SignIn
Kerala Kaumudi Online
Tuesday, 24 May 2022 6.37 AM IST

ഹോട്ടലിന്റെയും മുതലാളിയുടെയും പേര് പുറത്താകും

food-safety

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ വ്യാപക റെയ്ഡുകൾ നടക്കുകയാണ്. രണ്ടാഴ്ച മുമ്പ് കാസർകോട്ട് 16 കാരി ഷവർമ്മ കഴിച്ച് മരണമടയുകയും നിരവധി പേർക്ക് ഭക്ഷ്യവിഷബാധയേൽക്കുകയും ചെയ്ത സംഭവത്തെ തുടർന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ഉണർന്നത്. സംസ്ഥാനത്ത് പേരും പെരുമയുമുള്ള നിരവധി ഹോട്ടലുകളും റസ്റ്റോറന്റുകളും പരിശോധനയെതുടർന്ന് അടച്ചുപൂട്ടി. എന്നാൽ ഏതൊക്കെ സ്ഥാപനങ്ങളാണ് നടപടിക്ക് വിധേയമായതെന്ന് ഉപഭോക്താക്കൾ അറിഞ്ഞിട്ടില്ല. ഏത് ഹോട്ടലാണ് ഗുണനിലവാരമില്ലാത്ത മോശം ഭക്ഷണം നൽകിയതെന്നും അതിന്റെ ഉടമ ആരെന്നും അറിയാൻ ഉപഭോക്താവിന് അവകാശമുണ്ടെങ്കിലും പാലിയ്ക്കപ്പെടുന്നില്ല.

പേരുകൾ

വെബ്സൈറ്റിലും?

ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം വിതരണം ചെയ്ത് ഉപഭോക്താക്കളുടെ ജീവൻ പന്താടുന്ന ഹോട്ടലുകളുടെ പേരുകൾ പരസ്യപ്പെടുത്തണമെന്ന ഉപഭോക്താക്കളുടെ ആവശ്യം അംഗീകരിക്കപ്പെടാനുള്ള സാദ്ധ്യത തെളിയുകയാണ്. നടപടിക്ക് വിധേയമാകുന്ന ഹോട്ടലുകളുടെ പേരുവിവരം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വെബ്സൈറ്റിൽ പരസ്യപ്പെടുത്താനുള്ള ആലോചനയിലാണ് അധികൃതർ. ഹോട്ടലിന്റെയും ഹോട്ടലുടമയുടെയും പേരുകൾ ജില്ലതിരിച്ച് പ്രസിദ്ധീകരിക്കാനാണ് നീക്കം . ഇതിനായി ഇപ്പോൾ നടക്കുന്ന റെയ്ഡുകളുടെ വിവരവും ഹിറ്റ്ലിസ്റ്റിലായ ഹോട്ടലുകളുടെ പേരുവിവരവും ഉടമയുടെ പേരും ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റിലേക്ക് അയച്ചുകൊടുക്കാൻ കമ്മിഷണർ വി.ആർ വിനോദ് ജില്ലാ മേധാവികൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. അതനുസരിച്ച് നടപടിക്ക് വിധേയമാകുന്ന ഹോട്ടലുകളുടെയും റസ്റ്റോറന്റുകളുടെയും വിവരങ്ങൾ ജില്ലകളിൽ നിന്ന് അതത് ദിവസം ഭക്ഷ്യസുരക്ഷാ കമ്മിഷണർക്ക് നൽകുന്നുണ്ട്. അന്തിമതീരുമാനമെടുക്കേണ്ടത് ആരോഗ്യവകുപ്പും സർക്കാരുമാണ്. ഉപഭോക്താവിന് നല്ല ഹോട്ടലുകൾ തിരഞ്ഞെടുക്കാനുള്ള സുവർണാവസരമാണ് ഇതിലൂടെ കൈവരാൻ പോകുന്നത്. പേരുകൾ പ്രസിദ്ധീകരിക്കുന്നതിനെതിരെ ഹോട്ടലുടമകളിൽ നിന്ന് വൻ സമ്മർദ്ദം ഉണ്ടാകുമെന്നുറപ്പാണ്. രാഷ്ട്രീയ സമ്മർദ്ദവും ഉറപ്പായതിനാൽ സർക്കാർ വഴങ്ങുമോ എന്നാണറിയേണ്ടത്. എന്നാൽ പേരുകൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതിന് വൻ ജനസ്വീകാര്യത ലഭിക്കുമെന്നുറപ്പാണ്.

ഭക്ഷ്യസുരക്ഷാ വകുപ്പ്

നന്നാകുമോ ?

ഭക്ഷ്യസുരക്ഷയെയും ഗുണനിലവാരത്തെയും സംബന്ധിച്ച് 2006 ലാണ് ഇന്ത്യയിൽ ഭക്ഷ്യ സുരക്ഷാ നിയമം (ഫുഡ്‌ സേഫ്റ്റി ആക്റ്റ് 2006) കേന്ദ്ര സക്കാർ പാസ്സാക്കിയത്. 2011 ആഗസ്റ്റ്‌ 5 മുതൽ മുതൽ കേരളം ഉൾപ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നിയമം നിലവിൽ വന്നെങ്കിലും നിയമം കാര്യക്ഷമമായി നടപ്പാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്ത് അനുദിനം പെരുകുന്ന ഹോട്ടലുകളെ നിയന്ത്രിക്കാനോ അവിടെ വിളമ്പുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനോ പരിമിതമായ സൗകര്യത്തിൽ പ്രവർത്തിക്കുന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന് കഴിയുന്നില്ല. മറ്റെല്ലാ ജോലികളും മാറ്റിവച്ചിട്ടാണ് ഇപ്പോൾ ഉദ്യോഗസ്ഥരെല്ലാം ഹോട്ടലുകളിൽ റെയ്ഡ് നടത്തി നടപടി സ്വീകരിക്കുന്നത്. എന്നാൽ കുറച്ചു ദിവസം കഴിയുമ്പോൾ വീണ്ടും കാര്യങ്ങൾ പഴയപടിയാകുമെന്ന് വകുപ്പ് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു. ആവശ്യത്തിന് ഉദ്യോഗസ്ഥരെയും അനുബന്ധ സൗകര്യങ്ങളും നൽകി വകുപ്പിനെ കൂടുതൽ കാര്യക്ഷമമാക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്. ഇതിനുതകുന്ന ചില സുപ്രധാന നിർദ്ദേശങ്ങൾ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ തന്നെ മുന്നോട്ട് വയ്ക്കുന്നുണ്ട്. വകുപ്പിനെ കൂടുതൽ കാര്യക്ഷമമാക്കാനും പരിശോധനകൾ സ്ഥിരം സംവിധാനമാക്കാനും ലക്ഷ്യമിടുന്ന വസ്തുതാപരമായ നിർദ്ദേശങ്ങൾ ഭക്ഷ്യസുരക്ഷയുടെ വിവിധ ജില്ലാ ഓഫീസർമാരാണ് കമ്മിഷണർക്ക് സമർപ്പിച്ചിരിക്കുന്നത്.

ഭക്ഷണത്തിലെ മായം കണ്ടെത്താൻ മിന്നൽപരിശോധന നടത്താൻ ഫ്ളൈയിംഗ് സ്ക്വാഡ് രൂപീകരിക്കണമെന്നതാണ് സുപ്രധാനമായ മറ്റൊരാവശ്യം. ഹോട്ടലുകളിലെ പരിശോധന പോലെ തന്നെ മീനിലെയും മറ്റു സാധനങ്ങളിലെയും മായം കലർത്തലും കണ്ടെത്തേണ്ടതുണ്ട്. ഇതിനായി അതിർത്തി ചെക്ക് പോസ്റ്റുകളിലും ഹാർബറുകളിലും മിന്നൽ പരിശോധന നടത്താൻ ഓരോ നിയോജക മണ്ഡലാടിസ്ഥാനത്തിലും ഫ്ളൈയിംഗ് സ്ക്വാഡ് അത്യാവശ്യമാണ്. എന്നാൽ ഈ ആവശ്യങ്ങളോട് സർക്കാരിന് അനുകൂല സമീപനമല്ലെന്നാണ് സൂചന. സാമ്പത്തിക ബാദ്ധ്യതതന്നെയാണ് പ്രധാന തടസ്സം. നിലവിലുള്ള ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടാതെ തന്നെ പരിശോധനകൾ കാര്യക്ഷമമാക്കാൻ കഴിയുമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മിഷണർ വി.ആർ വിനോദ് പറഞ്ഞു.

നിർബന്ധിത രജിസ്‌ട്രേഷനും

ലൈസൻസും ആവശ്യം

2011 ൽ നിലവിൽ വന്ന ഭക്ഷ്യസുരക്ഷാ നിയമപ്രകാരം, ഭക്ഷ്യ വ്യാപാരികൾക്കും ഭക്ഷ്യ ഉൽപ്പാദകർക്കും വിതരണക്കാർക്കും ഇറക്കുമതിക്കാർക്കും നിർബന്ധിത രജിസ്‌ട്രേഷനും ലൈസൻസും ആവശ്യമാണ്‌. ഇതിനായി എല്ലാ ജില്ലകളിലും ലൈസൻസിംഗ് അതോറിറ്റികളും നിലവിലുണ്ട്. ഭക്ഷണപദാർത്ഥങ്ങളുടെ ഗുണനിലവാരം കുറയുകയോ ജീവന് ഹാനികരമായ മായം ഭക്ഷണത്തിൽ ചേർക്കുകയോ ചെയ്തെന്ന് കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരെ കോമ്പൗണ്ടിംഗും ഫൈനും അടക്കമുള്ള ശിക്ഷകളാണ് നിഷ്‌ക്കർഷിച്ചിട്ടുള്ളത്. കുറ്റകൃത്യങ്ങളുടെ കാഠിന്യമനുസരിച്ച് 10 ലക്ഷം രൂപ വരെ പിഴയും ജീവപര്യന്തം വരെ തടവ് ശിക്ഷകളും നിർദ്ദേശിക്കുന്നു. ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ സംസ്ഥാന ഫുഡ്‌ സേഫ്‌ടി അഡ്‌ജുഡിക്കേറ്റിംഗ് ഓഫീസറെയും അപ്പീലുകൾ കേൾക്കാൻ ജില്ലാ ജഡ്ജിയുടെ റാങ്കിൽപ്പെട്ട ഫുഡ് സേഫ്റ്റി അപ്പലേറ്റ് ട്രൈബ്യൂണലും നിലവിലുണ്ട്. കൂടാതെ ഇതിനായി സ്‌പൈഷ്യൽ കോടതികളും സ്‌പെഷ്യൽ പ്രോസിക്യൂട്ടർമാരെയും നിയമിക്കണമെന്നും നിയമത്തിൽ നിർദ്ദേശിക്കുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: FOOD SAFETY
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.