പശുവിനെ വെട്ടാൻ പറ്റില്ല എന്ന സിസ്‌റ്റം ഇന്ത്യയിലില്ലായിരുന്നെന്ന് നടി നിഖില വിമൽ. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പശുവുമായി ബന്ധപ്പെട്ട് തന്റെ രാഷ്‌ട്രീയം നടി വ്യക്തമാക്കിയത്. ചെസ് കളിയിൽ ജയിക്കാൻ എന്ത് ചെയ്യണം? എന്ന കുസൃതി ചോദ്യത്തിന് കുതിരയെ മാറ്റി പശുവിനെ വച്ചാൽ മതി അപ്പോൾ വെട്ടാൻ പറ്റില്ലല്ലോ എന്ന ഉത്തരം കേട്ടാണ് നിഖില തന്റെ നിലപാട് പറഞ്ഞത്.
പശുവിനെ വെട്ടാൻ പറ്റില്ലെന്ന് ആരാണ് പറഞ്ഞത്. മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കിൽ ഒരു മൃഗത്തെയും വെട്ടരുത്. മൃഗങ്ങളെ സംരക്ഷിക്കുന്നെങ്കിൽ എല്ലാ മൃഗങ്ങളെയും സംരക്ഷിക്കണം. വന്യമൃഗങ്ങളെ വെട്ടരുതെന്ന് പറയുന്നത് അതിന് വംശനാശം വരുന്നതുകൊണ്ടാണ്. പശുവിന് മാത്രം പ്രത്യേകമായി ഒരു പരിഗണനയില്ല. കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. ഇന്ത്യയിൽ പശുവിനെ വെട്ടാൻ പാടില്ലെന്ന സിസ്‌റ്റമില്ലായിരുന്നു അത് കൊണ്ടുവന്നതല്ലേ എന്ന് നടി ചോദിക്കുന്നു. താൻ എന്തും കഴിക്കുന്നയാളാണെന്നും നിഖില വ്യക്തമാക്കി. നിഖില നൽകിയ മറുപടി നിരവധി പേരാണ് ഏറ്റെടുത്തത്. കൃത്യമായ രാഷ്‌ട്രീയമാണ് നടി തന്റെ മറുപടിയിലൂടെ നൽകിയതെന്നാണ് പിന്തുണയ്‌ക്കുന്നവർ വ്യക്തമാക്കിയത്.