കോവളം: വെള്ളാറിൽ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പ്രേരണാക്കുറ്രത്തിന് ഭർത്താവിനെയും മകനെയും കോവളം പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം താന്നിക്കാട് മാലിയിൽ നട്ടാശ്ശേരി പുഷ്കരന്റെയും ശാന്തയുടെയും മകൾ വെള്ളാർ ശിവക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ബിന്ദുവാണ് (46) വ്യാഴാഴ്ച രാത്രിയോടെ വീടിനുള്ളിൽ തൂങ്ങിമരിച്ചത്. ബിന്ദുവിനെ ഭർത്താവും മകനും ചേർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് ബിന്ദുവിന്റെ ഭർത്താവ് അനിൽ (48), മകൻ അഭിജിത്ത് (20) എന്നിവരെയാണ് കസ്റ്രഡിയിലെടുത്തത്. ഈ കുടുംബം കഴിഞ്ഞ 27 വർഷമായി വെള്ളാറിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഭർത്താവിന്റെയും മകന്റെയും ഉപദ്രവത്തെ തുടർന്ന് ബിന്ദു നേരത്തെ കോവളം സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. അന്ന് കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്. ബിന്ദുവിന്റെ സഹോദരൻ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് നൽകിയ പരാതിയിലാണ് അനിലിനെയും അഭിജിത്തിനെയും അറസ്റ്റ് ചെയ്തത്. മൃതദേഹത്തിൽ അടിയേറ്റ പാടുകൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ടൂറിസം വകുപ്പിന്റെ കോവളത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിലെ ജീവനക്കാരനാണ് അനിൽ. പോസ്റ്റ്മോർട്ടം കഴിഞ്ഞ് വിട്ടുനൽകിയ മൃതദേഹം കോട്ടയത്തേക്ക് കാെണ്ടുപാേയതായും ഇന്ന് സംസ്കരിക്കുമെന്നും ബന്ധുക്കൾ പറഞ്ഞു. കാേവളം എസ്.എച്ച്.ഒ പ്രെെജു, എസ്.ഐ അനീഷ്‌കുമാർ, എ.എസ്.ഐ മുനീർ, സി.പി.ഒ ലജീവ് കൃഷ്ണ, ശ്യാംകുമാർ, ഡാനിയൽ എന്നിവരാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.