SignIn
Kerala Kaumudi Online
Thursday, 25 April 2024 8.02 PM IST

വൈദ്യനെ വെട്ടിനുറുക്കിയ ഷൈബിൻ കൊടും ക്രിമിനൽ, ഗൾഫിൽ രണ്ടു ജീവനെടുത്തു, കൊല്ലാൻ 45 പേജുള്ള ബ്ലൂപ്രിന്റ്

crime

മലപ്പുറം: മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യം വെളിപ്പെടുത്താൻ വിസമ്മതിച്ചതിന് നിലമ്പൂരിൽ പാരമ്പര്യ വൈദ്യനെ മൃഗീയമായി കൊലപ്പെടുത്തിയ പ്രതികൾ ഗൾഫിൽ മറ്റ് രണ്ടു കൊലപാതകങ്ങൾ കൂടി 'ബ്ലൂപ്രിന്റ് തയ്യാറാക്കി' നടത്തിയതായി വീഡിയോ തെളിവുകൾ. മുഖ്യപ്രതിയും പ്രവാസി വ്യവസായിയുമായ ഷൈബിന്റെ ബിസിനസ് പങ്കാളിയായ കോഴിക്കോട് മുക്കം സ്വദേശി ഹാരിസ് കൈ ഞരമ്പ് മുറിച്ചും ഒപ്പമുണ്ടായിരുന്ന എറണാകുളം സ്വദേശിനി ശ്വാസം മുട്ടിയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

2020ൽ അബുദാബിയിലെ ഫ്ളാറ്റിലാണ് സംഭവം. യുവതിയെ കൊലപ്പെടുത്തി ഹാരിസ് ആത്മഹത്യ ചെയ്തെന്നാണ് ഷൈബിൻ പ്രചരിപ്പിച്ചിരുന്നത്. ആത്മഹത്യയെന്ന് തോന്നിപ്പിക്കും വിധമാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കൊലപാതകം നടത്തേണ്ടതിന്റെ രീതി വിശദമാക്കുന്ന ബ്ലൂപ്രിന്റ് ചുമരിൽ പതിപ്പിച്ചതിന്റെ വീഡിയോ പ്രതികളിലൊരാളായ നൗഷാദ് പകർത്തിയതാണ് പുറത്തുവന്നത്. വീഡിയോ എടുത്തത് തന്റെ സേഫ്റ്റിക്കു വേണ്ടിയാണെന്നും ആവശ്യം വന്നാൽ മാത്രമേ ഉപയോഗിക്കൂ എന്നും പറഞ്ഞാണ് നൗഷാദ് വിഡിയോ ചിത്രീകരിച്ചതെന്നാണ് വിവരം.


45 പേജുള്ള ബ്ലൂപ്രിന്റിൽ കൊലപാതകം നടത്തേണ്ട രീതി വിശദമാക്കുന്നുണ്ട്. നമ്പറിട്ട് ഒട്ടിച്ച ബ്ലൂപ്രിന്റിൽ കൊലപാതക സംഘത്തിലെ ഓരോരുത്തർക്കുമുള്ള ചുമതല അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. ബലം പ്രയോഗിച്ചാണ് കൊലപാതകമെന്ന് തോന്നാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ പ്രത്യേകം സൂചിപ്പിക്കുന്നു. ബ്ലൂപ്രിന്റ് പ്രകാരം അഞ്ചു പേരാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തത്. ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തും. ഹാരിസിന്റെയും എറണാകുളം സ്വദേശിനിയുടെയും ബന്ധുക്കളിൽ നിന്ന് വിവരങ്ങൾ തേടും. വിദേശത്തുനടന്ന സംഭവമായതിനാൽ അബുദാബി പൊലീസിനും വിവരങ്ങൾ കൈമാറും. വൈദ്യന്റെ കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കുന്നതിനാണ് പൊലീസ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്.

ബ്ലൂപ്രിന്റിലെ ക്രൂരകൃത്യങ്ങൾ

ഷഹീം,ഷബീബ്,ഷഫീക്ക്,​ അജ്മൽ,​നൗഷാദ് എന്നിവരാണ് കൊലപാതകം നടപ്പിലാക്കിയത്. അതിങ്ങനെ: ഷഫീക്ക്,​ അജ്മൽ,​ നൗഷാദ് എന്നിവർ ഹാരിസിനെ കെട്ടുക. അധികം മുറുക്കി കെട്ടരുത്. രണ്ട് കാലിന്റെയും ഇടയിൽ വെൽവെറ്റ് തുണി വയ്ക്കാൻ മറക്കരുത്. ഷഹീം, ഹാരിസിന്റെ അടുത്ത് നിൽക്കുക. നൗഷാദ് പെണ്ണിന്റെ അടുത്തേക്ക് വരിക. മൂക്ക് പൊത്തിപ്പിടിക്കൽ ടെക്നിക് ഉപയോഗിച്ച് വായയുടെ കെട്ടഴിക്കുക. അജ്മൽ പോക്കറ്റിലുള്ള പ്ലാസ്റ്റിക് വിരിച്ച് വയറിൽ കയറിയിരിക്കുക. ഷബീബ് അവളുടെ മൂക്ക് അടച്ച് ശ്വാസം മുട്ടിക്കുക. ഈ ഗ്യാപ്പിൽ അജ്മൽ കഴുത്തിൽ അമർത്തുക.

ഷബീബ് വായ പൊത്തിപ്പിടിക്കുക. തീർന്നുവെന്ന് ഉറപ്പായാൽ അജ്മൽ കുറച്ചുനേരം മൂക്കും വായും പൊത്തിപ്പിടിക്കുക. തീർന്നിട്ടില്ല എന്ന് തോന്നുകയാണെങ്കിൽ വീണ്ടും കഴുത്ത് അമർത്തുക. അവളെ കെട്ടാനുള്ളതൊക്കെ കെട്ടി ബെഡിൽ കിടത്തി ഷഹീം കാവൽ നിൽക്കുക. സ്റ്റീൽ ടൂൾ ഉപയോഗിച്ച് അവളുടെ വായിൽ തുണിക്കഷണമോ നൂലോ ഉണ്ടോയെന്ന് നോക്കുക. ഉണ്ടെങ്കിൽ എടുത്ത് ട്രിപ്പിൾ പാക്കിംഗ് ചെയ്യുക.

ഹാരിസിനെ ചുമന്നുകൊണ്ടുവന്ന് അവളുടെ ഒരു സൈഡിൽ കിടത്തുക. അവൾ അടുത്തു കിടക്കുന്നത് അവന് ആദ്യം മനസിലാവരുത്. അവന്റെ കൈയഴിച്ച് അവന്റെ കൈയിലെ പാടുകൾ ഉരസിമാറ്റുക.കൈമാത്രം അഴിച്ച് അവളുടെ കഴുത്തിൽ നന്നായി പിടിപ്പിക്കുക. അവളുടെ വലത്തേ കവിളിൽ അവനെക്കൊണ്ട് ശക്തിയായി അടിപ്പിക്കുക. അതിനുശേഷമാണ് ഹാരിസിന്റെ കൈഞരമ്പ് മുറിക്കുന്ന വിദ്യ വിശദമാക്കുന്നത്. അവസാനം വരെയുള്ള ഓരോ കാര്യങ്ങളും വ്യക്തമായി പറയുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CRIME
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.