SignIn
Kerala Kaumudi Online
Saturday, 20 April 2024 4.21 AM IST

കേരളത്തിന്റെ സാങ്കേതിക പഠനം: സാദ്ധ്യതകളും വെല്ലുവിളികളും

photo

ആധുനിക ഭാരതത്തിലെ നവോത്ഥാന നായകരിൽ ഏറ്റവും പ്രമുഖനായ സ്വാമി വിവേകാനന്ദൻ, വിദ്യാഭ്യാസത്തെ സ്വന്തം വ്യക്‌തിത്വത്തിന്റെ പരിപൂർണ വികാസത്തിനുള്ള പദ്ധതിയായിട്ടാണ് കണ്ടത്. ഇംഗ്ളണ്ടിൽ പതിനെട്ടാം നൂറ്റാണ്ടിലുണ്ടായ വ്യാവസായിക വിപ്ളവമെന്ന സാങ്കേതിക ശാസ്ത്രത്തിന്റെ ആവിർഭാവത്തിനു ശേഷമുണ്ടായതാണ് കലാശാലാധിഷ്ഠിതമായ സാങ്കേതിക ശാസ്ത്രപഠനം. സമ്പൂർണ സാക്ഷരത കൈവരിച്ച കേരളത്തിലും സാങ്കേതികപഠന മേഖലകളിലുണ്ടായിട്ടുള്ള കുതിച്ചുചാട്ടം വളരെ ശ്രദ്ധേയമാണ്.

ഉന്നത സാങ്കേതികപഠന മേഖലകളിലെ, പ്രത്യേകിച്ചും എൻജിനിയറിംഗ് പഠനമേഖല നേരിടുന്ന സാദ്ധ്യതകളും വെല്ലുവിളികളും പരിമിതികളും അവസരങ്ങളും വിശകലനം ചെയ്തുപോകുന്നത് ഉചിതമായിരിക്കും.

ഉന്നത സാങ്കേതിക

പഠനം കേരളത്തിൽ

1938 ൽ തിരുവനന്തപുരത്ത് കോളേജ് ഒഫ് എൻജിനിയറിംഗ് സ്ഥാപിതമായി അഞ്ച് പതിറ്റാണ്ടിനുള്ളിൽ എൻജിനിയറിംഗ് ബിരുദം നൽകുന്ന ആറ് കോളേജുകൾ മാത്രമാണ് കേരളത്തിൽ സ്ഥാപിതമായത്. ഇക്കാലയളവിൽ കേവലം ആയിരത്തിൽ താഴെ വിദ്യാർത്ഥികൾക്കു മാത്രമേ പ്രതിവർഷം എൻജിനിയറിംഗ് ബിരുദപഠനത്തിന് അവസരം ലഭിച്ചുള്ളൂ. ഈ സഹസ്രാബ്ദം ആദ്യമായപ്പോഴേക്കും, അന്താരാഷ്ട്രതലത്തിൽ സാങ്കേതിക വിദഗ്ദ്ധരുടെ ആവശ്യം അധികമാവുകയും, അതിനനുസൃതമായി ഭാരതത്തിലും കേരളത്തിലും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടുതലായി ഉയർന്നുവരികയും ചെയ്തു. കഴിഞ്ഞ സഹസ്രാബ്ദത്തിന്റെ അവസാനം ഇരുപതോളം എൻജിനിയറിംഗ് കോളേജുകൾ ഉണ്ടായിരുന്ന കേരളത്തിൽ 2014 ആയപ്പോഴേക്കും നൂറ്റിയൻപതോളം ഉന്നതസാങ്കേതിക പഠനകലാലയങ്ങൾ ഉയർന്നുവന്നു.

പന്ത്രണ്ടാം ക്ളാസ് പഠനം കഴിഞ്ഞ വിദ്യാർത്ഥികളിൽ കൃത്രിമമായി താത്‌പര്യം ജനിപ്പിച്ച് എൻജിനിയറിംഗ് കോഴ്സുകൾക്ക് പ്രവേശനം കൊടുക്കുന്ന സാഹചര്യമാണ് കുറേ വർഷങ്ങളായി കണ്ടുവരുന്നത്. ഈ പശ്ചാത്തലത്തിൽ വേണം ഉന്നതസാങ്കേതിക പഠന മേഖലയിൽ ഇന്ന് കാണുന്ന പ്രവർത്തനങ്ങളെ അപഗ്രഥിക്കേണ്ടത്.

കലാശാല അനുമതി,

നടത്തിപ്പ്, നിലനില്പ്

150 ലധികം എൻജിനിയറിംഗ് കോളേജുകളാണ് ഇവിടെയുള്ളത്. ഇരുപത് വിദ്യാർത്ഥിക്ക് ഒരു അദ്ധ്യാപകൻ എന്നതാണ് അനുവദനീയമായ അനുപാതം. ഇതുപ്രകാരം കോളേജുകൾ നിയമനങ്ങൾ നടത്തുകയും അതിൽ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ എന്നിവരുടെ അനുപാതം 1 : 2 : 6 എന്ന രീതിയിലാക്കുകയും ചെയ്താലേ ഗുണപരമായ സാങ്കേതിക വിദ്യാഭ്യാസം നടപ്പിലാകൂ എന്നാണ് എ.ഐ.സി.ടി.ഇ യുടെ വീക്ഷണവും നിബന്ധനയും. ഈ അനുപാതം ലക്ഷ്യമാക്കി നിയമനങ്ങൾ
നടത്തിയാൽ ആയിരം വിദ്യാർത്ഥികളുള്ള എൻജിനിയറിംഗ് കോളേജിൽ ഏതാണ്ട് അഞ്ച് പ്രൊഫസർമാരും പത്ത് അസോസിയേറ്റ് പ്രൊഫസർമാരും മുപ്പത് അസിസ്റ്റന്റുമാരും ഉണ്ടാകണം. അസോസിയേറ്റ് പ്രൊഫസർമാർക്കും പ്രൊഫസർമാർക്കും ഡോക്ടറേറ്റ് നിർബന്ധമാണ്.

കേരളത്തിൽ എൻജിനിയറിംഗ് പഠന മേഖലയിലുള്ള പിഎച്ച്.ഡി സീറ്റുകളുടെ എണ്ണത്തിലെ പരിമിതികൾ വലിയ വിലങ്ങുതടിയാണ്. എൻജിനിയറിംഗ് പഠന മേഖലയിലെ യോഗ്യതയുള്ള റിസർച്ച് ഗൈഡുകളുടെ അഭാവവും റിസർച്ച് സെന്ററുകളുടെ എണ്ണക്കുറവും പരിശോധിച്ചാൽ എ.ഐ.സി.ടി.ഇ നിഷ്കർഷിക്കുന്നതുപോലെ എൻജിനിയറിംഗ് കോളേജുകൾ നടത്തിക്കൊണ്ടുപോകാൻ വിഷമമാണ്. ഗുണമേന്മ നിലനിറുത്താൻ കഴിയാതെ ക്രമേണ എൻജിനിയറിംഗ് കോളേജുകൾ പൂട്ടിപ്പോകുന്ന അവസ്ഥയും ഇന്നു കണ്ടുവരുന്നുണ്ട്.

എൻജിനിയറിംഗ്

ബിരുദ പഠന പ്രവേശനം

എൻജിനിയറിംഗ് വിദ്യാഭ്യാസരംഗത്ത് പ്രവേശനസമയത്ത് വളരെ ഉൗർജ്ജ്വസ്വലമായി കാര്യങ്ങൾ നടക്കാറുണ്ട്. 2005 മുതൽ നാലോ അഞ്ചോ ഉന്നത ന്യായാധിപൻമാരുടെ നേതൃത്വത്തിൽ പ്രവേശന കമ്മിഷനുകൾ പ്രവേശനങ്ങൾക്ക് മേൽനോട്ടം വഹിച്ചു . ഇവരുടെ സമയോചിതമായ ഇടപെടലുകൾ കൊണ്ട് എൻജിനിയറിംഗ് പ്രവേശനം സുഗമമായി നടന്നുപോയി. അക്കാഡമിക് വിഷയങ്ങളിൽ ഗുണമേന്മ വർദ്ധിപ്പിക്കാനുള്ള നിർദ്ദേശങ്ങൾ നൽകാൻ ഇത്തരത്തിലുള്ള ഒരു കമ്മിഷനും ഉത്തരവാദിത്തം നൽകിയിട്ടില്ല.

പ്രവേശനത്തിനപ്പുറവും ഗുണമേന്മയുടേതായ പല പ്രശ്നങ്ങളും നിലനിൽക്കുന്നതായി ഏറെ അനുഭവങ്ങളുണ്ടായിട്ടും, അത്തരം പ്രവേശനാനന്തര വിഷയങ്ങളിൽ നിരീക്ഷണം ഉണ്ടാകാത്തത് ഒരു കുറവായിത്തന്നെ കാണേണ്ടതല്ലേ? സാങ്കേതിക വിദ്യാഭ്യാസത്തിൽ പ്രവേശനത്തിൽ മാത്രമാണ് ഭൂരിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമകളുടെയും താത്‌പര്യം. ഈ പശ്ചാത്തലത്തിൽ അധികാരികളുടെ ശ്രദ്ധ അക്കാഡമിക് മികവിലും ഉണ്ടാകണമെന്നാണ് സാങ്കേതിക വിദ്യാഭ്യാസ വിദഗ്ദ്ധരുടെ പൊതുവായ മതം.

പരീക്ഷാ

മൂല്യനിർണയം

മുപ്പതിനായിരം എൻജിനിയറിംഗ് വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്ന ഒരു സെമസ്റ്ററിൽ ശരാശരി അഞ്ചുവിഷയങ്ങൾ ഉണ്ടെങ്കിൽ ഒരുലക്ഷത്തി അമ്പതിനായിരം പരീക്ഷാപേപ്പറുകളാണ് മൂല്യനിർണയത്തിനു വരിക.

ഒരു വർഷം നാലു സെമസ്റ്റർ പരീക്ഷകൾ നടത്തുമ്പോൾ ആറുലക്ഷം പരീക്ഷാ കടലാസുകളുടെ മൂല്യം നിർണയിക്കണം. തോറ്റ പരീക്ഷകളുടെ കടലാസുകൾ കൂടി എണ്ണിയാൽ ഇത് എട്ടുലക്ഷം വരെയാകാം. ഇത്രയും പരീക്ഷാകടലാസുകൾ, അദ്ധ്യാപന സമയത്തിനിടെ മൂല്യനിർണയം ചെയ്യുക എന്നത് ശ്രമകരമായ ജോലിയാണ്. മൂല്യനിർണയ ജോലിയുടെ ഗുണമേന്മ കൂട്ടാൻ, അദ്ധ്യാപനം നിറുത്തിവയ്ക്കേണ്ട സ്ഥിതിയാണ് സാങ്കേതിക പഠനരംഗം നേരിടുന്ന ഒരു വെല്ലുവിളി. പരീക്ഷാ മൂല്യനിർണയം, വ്യാവസായിക പ്രവർത്തനങ്ങൾ നടത്തുന്ന മാതൃകയിൽ, ജോലിയിൽ നിന്നു വിരമിച്ച, താത്പര്യവും യോഗ്യതയുമുള്ള അദ്ധ്യാപകരെ മാനേജർമാരായി നിയമിച്ച് നിർവഹിച്ചാൽ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കൂ.

മേൽവിവരിച്ച വെല്ലുവിളികളും പരിമിതികളും സാദ്ധ്യതകളും അവസരങ്ങളും സാങ്കേതിക വിദ്യാപഠനത്തിലെ ബിരുദപഠനത്തിനെ മാത്രം അധികരിച്ച് തയ്യാറാക്കിയതാണ്. ബിരുദാനന്തര ബിരുദപഠനവും ഗവേഷണവും ചേർന്നാൽ, പല വിഷയങ്ങളും വീണ്ടും ഗുരുതരമാകും.

(കൊച്ചിൻ ശാസ്‌ത്രസാങ്കേതിക സർവകലാശാലയിൽ പ്രൊഫസറും ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ മേൽനോട്ടസമിതി അംഗവുമാണ് ലേഖകൻ. ഫോൺ​: 9349265677)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TECHNICAL EDUCATION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.