SignIn
Kerala Kaumudi Online
Tuesday, 24 May 2022 6.05 AM IST

വാടക കൊടുത്ത മുടിഞ്ഞ പി.എസ്.സി ഓഫീസ് ചോദിക്കുന്നു, ഒരുതുണ്ട് ഭൂമി തരൂ, കെട്ടിടം പണിയാൻ...

psc
പട്ടികജാതി വികസന കോർപറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പി.എസ്.സി ഓഫീസ്.

തൃശൂർ: വാടകക്കെട്ടിടത്തിൽ നിന്ന് സ്വന്തം കെട്ടിടത്തിലേക്ക് മാറണമെന്ന തൃശൂർ പി.എസ്.സി കേന്ദ്രത്തിന്റെ ആഗ്രഹത്തിന് പതിറ്റാണ്ടുകളുടെ പഴക്കം. എന്നാൽ കെട്ടിടം നിർമ്മിക്കാനുള്ള സ്ഥലത്തിനായുള്ള നെട്ടോട്ടത്തിലാണ് അധികൃതർ. മുട്ടാത്ത വാതിലുകളില്ല, എന്നാൽ ചെല്ലുന്നിടത്തെല്ലാം തടസം. ഏകദേശം രണ്ടുകോടി രൂപയോളമാണ് പ്രതിവർഷം വാടകയിനത്തിൽ മാത്രം നൽകേണ്ടിവരുന്നത്.

എം.ജി റോഡിലെ പാറയിൽ കെട്ടിടത്തിലായിരുന്നു ആദ്യം പി.എസ്.സി ഓഫീസ് പ്രവർത്തിച്ചിരുന്നത്. 2010ലാണ് രാമനിലയത്തിന് അടുത്തുള്ള പട്ടികജാതി വികസന കോർപറേഷൻ കെട്ടിടത്തിന്റെ മുകളിലെ നിലയിലേക്ക് മാറ്റിയത്. പി.എസ്.സി ഓഫീസിലേക്ക് വരുന്ന ഉദ്യോഗാർത്ഥിക്കൾക്കും ഇത് ഏറെ ദുരിതമാകുന്നുണ്ട്. അഭിമുഖം, പ്രമാണ പരിശോധന, മറ്റ് അന്വേഷണം എന്നിവയ്ക്കെല്ലാം ലിഫ്റ്റ് പോലുമില്ലാത്തെ കെട്ടിടത്തിന്റെ മുകളിലെ നിലയിലെത്തണം.

സംസ്ഥാനത്ത് സ്വന്തമായി കെട്ടിടമില്ലാത്ത ജില്ലാ പി.എസ്.സി ഓഫീസുകൾ അധികമില്ല, അതിലൊന്നാണ് തൃശൂർ. സംസ്ഥാന മദ്ധ്യത്തിലുള്ള തൃശൂരിൽ പി.എസ്.സിക്ക് വിപുലമായ ഓഫീസും മറ്റും ഉണ്ടായാൽ വടക്കൻ ജില്ലക്കാർക്ക് തിരുവനന്തപുരത്തേക്ക് പോകാതെ ഇവിടെ സൗകര്യം ഒരുക്കാനാകും.

വാടക കേട്ടാൽ..!

നിലവിലുണ്ടായിരുന്ന ഓഫീസിന് പുറമേ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ഓൺലൈൻ പരീക്ഷാ കേന്ദ്രം ഉൾപ്പെടെ രണ്ട് ഓഫീസുകളാണ് പട്ടികജാതി വികസന കോർപറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്.

പ്രധാന ഓഫീസ്

  • വിസ്തീർണം - 5734 ചതുരശ്രഅടി
  • പ്രതിമാസ വാടക - 1,56,974
  • പ്രതിവർഷം - 18,83,688

പുതിയ ഓൺലൈൻ പരീക്ഷാ കേന്ദ്രം

  • വിസ്തീർണം - 1565 ചതുരശ്രഅടി
  • പ്രതിമാസ വാടക - 69,629
  • പ്രതിവർഷം - 77, 98,448


കപ്പിനും ചുണ്ടിനും ഇടയിൽ

ജവഹർ ബാലഭവൻ പരിസരത്തിന് രാമനിലയത്തിന്റെ അധീനതയിലുള്ള ഭൂമി പി.എസ്.സിക്ക് കെട്ടിടത്തിനായി നൽകാമെന്ന് ധാരണയുണ്ടായെങ്കിലും പലയിടത്തുനിന്നും വിമർശനം ഉയർന്നു. 20 സെന്റ് സ്ഥലമാണ് പി.എസ്.സിക്ക് നൽകാൻ കളക്ടറായിരുന്ന ടി.വി. അനുപമ ഉത്തരവിട്ടത്. എന്നാൽ വിവാദമായപ്പോൾ വീണ്ടും അന്വേഷണം നടത്തുകയും പൊന്നുംവില കിട്ടാവുന്ന സ്ഥലം വിട്ടുനൽകിയാൽ സർക്കാരിന് നഷ്ടമാകുമെന്നും റിപ്പോർട്ട് നൽകി. ഇതോടെ ഈ വാതിലും അടയുകയായിരുന്നു.

പുതിയ സാദ്ധ്യത

ചെമ്പുക്കാവിലെ ഇപ്പോഴത്തെ മൃഗശാല പുത്തൂരിലേക്ക് മാറ്റുന്നതോടെ ഒഴിയുന്ന സ്ഥലം പി.എസ്.സിക്ക് നൽകിയാൽ സൗകര്യമാകും. പി.എസ്.സി ഓഫീസ് ഇപ്പോൾ പ്രവർത്തിക്കുന്നതും ഇതിനടുത്താണ്. മറ്റ് സ്ഥലങ്ങളും പരിശോധിക്കുന്നുണ്ട്.

ഭിന്നശേഷിക്കാർ വലയുന്നു

പി.എസ്.സിയുടെ കൂടിക്കാഴ്ചകൾക്കെത്തുന്ന ഭിന്നശേഷിക്കാർക്ക് മുകളിലെ ഓഫീസിലേക്ക് എത്താൻ കഴിയാത്തത് പി.എസ്.സി അധികൃതരെയും വലയ്ക്കുന്നു. പലപ്പോഴും ഇന്റർവ്യു ബോർഡ് താഴത്തെ നിലയിലെത്തി പൊതു സ്ഥലത്തിരുന്ന് അഭിമുഖം നടത്തേണ്ടിവരുന്നുണ്ട്. പട്ടികജാതി വികസന കോർപറേഷൻ ഓഫീസിലേക്ക് എത്തുന്നവർക്ക് ഇടയിൽ ഇരുന്നാണ് പലപ്പോഴും അഭിമുഖം നടത്താറുള്ളത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.