SignIn
Kerala Kaumudi Online
Thursday, 25 April 2024 3.44 AM IST

പൊതുവിദ്യാലയങ്ങൾക്ക് കരുത്ത് പകരാൻ

photo

വിദ്യാഭ്യാസവകുപ്പ് ബുധനാഴ്ച പുറത്തിറക്കിയ കരട് സ്‌കൂൾ മാന്വൽ പൊതുവിദ്യാലയങ്ങളുടെ ഭാവിഘടന സവിസ്തരം പ്രതിപാദിക്കുന്നു. പൊതുവിദ്യാലയങ്ങളുടെ നിലവാരമുയർത്താനുള്ള മഹായജ്ഞത്തിലാണ് കുറച്ചുകാലമായി സർക്കാർ. നല്ല ഫലങ്ങൾ കാണാനുമുണ്ട്. സ്‌കൂൾ മാന്വലിലെ നിർദ്ദേശങ്ങളെക്കുറിച്ച് അദ്ധ്യാപകർക്കും വിദ്യാഭ്യാസവിദഗ്ദ്ധർക്കും പൊതുജനങ്ങൾക്കും ഈ മാസം 20-ന് മുമ്പ് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാം.

ദേശീയ വിദ്യാഭ്യാസ നയമനുസരിച്ച് ഒന്നാം ക്ളാസ് പ്രവേശനത്തിന് ആറുവയസാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും സംസ്ഥാനത്ത് ഇപ്പോഴത്തെപ്പോലെ അഞ്ചുവയസു തന്നെയാകും. രണ്ടുവയസു മുതലേ പ്രീ‌ സ്‌കൂൾകാലം ആരംഭിക്കുന്നതിനാൽ അഞ്ചാംവയസിൽ ഒന്നാംക്ളാസ് പ്രവേശനം രക്ഷാകർത്താക്കളുടെ ആഗ്രഹത്തിന് അനുസരണമാണ്. ഒന്നുമുതൽ അഞ്ചുവരെ ക്ളാസുകളിൽ ഒരു ഡിവിഷനിൽ മുപ്പതിലധികം കുട്ടികൾ പാടില്ലെന്നാണ് നിർദ്ദേശം. ആറ് - എട്ട് ക്ളാസുകളിലാണെങ്കിൽ സംഖ്യ 35 വരെയാകാം. ഒൻപത് - പത്ത് ക്ളാസുകളിൽ ആദ്യ ഡിവിഷനിൽ അൻപതും പിന്നീട് വരുന്ന ഡിവിഷനുകളിൽ അൻപത്തഞ്ചു വരെയും കുട്ടികളാകാം.

മാന്വലിലെ ഏറ്റവും ശ്രദ്ധേയമായ നിർദ്ദേശങ്ങളിലൊന്ന് വിദ്യാലയങ്ങളിൽ മതിയായ ടോയ്‌ലെറ്റ് സൗകര്യം ഉറപ്പാക്കണമെന്നതാണ്. പത്ത് പെൺകുട്ടികൾക്ക് ഒന്ന് എന്ന നിലയിൽ ടോയ്‌ലെറ്റ് വേണം. ആൺകുട്ടികൾക്ക് 25:1 എന്ന തോതിൽ മതി. ഇംഗ്ളീഷ് മീഡിയം ക്ളാസ് ആരംഭിക്കാൻ കുറഞ്ഞത് മുപ്പതു കുട്ടികളുണ്ടായിരിക്കണം. രാവിലെയുള്ള അസംബ്ളി പതിനഞ്ച് മിനിട്ടിലധികം നീളരുത്. മറ്റൊരു സ്വാഗതാർഹമായ നിർദ്ദേശം കുട്ടികളുടെ ആത്മവിശ്വാസം തകർക്കുംവിധം അദ്ധ്യാപകർ പെരുമാറരുതെന്നതാണ്. അദ്ധ്യാപക - രക്ഷാകർത്തൃ സംഘടനയിൽ പകുതിയോളം സ്‌ത്രീപ്രാതിനിദ്ധ്യം നിർബന്ധമാക്കുന്നതും നല്ല കാൽവയ്‌പാണ്.

അദ്ധ്യാപകർ സ്വകാര്യട്യൂഷൻ എടുക്കരുതെന്ന വിലക്ക് ഇപ്പോൾത്തന്നെയുണ്ട്. വിലക്ക് മറികടന്ന് പലരും അതു ചെയ്യാറുണ്ട്. എന്നാൽ സ്വകാര്യ ട്യൂഷനേക്കാൾ തടയേണ്ട സംഗതി സ്‌കൂൾസമയത്ത് അദ്ധ്യാപകരുടെ ഇതര പ്രവർത്തനങ്ങളാണ്. എയ‌്‌ഡഡ് സ്കൂൾ അദ്ധ്യാപകർ മാത്രമല്ല സർക്കാർ സ്കൂൾ അദ്ധ്യാപകരും ഈ വിഷയത്തിൽ പിന്നിലല്ല.

പത്താംക്ളാസ് കഴിഞ്ഞ് സി.ബി.എസ്.ഇ സ്കൂളുകൾ തേടി പരക്കം പാഞ്ഞിരുന്നവർ ഇപ്പോൾ തിരിച്ചാണോടുന്നത്. സ്റ്റേറ്റ് സിലബസ് ആകർഷകമായതിന്റെ ഉത്തമ ദൃഷ്ടാന്തമാണത്. അദ്ധ്യയന വർഷത്തിൽ ചെയ്തുതീർക്കേണ്ട എല്ലാ കാര്യങ്ങൾക്കും കൃത്യമായ സമയപ്പട്ടിക തയ്യാറാക്കിയാൽത്തന്നെ ഗുണങ്ങൾ പ്രതിഫലിക്കും.

കക്ഷിരാഷ്ട്രീയത്തിൽ നിന്ന് അദ്ധ്യയന മേഖലയും മോചിതമല്ല. അതിന്റെ ദോഷഫലങ്ങൾ ഇടയ്ക്കിടെ മറനീക്കി പുറത്തുവരുന്നു. രാഷ്ട്രീയാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന അദ്ധ്യാപക സംഘടനകൾ ചിലപ്പോഴെങ്കിലും ലക്ഷ്മണരേഖ കടക്കാറുമുണ്ട്. അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുന്നതിനൊപ്പം അദ്ധ്യയന നിലവാരം പരമാവധി മെച്ചപ്പെടുത്താനുള്ള യത്നങ്ങളിൽ ആത്മാർത്ഥമായി സഹകരിക്കാനും അദ്ധ്യാപകലോകം തയ്യാറാകുമ്പോഴാണ് പൊതുവിദ്യാലയങ്ങളുടെ പ്രസക്തി വർദ്ധിക്കുന്നത്.

പഠനപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ നിരീക്ഷണ സമിതികളുണ്ടാകണമെന്ന മാന്വലിലെ നിർദ്ദേശം നല്ലതാണ്. കൊവിഡ് അടച്ചിടലിനുശേഷം സ്‌കൂളുകൾ ജൂൺ ഒന്നിന് സമ്പൂർണമായി തുറക്കുകയാണ്. അതിനുമുമ്പുതന്നെ സ്‌കൂൾ മാന്വൽ ആവശ്യമായ മാറ്റങ്ങളോടെ പുറത്തിറക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SCHOOL MANUAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.