തൊടുപുഴ: അഞ്ചു കിലോ കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിലായി. ഈരാറ്റുപേട്ട നടയ്ക്കൽ ആരിയശേരിൽ ഇജാസാണ് (40) തൊടുപുഴ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി വെങ്ങല്ലൂർ ഷാപ്പുംപടിയ്ക്ക് സമീപത്ത് നിന്നാണ് പ്രതി പിടിയിലായത്. ഷാപ്പുംപടിയിൽ ബസിറങ്ങിയ ഇജാസ് മങ്ങാട്ടുകവല റോഡിലുള്ള വാഹന ഷോറൂമിന് സമീപം കഞ്ചാവ് കൈമാറാൻ കാത്തു നിൽക്കുകയായിരുന്നു. ഇതിനിടെ രഹസ്യ വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ സി.ഐ വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മംഗലാപുരത്തു നിന്നാണ് ഇയാൾ കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇജാസിന്റെ സഹോദരൻ വിശാഖപട്ടണത്ത് കഞ്ചാവു കേസിലെ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |