സിനിമയുടെ ഒഡീഷനിടയിൽ സംഭവിച്ച രസകരമായ സംഭവം വെളിപ്പെടുത്തി സിനിമാതാരം അതിഥി റാവു ഹൈദരി. ഒഡീഷനിൽ തനിക്ക് മുൻപരിചയമില്ലാത്ത ഒരാളെ ചുംബിക്കേണ്ടതായി വന്നുവെന്നാണ് അതിഥി റാവുവിന്റെ വെളിപ്പെടുത്തൽ. അടുത്ത് കണ്ട 'മസിലുള്ള' ഒരാളെയാണ് അപ്പോൾ താൻ ചുംബിച്ചതെന്നും അതിഥി റാവു പറയുന്നു. എന്നാൽ അയാൾ തനിക്കൊപ്പം സിനിമയിൽ വേഷമിടുന്ന നടൻ അരുണോദയ് സിംഗ് ആണെന്ന് പിന്നീടാണ് അതിഥി മനസിലാക്കുന്നത്. 'എന്താണ് ഇവിടെ സംഭവിക്കുന്നതെന്ന്'അത്ഭുതപ്പെട്ട തന്നോട് അദ്ദേഹം വളരെ സൗമ്യനായാണ് പെരുമാറിയതെന്നും അതിഥി ഓർക്കുന്നു.
തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും അതിഥി വാചാലയായി. നടൻ സത്യദീപ് മിശ്രയെ ഇരുപത്തൊന്നാം വയസ്സിലാണ് വിവാഹം കഴിച്ചതെന്ന് പറഞ്ഞ അതിഥി, വിവാമോചനത്തിനു ശേഷമാണ് തനിക്ക് ഡേറ്റിങ്ങ് എന്താണെന്ന് മനസിലായതെന്നും പറഞ്ഞു. '21 വയസ്സിലാണ് എന്റെ വിവാഹം കഴിഞ്ഞത്. അതുവരെ സ്വാഭാവികമായും ഞാൻ ഡേറ്റിങ്ങിന് പോയിരുന്നില്ല. പിന്നീട് വിവാഹമോചനത്തിന് ശേഷമാണ് അതെന്താണെന്ന് എനിക്ക് മനസിലായത്. പക്ഷെ എങ്കിലും ഡേറ്റ് ചെയ്യാൻ എനിക്ക് ഇപ്പോഴും അറിയില്ല ' അതിഥി പറയുന്നു.
മണി രത്നത്തിന്റെ 'ബോംബെ'യാണ് തന്നെ സിനിമയുടെ ലോകത്തേക്ക് ആകർഷിച്ചതെന്നും സിനിമയിലെ 'കെഹ്ന കിയാ' എന്നാ ഗാനം തനിക്ക് ഏറെ ഇഷ്ടമായിരുന്നുവെന്നും അതിഥി റാവു പറഞ്ഞു. മണി രത്നത്തിന്റെ 'കാറ്റ്ര് വെളിയിടൈ' എന്ന തമിഴ് ചിത്രത്തിലൂടെയാണ് അതിഥി ഏറെ പ്രശസ്തയാകുന്നത്. അതിനു ശേഷം അദ്ദേഹത്തിന്റെ 'ചിക്കചിവന്ത വാനം' എന്ന ചിത്രത്തിലും അതിഥി റാവു ഹൈദരി പ്രധാന വേഷം ചെയ്തിരുന്നു.