തൃശൂർ: പൂരം നേരിൽ കാണാൻ ഏറെ മോഹിച്ചെത്തിയ കൃഷ്ണപ്രിയയും കൂട്ടുകാരും ജനക്കൂട്ടത്തിനു പിന്നിലായിപ്പോയി. ഒന്നും കാണാൻ വയ്യ. കരയുമെന്നായപ്പോൾ കൂട്ടത്തിലുള്ള സുദീപ് പറഞ്ഞു, എന്നാൽ കയറിക്കോ... ചങ്കിന്റെ തോളിലിരുന്ന് പെൺകുട്ടി പൂരാവേശത്തിൽ ആർത്തുവിളിക്കുന്നത് സമൂഹമാദ്ധ്യമങ്ങളിൽ വെെറൽ.
ആരോ പകർത്തിയിട്ടതാണ്. തൃശൂർ എൽത്തുരുത്ത് സ്വദേശി സുദീപിനെ ഫോൺ വിളിച്ചിട്ടാണ് മണ്ണുത്തിക്കാരി കൃഷ്ണപ്രിയയും സുഹൃത്തുക്കളായ രേഷ്മയും ബിയാനിയും പൂരപ്പറമ്പിലെത്തിയത്. പൂരം കാണാൻ പാസ് സംഘടിപ്പിച്ചത് രേഷ്മ. തുടർന്ന് കൃഷ്ണപ്രിയയെ ക്ഷണിച്ചു.
മഞ്ചേരിയിൽ ഓൺലെെൻ മാദ്ധ്യമത്തിൽ ജോലിചെയ്യുന്ന കൃഷ്ണപ്രിയ അവിടെവച്ച് സൗഹൃദത്തിലായ നഴ്സ് ബിയാനിയെയും കൂട്ടി. തെക്കേഗോപുരത്തിലെത്തിയ സംഘത്തെ കണ്ടപ്പോൾ യുവതികളുടെ സുരക്ഷയോർത്ത് പൊലീസ് മറ്റൊരു സ്ഥലത്തേക്ക് മാറാൻ നിർദ്ദേശിച്ചു.
ബാരിക്കേഡ് കടന്നപ്പോൾ എത്തിയത് വെടിക്കെട്ട് സ്ഥലത്ത്. അവിടെ നിന്ന് ആളുകളെ മാറ്റിയ കൂട്ടത്തിൽ ഇവരും പെട്ടതോടെ പൂരമോഹം പൊലിയുമെന്നായി. രേഷ്മയ്ക്കാണെങ്കിൽ താൻ ക്ഷണിച്ചുവരുത്തിയ കൂട്ടുകാരെ എങ്ങനെയും പൂരം കാണിക്കണം. ക്ഷേത്രമതിൽ ചാടാൻ വരെ ആലോചിച്ചു.
കേസ് ഭയന്ന് പിൻമാറി. തുടർന്ന് കേണപേക്ഷിച്ചപ്പോൾ പൊലീസുകാർ കടത്തിവിടുകയായിരുന്നു. പെരുമഴയൊന്നും സാരമാക്കിയില്ല. കുടമാറ്റം ഉൾപ്പെടെ കണ്ടാണ് മടങ്ങിയത്.
ദുബായിലുള്ള മണ്ണുത്തി സ്വദേശി അമലിന്റെ എൻജിനിയറിംഗ് കോളേജ് സഹപാഠിയാണ് സുദീപ്. ഇപ്പോൾ തൃശൂരിൽ ഓട്ടോമൊബൈൽ സ്ഥാപനത്തിൽ ജോലി. അമൽ വഴിയാണ് കൃഷ്ണപ്രിയയെ നാലു വർഷം മുമ്പ് പരിചയപ്പെടുന്നത്. കൃഷ്ണപ്രിയയും അമലുമാകട്ടെ സ്കൂൾ സഹപാഠികളും.
പൂരം അടുത്തുനിന്ന് കാണുകയെന്ന മോഹം സാധിച്ചു. വീഡിയോ കണ്ട് സുരേഷ് ഗോപി, മന്ത്രി ആർ. ബിന്ദു തുടങ്ങിയവർ വിളിച്ചപ്പോൾ വലിയ സന്തോഷം
-കൃഷ്ണപ്രിയ
അടുത്ത സുഹൃത്തിന്റെ ആഗ്രഹം സാധിച്ചുകൊടുക്കാനായല്ലോ. ആറാട്ടുപുഴയിലും കൃഷ്ണപ്രിയയെ ഉയർത്തി പൂരം കാണിച്ചിരുന്നു
-സുദീപ്