷക സംഘടനകളും സമരമുഖത്ത് എത്തിയത്. 2018ൽ ആനച്ചാൽ കേന്ദ്രീകരിച്ച് വിവിധ ഭൂപ്രശ്‌നങ്ങളുയർത്തി ജനകീയപ്രക്ഷോഭം നടന്നിരുന്നു. ഗാഡ്ഗിൽ- കസ്തൂരിരംഗൻ റിപ്പോർട്ടുകൾ മലനാടിന് മേൽ തീർത്ത കാർമേഘങ്ങളേക്കാൾ ഇരുണ്ടതാണ് നിർമ്മാണനിരോധന നിയമങ്ങളെന്ന് കർഷകർ തിരിച്ചറിയുന്നുണ്ട്.

ഒരിക്കലും തീരാത്ത ഭൂപ്രശ്നങ്ങൾ

മലയോരജനതയുടെ തലയ്ക്ക് മുകളിൽ തൂങ്ങിയാടുന്ന ഡെമോക്ലീസിന്റെ വാളാണ് ഒരിക്കലും അവസാനിക്കാത്ത ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾ. ഗാഡ്ഗിലും കസ്തൂരിരംഗനും പട്ടയപ്രശ്‌നങ്ങളുമായി അത് അനന്തമായി നീളുകയാണ്. കഴിഞ്ഞ രണ്ടരവർഷത്തിലേറെയായി ഇടുക്കിയിലെ സാധാരണക്കാരുടെ അതിജീവനത്തിന് വെല്ലുവിളിയുയർത്തുന്നത് ചില സർക്കാർ ഉത്തരവുകളാണ്. 2019 ആഗസ്റ്റ് മുതൽ ഇറങ്ങിത്തുടങ്ങിയ വിവിധ ഭൂവിനിയോഗ ഉത്തരവുകളാണ് കർഷകരെ ഭീതിയിലാക്കുന്നത്. പട്ടയഭൂമിക്ക് നൽകുന്ന കൈവശാവകാശ രേഖയിൽ എന്തിനു വേണ്ടിയാണ് ഭൂമി ഉപയോഗിക്കുന്നതെന്നു വ്യക്തമാക്കണമെന്നാണ് ആഗസ്റ്റിലെ ഉത്തരവ്. ശക്തമായ ജനരോഷമുണ്ടായപ്പോൾ സർക്കാർ ഈ നിയന്ത്രണങ്ങൾ മൂന്നാർ മേഖലയിലെ എട്ട് വില്ലേജുകളിലേക്ക് ചുരുക്കി. എന്നാൽ ഇടുക്കിയിലെ എട്ട് വില്ലേജുകളിൽ മാത്രമുള്ള ഈ നിയന്ത്രണങ്ങൾ വിവേചനമാണെന്നു വാദിച്ച് പ്രദേശവാസികൾ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് സംസ്ഥാന വ്യാപകമായി കെട്ടിട നിർമാണ ചട്ടത്തിൽ മാറ്റം വരുത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു. എല്ലാ വില്ലേജ് ഓഫീസർമാരും കൈവശ സർട്ടിഫിക്കറ്റിൽ ഭൂമിയുടെ വിശദാംശം രേഖപ്പെടുത്താനും നിർമാണ പെർമിറ്റ് നൽകും മുമ്പ് തദ്ദേശസ്ഥാപനങ്ങൾ ഇതു വിലയിരുത്താനും നിർദേശിച്ച് റവന്യൂ, തദ്ദേശ വകുപ്പുകളുടെ സെക്രട്ടറിമാർ ഒരു മാസത്തിനകം ഉത്തരവിറക്കണമെന്ന് കോടതി നിർദേശിച്ചു. ഇനി മുതൽ, ഭൂമി പതിച്ചു നൽകിയത് എന്താവശ്യത്തിനാണെന്നു പരിശോധിച്ചു രേഖപ്പെടുത്തിയ ശേഷം മാത്രം റവന്യൂ ഉദ്യോഗസ്ഥർ കൈവശ സർട്ടിഫിക്കറ്റ് നൽകാവൂ എന്നും കോടതി നിർദേശിച്ചു. ഈ ഉത്തരവ് ഇടുക്കി മുഴുവൻ നടപ്പാക്കാനായി ജില്ലാ കളക്ടർ റവന്യൂ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കെട്ടിടനിർമാണ ചട്ടം ഭേദഗതി ചെയ്യാത്ത സാഹചര്യത്തിൽ കൈവശാവകാശ രേഖയിൽ ഭൂമി എന്താവശ്യത്തിനാണ് പതിച്ചു നൽകിയതെന്ന് രേഖപ്പെടുത്തണമെന്നായിരുന്നു കളക്ടറുടെ ഉത്തരവ്. ഫലത്തിൽ 2019ൽ പുറത്തുവന്ന നിർമാണ നിയന്ത്രണം ജില്ലയിൽ വീണ്ടും പ്രാബല്യത്തിലായി. 2020 ആഗസ്റ്റ് 20ന് ഇടുക്കിയിലെ പട്ടയ ഭൂമിയിലെ നിർമാണങ്ങൾക്കു റവന്യൂ എൻ.ഒ.സി നിർബന്ധമാക്കിയത് മൂന്നാർ മേഖലയിലെ എട്ട് വില്ലേജുകളിലേക്കു ചുരുക്കി സർക്കാർ വീണ്ടും പുതിയ ഉത്തരവിറക്കി. കണ്ണൻദേവൻ ഹിൽസ്, ചിന്നക്കനാൽ, ശാന്തൻപാറ, പള്ളിവാസൽ, ആനവിരട്ടി, ബൈസൺവാലി, വെള്ളത്തൂവൽ, ആനവിലാസം എന്നീ എട്ട് വില്ലേജുകളിലാണ് നിയന്ത്രണം. പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുന്ന മൂന്നാറിലെ നിർമാണ നിരോധനം മൂന്നാറുമായി പുലബന്ധം പോലുമില്ലാത്ത ശാന്തൻപാറ, വെള്ളത്തൂവൽ, ആനവിലാസം, ബൈസൺവാലി വില്ലേജുകളിലും ഏർപ്പെടുത്തി. ഇതിൽ ആനവിലാസം മൂന്നാറിൽ നിന്ന് 100 കിലോമീറ്ററിലധികം അകലെയാണ്. കൃഷിക്കും വീട് വയ്ക്കാനുമല്ലാതെ ഇവിടങ്ങളിലെ പട്ടയഭൂമി മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാവില്ല. ഉപജീവനത്തിന് ആവശ്യമായ ചെറിയ കെട്ടിടങ്ങൾക്കു പോലും റവന്യൂ വകുപ്പിന്റെ അനുമതി ലഭിക്കില്ല, ഇത് ജനങ്ങളെ ദുരിതത്തിലാക്കും.

വാണിജ്യ സാമ്പത്തിക മേഖലയെ ഉത്തരവ് കാര്യമായി ബാധിച്ചിട്ടുണ്ട്. വാണിജ്യ ആവശ്യങ്ങൾക്കായുള്ള എല്ലാ നിർമാണ പ്രവർത്തനങ്ങളും നിലച്ചമട്ടാണ്. പുതിയ കെട്ടിടനിർമാണത്തിനൊന്നും അനുമതി ലഭിക്കാത്ത സ്ഥിതിയാണ്. വാണിജ്യ ആവശ്യങ്ങൾക്കുള്ള കെട്ടിടനിർമാണത്തിന് വില്ലേജ് ഓഫീസറുടെ എൻ.ഒ.സി ലഭിക്കുന്നില്ല. സ്ഥലകച്ചവടങ്ങളും ഹൈറേഞ്ചിൽ പകുതിയായി കുറഞ്ഞു. എന്തിന് നല്ലൊരു വിവാഹ ആലോചന പോലും മല കയറി വരുന്നില്ലെന്നാണ് ജനങ്ങളുടെ സങ്കടം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: IDUKKI DIARY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.