SignIn
Kerala Kaumudi Online
Tuesday, 16 April 2024 10.30 PM IST

ഇനി ഉയരരുത് ഈ ആക്രോശം

girl

'ആരാഡോ..പെൺകുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്. ഇനി മേലിൽ വിളിച്ചിട്ടുണ്ടെങ്കിൽ കാണിച്ച് തരാം. അങ്ങനത്തെ പെൺകുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കേണ്ട. സമസ്തയുടെ തീരുമാനം നിങ്ങൾക്കറിയില്ലേ. നീയാണോ വിളിച്ചത്. രക്ഷിതാവിനോട് വരാൻ പറയ്. ഞങ്ങളെയൊക്കെ ഇരുത്തി വേണ്ടാത്ത പണി ചെയ്യുകയാണോ. ഇതൊക്കെ ഫോട്ടത്തിൽ വരില്ലേ'.

പെരിന്തൽമണ്ണ പനങ്കാങ്കരക്കടുത്തുള്ള മദ്രസാ വാർഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിൽ പുരസ്‌കാരം ഏറ്റുവാങ്ങാൻ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ സംഘാടകർ വേദിയിലേക്ക് ക്ഷണിച്ചപ്പോൾ സമസ്ത ഉപാദ്ധ്യക്ഷൻ എം.ടി. അബ്ദുല്ല മുസ്‌ലിയാർ നടത്തിയ കടുത്ത അധിക്ഷേപമാണിത്. മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളാണ് ഉപഹാ രം നൽകിയത്. പെൺകുട്ടി വേദിയിലെത്തി ഉപഹാരം വാങ്ങിയതിന് തൊട്ടുപിന്നാലെയാണ് സമസ്ത നേതാവിന്റെ കടുത്ത അധിക്ഷേപ വാക്കുകൾ. പരിഷ്കൃത സമൂഹത്തിൽ പറയാൻ പറ്റുന്ന വാക്കുകളല്ല അതെന്ന് ബോദ്ധ്യമുണ്ടായിട്ടും വേദിയിലുണ്ടായിരുന്ന ഒരാൾപോലും പ്രതികരിച്ചില്ല. മു‌സ്‌ലിയാർ പറഞ്ഞതുകൊണ്ട് ഞാൻ എന്റെ മകളോട് വേദിയിലേക്ക് വരേണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്ന് കൂടി കാച്ചിവിട്ടു വേദിയിലുണ്ടായിരുന്ന സംഘാടകൻ.

നിറഞ്ഞ സദസ്സിന് മുന്നിൽ അഭിമാനബോധത്തോടെ തലയുയർത്തിവന്ന ആ പെൺകുട്ടിക്ക്,​ സമൂഹത്തിന് നല്ല സന്ദേശമേകേണ്ടവരിൽ നിന്നേറ്റ അധിക്ഷേപ വാക്കുകൾ കേട്ട് തലകുനിച്ച് ഇറങ്ങിപ്പോവേണ്ടിവന്നു. സാക്ഷര കേരളമെന്ന് അഭിമാനിക്കുന്നവരുടെ മുന്നിലൂടെ... ബന്ധുക്കളുടെയും നാട്ടുകാരുടെയും മുന്നിൽവച്ച് ഇത്തരമൊരു അധിക്ഷേപം കേൾക്കേണ്ടി വന്ന പത്താംക്ലാസുകാരിയുടെ മനസ്സ് എത്രമാത്രം നൊന്തിട്ടുണ്ടാവും. മകളുടെ നേട്ടത്തിന് കൈയടിക്കാൻ കാത്തിരുന്ന ആ പിതാവ് എത്രമാത്രം അപമാനിതനായിട്ടുണ്ടാവും. എന്നിട്ടും വലത്,​ ഇടത് വ്യത്യാസമില്ലാതെ രാഷ്ട്രീയ പാർട്ടികൾക്കടക്കം പ്രതികരിക്കാൻ 48 മണിക്കൂർ പിന്നിടേണ്ടിവന്നു. വാക്കുകൾ കൊണ്ടുള്ള പ്രതിഷേധത്തെപ്പോലും ആഴത്തിൽ കുഴിച്ചുമൂടിയ സാംസ്കാരിക നായകരും എണ്ണത്തിൽ ഒട്ടും കുറവല്ല.

തങ്ങളുടെ വോട്ടുബാങ്കായ സമസ്തയെ പിണക്കാതിരിക്കാൻ അതീവജാഗ്രതയിലായിരുന്നു മുസ്‌ലിം ലീഗ് നേതൃത്വം. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും മുസ്‌ലിം ലീഗ് നേതൃത്വവും തമ്മിൽ അഭിപ്രായ ഭിന്നതകൾ ഉയർന്നപ്പോൾ ലീഗിന്റെ പക്ഷത്ത് അടിയുറച്ച് നിന്നത് എം.ടി. അബ്ദുല്ല മുസ്‌ലിയാരായിരുന്നു. സമസ്തയെന്നാൽ ലീഗും ലീഗെന്നാൽ സമസ്തയുമെന്ന് സമസ്ത ഗോൾഡൻ ജൂബിലി ആഘോഷ വേദിയിൽ ആയിരങ്ങളെ സാക്ഷിനിർത്തി പറഞ്ഞ എം.ടി.അബ്ദുല്ല മുസ്‌ലിയാരെ സംരക്ഷിക്കാൻ തന്നെയാണ് ലീഗിന്റെ തീരുമാനം. അതേസമയം,​ വിഷയത്തിൽ പരസ്യമായ അഭിപ്രായ പ്രകടനങ്ങൾ നടത്തി വിവാദങ്ങളുണ്ടാക്കാൻ ലീഗ് നേതൃത്വം തയ്യാറല്ല. കഴിഞ്ഞ ദിവസം മലപ്പുറത്ത് വിളിച്ചുചേർത്ത മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗത്തിന് ശേഷം പതിവ് വാർത്താസമ്മേളനത്തിന് കൂടി മുസ്‌ലിം ലീഗ് നേതാക്കൾ തയ്യാറായിരുന്നില്ല. മലപ്പുറം പ്രസ് ക്ലബ്ബിലെ പുസ്തക പ്രകാശന ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന മുനവ്വറലി ശിഹാബ് തങ്ങൾ മാദ്ധ്യമങ്ങളുടെ ചോദ്യം നേരിടേണ്ടി വരുമെന്നതിനാൽ പരിപാടിയിൽ നിന്നൊഴിവായി. പിന്നീട് പാണക്കാട്ട് വച്ചാണ് പുസ്‌തക പ്രകാശനം നടന്നത്. സ്ത്രീ സമത്വത്തെക്കുറിച്ചും മുന്നേറ്റത്തെക്കുറിച്ചും സോഷ്യൽ മീഡിയയിൽ എഴുതിതള്ളുന്ന പുരോഗമന ലീഗ് നേതാക്കളടക്കം ഒരക്ഷരം മിണ്ടിയില്ല. ഇടത്തോട്ട് അൽപ്പം ചാഞ്ഞിരുന്ന സമസ്തയെ പിണക്കാൻ ഇടതന്മാരും തയ്യാറായിരുന്നില്ല. സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനത്തപ്പോൾ ആർക്കൊക്കയോ വേണ്ടി ചില പ്രസ്താവനകൾ. ഗത്യന്തരമില്ലാതെ വന്നപ്പോൾ ബാലാവകാശ കമ്മിഷന്റെ കേസും.

ഇസ്‌ലാമിന്റെ അദ്ധ്യപനങ്ങളല്ല എം.ടി.അബ്ദുല്ല മുസ്‌ലിയാർ പറഞ്ഞതെന്ന് പരസ്യമായി പറയാൻ തയ്യാറായ മുസ്‌ലിം സമുദായ നേതാക്കളും നന്നേ കുറവ്. ഇസ്‌ലാമോഫോബിയ പരത്താൻ ശ്രമിക്കുകയാണെന്ന് ചില മതനേതാക്കൾ അടക്കം പറയുകയും ചെയ്തു. ഈ വാദങ്ങളൊന്നും ശരിയുടെ പക്ഷത്ത് നിൽക്കുന്നവരെ പിന്തിരിപ്പിക്കരുതായിരുന്നു. സ്വന്തം സമുദായത്തിലെ പുഴുക്കുത്തുകൾ ചൂണ്ടിക്കാട്ടി അതിശക്തമായി ആദ്യം എതിർക്കേണ്ടത് മതനേതൃത്വങ്ങളാണ്. ഇതിന് തയ്യാറാവുന്നതോടെ നിരാശരാവുക കലക്കവെള്ളത്തിൽ മീൻപിടിക്കാൻ നിൽക്കുന്നവർ കൂടിയാണ്. ഒരുപെൺകുട്ടിക്കെതിരെ അതിനിന്ദ്യകരമായ വാക്കുകൾ പ്രയോഗിച്ചപ്പോൾ പുലർത്തിയ ഈ മൗനത്തിന് സമുദായനേതൃത്വം മറുപടി പറയേണ്ടി വരിക വളർന്നുവരുന്ന പെൺതലമുറയോടാണ്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ മുസ്‌ലിം ആൺകുട്ടികളേക്കാൾ ഏറെ മുന്നിലാണ് തട്ടമിട്ട പെൺകുട്ടികൾ. അതിരുകളില്ലാത്ത സാദ്ധ്യതകളിലേക്ക് പറന്നുയരുന്ന ഇവരുടെ ചിറകരിയാനുള്ള ഏതൊരു ശ്രമങ്ങളും ശക്തമായി ചെറുക്കപ്പെടേണ്ടതാണ്. കാലം മാറിയതറിയാതെ തുള്ളുന്നവരെ നിലയ്ക്കുനിറുത്തേണ്ടതിന്റെ ചുമതലകൂടി മതനേതൃത്വങ്ങൾക്കുണ്ട്.

ഉയരണം ഇത്തരം വാക്കുകൾ

എം.എസ്.എഫ് നേതൃനിരയിലെ വേറിട്ട ശബ്ദമാണ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ. ഹരിത വിവാദത്തിൽ ന്യായത്തിന്റെ പക്ഷത്ത് ഉറച്ചുനിന്നതിന്റെ പേരിൽ അച്ചടക്ക നടപടികൾക്കടക്കം വിധേയയായി. മുസ്‌ലിം പെൺകുട്ടികളെ വേദികളിൽ നിന്ന് മാറ്റി നിർത്തുന്നതും, അപമാനിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സമൂഹത്തിലുണ്ടാക്കുക. ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നവർ, പിന്നീട് മതത്തേയും മതനേതൃത്വത്തേയും വെറുക്കുമെന്ന് ഫാത്തിമ ഫേസ്ബുക്കിൽ കുറിച്ചു.

തളർത്തണം ഈ നിലപാട്

എം.ടി.അബ്ദുല്ല മുസ്‌ലിയാരുടെ വാക്കുകളെ ന്യായീകരിക്കാൻ സമസ്തയിൽ നിന്നുതന്നെ ശ്രമങ്ങളുണ്ടാകുന്നുണ്ട്. സുന്നി യുവജന നേതാവ് സത്താർ പന്തല്ലൂരിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വിളിച്ചുപറയുന്നതും ഇതാണ്.

സത്താർ പന്തല്ലൂരിന്റെ

ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ
മലപ്പുറത്തെ ഒരു ഗ്രാമപ്രദേശത്ത് നടന്ന മതചടങ്ങിൽ അവാർഡ് വാങ്ങാൻ മുതിർന്ന പെൺകുട്ടിയെ വേദിയിലേക്ക് വിളിച്ചതിനെ വിമർശിച്ചുവെന്നതാണ് മാദ്ധ്യമങ്ങൾക്ക് ചാകരയായിട്ടുള്ളത്. അന്യ സ്ത്രീ പുരുഷൻമാർ തമ്മിൽ ഇടകലരാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക എന്നതാണ് ഇതിന്റെ മതതാത്പര്യം. പിന്നെ വിമർശനത്തിന്റെ ശൈലി, ഉപയോഗിച്ച വാക്കുകൾ, ശരീരഭാഷ ഇതൊക്കെ ഓരോ വ്യക്തികൾക്കനുസരിച്ച് വ്യത്യാസപ്പെട്ടെന്ന് വരാം. ആര് അപരിഷ്‌കൃതമെന്ന് വിളിച്ചാലും ഇതാണ് മതനിയമം എന്ന് അഭിമാനത്തോടെ പറയും. അത് സ്വീകരിക്കാനും നിരാകരിക്കാനും എല്ലാവർക്കും സ്വാതന്ത്ര്യവുമുണ്ട്.

സാമൂഹ്യ മാദ്ധ്യമങ്ങളും ദൃശ്യമാദ്ധ്യമങ്ങളും ആകാശ ഭൂമികൾക്കിടയിലെ ഏറ്റവും വലിയ മഹാപാതകമായി ഇതിനെ അവതരിപ്പിച്ചാലും അതിലെ അവതാരകർ അപസ്മാരം ബാധിച്ചവരെപ്പോലെ കൈയും കാലുമിട്ടടിച്ചാലും വിശ്വാസികൾ മോഹാലസ്യപ്പെട്ട് വീഴുമെന്ന് ആരും വിചാരിക്കേണ്ട. നിങ്ങളുടെ ഇസ്‌ലാമോഫോബിക് അജണ്ടകളൊക്കെ സമുദായം തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. ഈ സംഭവത്തിന്റെ മറവിൽ ഇസ്‌ലാമിനെ തന്നെ മോശമായി ചിത്രീകരിക്കാൻ പലരും രംഗത്ത് വന്നിട്ടും തലക്കു മുകളിൽ തൂങ്ങിക്കിടന്നിരുന്ന ഫാസി സം അല്പം മുകളിലോട്ട് പൊങ്ങിയതും നമുക്ക് തിരിച്ചറിയും.

മതപണ്ഡിതർ വിശ്വാസികൾക്കിടയിൽ നടത്തുന്ന ഉദ്‌ബോധനങ്ങളും ശാസനകളും പുറമെയുള്ളവർക്ക് ഉൾക്കൊള്ളാൻ പ്രയാസമാവുക സ്വാഭാവികം. തിരിച്ചും അങ്ങനെയാണന്ന് ബന്ധപ്പെട്ടവർ മനസ്സിലാക്കുക. ആൺകുട്ടികളും പെൺകുട്ടികളും കാമ്പസുകളിൽ ധാർമ്മികതയുടെ അതിരുകൾ ലംഘിക്കാതിരിക്കണമെന്ന് അവർക്കും അവരുടെ രക്ഷിതാക്കൾക്കും ആഗ്രഹിക്കാവുന്നതും അതിനാവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാവുന്നതുമാണ്.

ഇതിനെ പെണ്ണിനെ തളച്ചിടാനുള്ള നീക്കമായി പറയുന്നവർ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ സ്റ്റുഡന്റ്സ് ഹോസ്റ്റലിൽ പോലും ഏത് പാതിരാത്രിയിലും ആൺ പെൺ വ്യത്യാസമില്ലാതെ ഒരുമിച്ച് അഴിഞ്ഞാടാൻ അവസരം നൽകുന്നതിനെ എന്താണ് വിളിക്കുക? ഇത് സ്ത്രീ സ്വാതന്ത്ര്യമാണോ ? ഈ സ്വാതന്ത്ര്യം നിങ്ങളുടെ മക്കൾക്ക് നിങ്ങൾ വകവെച്ചു കൊടുക്കുമോ ? ആ സ്വാതന്ത്ര്യം നിങ്ങളുടെ മക്കൾ അനുഭവിക്കുന്നതിൽ നിങ്ങൾ അഭിമാനിക്കുന്നവരാണോ ?

വിവാദവിഷയത്തെ മറച്ചുവെക്കാൻ മറ്റു സമുദായങ്ങളിലോ രാഷ്ട്രീയ പാർട്ടികളിലോ നടക്കുന്ന സ്ത്രീവിരുദ്ധ നടപടികൾ ചർച്ചയാക്കേണ്ട ഗതികേടൊന്നും മുസ്‌ലിം സമുദായത്തിനില്ല. അടിസ്ഥാനപരമായി, വിവാദമാക്കിയ സംഭവത്തിൽ തെറ്റുപറ്റിയിട്ടില്ല, തിരുത്തേണ്ടതുമില്ല. അതുകൊണ്ട് തന്നെ നിങ്ങളും അങ്ങനെ ചെയ്തില്ലേ എന്ന് തിരിച്ചുപറയുന്ന തറവേലക്ക് നമ്മളില്ല. മതസ്ഥാപനങ്ങളിൽ മത നിയമങ്ങൾ പഠിപ്പിക്കാനും പരിശീലിപ്പിക്കാനും ഇനിയും ശ്രമങ്ങൾ തുടരും. ഒറ്റപ്പെട്ട കേന്ദ്രങ്ങളിൽ അത് ലംഘിക്കപ്പെടുമ്പോൾ ഇത്തരം ശാസനകൾ തുടരുകയും ചെയ്യും. പബ്ലിസിറ്റി മോഹിയായ ഗവർണർ മുതൽ ആളും തരവും നോക്കി മാത്രം പ്രതികരിക്കുന്ന വനിതാ കമ്മിഷനടക്കം പിന്തുടരാം. ഇനിയും അവസരങ്ങൾ ലഭിക്കും.

പ്രതീക്ഷയാണ് ഈ വാക്കുകൾ

എം.ടി അബ്ദുള്ള മുസ്‌ലിയാരുടെ നിലപാടിനെതിരെ കടുത്ത വിമർശനവുമായി മുസ്‌ലിം സമുദായ നേതൃത്വത്തിന് ഇടയിൽ നിന്ന് തന്നെ ശബ്ദമുയരുന്നു എന്നത് വലിയ പ്രതീക്ഷയേകുന്നു. മുസ്‌ലിം സമുദായത്തിലെ നവോത്ഥാനക്കാരായ മുജാഹിദ് പക്ഷത്തിൽ നിന്നുള്ള നേതാവ് ഡോ.എ.ഐ അബ്ദുൽ മജീദ് സ്വലാഹി സംശയങ്ങൾക്ക് ഇടയില്ലാത്ത വിധം നിലപാട് വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ആരാഡാ........ സമസ്തയുടെ പെൺവിരുദ്ധത അംഗീകരിക്കുക?. പെണ്ണ് എഴുത്തും വായനയും പഠിക്കരുതെന്നും പള്ളിയിൽ ജമാഅത്തിനും ജുമുഅക്കും പോകരുതെന്നും വാദിച്ചിരുന്ന സമസ്ത എത്ര വളർന്നാലും ഉള്ളിലിരിപ്പു മാറില്ലെന്നു തെളിയിക്കുന്നതാണ് എം.ടി.മുസ്ലിയാരുടെ ശാസനയിൽ തെളിഞ്ഞു വരുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നവർക്ക് അവിടത്തെ കുട്ടികളെ പലപ്പോഴും ആദരിക്കേണ്ടിവരും. അദ്ധ്യാപികമാരെയും അനുമോദിക്കേണ്ടി വരും. അതെല്ലാം നമ്മുടെ സ്ഥാപനങ്ങളിൽ നടന്നുവരുന്ന കാര്യങ്ങളാണ്. ഇസ്‌ലാമിക ചിട്ടയും മര്യാദയും പാലിച്ചു കൊണ്ട് തന്നെ ഇതെല്ലാം നടക്കുമ്പോൾ പെൺകുട്ടികളെ പരസ്യമായി അവഹേളിക്കുന്ന തരത്തിൽ സമസ്ത നേതാവിന്റെ പരസ്യപ്രതികരണം പുതുതലമുറയിൽ വലിയ അപകർഷബോധം സൃഷ്ടിക്കാൻ ഇടയാക്കുന്നതാണ്. ആണും പെണ്ണും ഇടകലർന്ന് എല്ലാ മൂല്യങ്ങളും തകർക്കാൻ കൂട്ടുനിൽക്കണമെന്നല്ല ഇതിന്റെയർത്ഥം.
ഒരു ധാർമികപ്രസ്ഥാനത്തിനു ചേരുന്ന രൂപത്തിൽ മാത്രമേ കാര്യങ്ങളെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുകയുള്ളൂ എന്നതും നേര്. ഏറ്റവും വലിയ പുരോഗമനവാദികളായി ചമയാൻ ശ്രമിക്കുകയും പെൺ മക്കളെ ബഹുവർണ മറക്കുള്ളിൽ അടച്ചിടുകയും ചെയ്യുന്ന പൗരോഹിത്യം എതിർക്കപ്പെടണം. സമസ്ത അവരുടെ പെൺവിരുദ്ധത ഉറക്കെ പറയുകയാണ്. നവോത്ഥാന പ്രസ്ഥാനങ്ങളുടെ സാന്നിധ്യം ഇവിടെ ഇല്ലെങ്കിൽ താലിബാനിസം എന്നോ മലയാളി മുസ്‌ലിം സ്ത്രീകളെ വരിഞ്ഞു മുറുക്കിയിട്ടുണ്ടാവും. വളയമില്ലാതെ ചാടുന്ന സ്വാതന്ത്യവാദികളുടെ അതിവാദങ്ങൾക്കും പൗരോഹിത്യത്തിനും മദ്ധ്യേയാണ് വിവേകമതികൾ ഈ വിഷയത്തെ കാണേണ്ടത്. ഇസ്‌ലാമിക ചരിത്രവും അതാണ് പഠിപ്പിക്കുന്നത്. സ്ത്രീ വിദ്യാഭ്യാസത്തിനും സാമൂഹിക രാഷ്ട്രീയ മുന്നേറ്റത്തിനും വഴിയൊരുക്കിയ മുജാഹിദ് പ്രസ്ഥാനത്തെ നുണകൊണ്ടു തകർക്കാൻ ശ്രമിക്കുന്ന സമസ്ത പൊതുസമൂഹത്തിൽ നാണംകെട്ട് നിൽക്കുന്നതിനു ആരാണ് ഉത്തരവാദികൾ. ? ഇസ്‌ലാമിക വസ്ത്രം ധരിച്ച ഒരു സ്ത്രീ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങിയാലും സമസ്ത 'ആരാഡാ' എന്ന പുരോഹിത വടിയെടുക്കും . ഈ പുരോഹിതരെ നോക്കുകുത്തികളാക്കി തന്നെയാണ് മലയാളി മുസ്‌ലിം സ്ത്രീകൾ വളർന്നത്. അതിനെ തടയാൻ സമസ്തക്ക് ഇനി സാധിക്കില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: REMARK AGAINST INVITING MUSLIM GIRL ON DAIS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.