SignIn
Kerala Kaumudi Online
Friday, 19 April 2024 1.09 PM IST

പുതിയ ദിശയിൽ ആഴത്തിലുള്ള ചർച്ച: കോൺഗ്രസ് ചിന്തൻ ശിബിരത്തിന് തുടക്കം

chintan-kerala

ഉദയ്‌പൂർ: വിജയ വഴിയിൽ മടങ്ങിയെത്താനും നഷ്‌ടപ്രതാപം വീണ്ടെടുക്കാനുമുള്ള ഗൗരവ ചർച്ചകളുമായി കോൺഗ്രസിന്റെ മൂന്നു ദിവസത്തെ നവ് സങ്കൽപ് ചിന്തൻ ശിബിരത്തിന് തുടക്കം. ആരവല്ലി മലകൾ അതിരിട്ട തടാകങ്ങളുടെ നാടായ ഉദയ്‌പൂരിൽ തുടങ്ങിയ ശിബിരത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ വേറിട്ട വഴികളിൽ പ്രവർത്തിക്കാൻ അദ്ധ്യക്ഷ സോണിയാ ഗാന്ധി ആഹ്വാനം ചെയ്‌തു.

മോദി സർക്കാർ മികച്ചതെന്ന് അവകാശപ്പെടുന്ന ഭരണത്തിൽ ജനങ്ങൾ സ്ഥിരമായ ഭീതിയിലും അരക്ഷിതാവസ്ഥയിലുമാണെന്ന് സോണിയ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് നേതാക്കളെ ജയിലിലടച്ച് പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തുന്നു. ജവഹർലാൽ നെഹ്റുവിനെപ്പോലുള്ള നേതാക്കളെ തരംതാഴ്ത്തിയും ഗാന്ധിജിയുടെ ഘാതകരെ വാഴ്ത്തിയും രാജ്യത്തിന്റെ ബഹുസ്വരതയെ ഇല്ലാതാക്കാനാണ് ശ്രമം. ജനതയ്ക്ക് ആശ്വാസം പകരേണ്ട ഘട്ടങ്ങളിൽ പ്രധാനമന്ത്രി മൗനം പാലിക്കുന്നു.

ഈ അവസ്ഥയ്ക്ക് പരിഹാരം കോൺഗ്രസ് മാത്രമാണ്. പാർട്ടിയെ ശക്തിപ്പെടുത്താൻ ഇപ്പോഴുള്ള പ്രവർത്തനങ്ങളിൽ മാറ്റം അനിവാര്യമാണ്. രാഷ്‌ട്രീയ വിഷയങ്ങളുടെ ചർച്ചയും സംഘടനാ തലത്തിൽ വരുത്തേണ്ട ആത്മവിചിന്തനവുമാണ് മൂന്നു ദിവസത്തെ ശിബിരം ലക്ഷ്യമിടുന്നത്. പ്രതിനിധികൾ തുറന്ന മനസോടെ അഭിപ്രായങ്ങൾ പങ്കുവയ്‌ക്കണം. എന്നാൽ അവ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ഐക്യസന്ദേശം ഉൾക്കെള്ളുന്നവ ആയിരിക്കണമെന്നും സോണിയ വ്യക്തമാക്കി.

സോണിയയുടെ പ്രസംഗത്തിന് ശേഷം 420 പ്രതിനിധികളെ വിഭജിച്ച് കോൺഗ്രസിനെ നവീകരിക്കുന്നതിനുള്ള നിർദ്ദേശങ്ങളിൽ ചർച്ച തുടങ്ങി. ഇവ ഞായറാഴ്ച സമാപന ദിവസം പ്രമേയമായി അവതരിപ്പിച്ച് പാസാക്കും.

കേരളത്തിൽ നിന്ന് ലോക്‌സഭാ, രാജ്യസഭാ എം.പിമാർക്ക് പുറമെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, ഉപസമിതി അംഗങ്ങളായ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.എൽ.എ റോജി എം. ജോൺ, എൻ.എസ്.യു.ഐ ദേശീയ സെക്രട്ടറി എറിക് സ്റ്റീഫൻ തുടങ്ങിയവരും പങ്കെടുക്കുന്നു. ആരോഗ്യകാരണങ്ങളാൽ മുതിർന്ന നേതാക്കളായ എ.കെ. ആന്റണി, മൻമോഹൻ സിംഗ് തുടങ്ങിയവരും തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രചാരണത്തിലുള്ള എം.പിമാരായ ബെന്നി ബെഹ്‌നാൻ, ഹൈബി ഈഡൻ എന്നിവരും എത്തിയില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, CONGRESS CHINTHAN SHIBIRAM
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.