SignIn
Kerala Kaumudi Online
Friday, 19 April 2024 3.49 PM IST

കത്തിയും കുറ്റിയും കോഴിക്കടകളും

photo

ഷവർമ്മ കഴിച്ച് കാസർകോട്ട് ഒരു കുട്ടി മരിക്കാനിടയായ സംഭവം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കണ്ണ് തുറപ്പിച്ചോ എന്നൊന്നും തറപ്പിച്ചു പറയാൻ പറ്റില്ല. എങ്കിലും സടകുടഞ്ഞെഴുന്നേറ്റ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഈ പരിശോധന മാസത്തിലൊരിക്കലെങ്കിലും നടന്നിരുന്നെങ്കിൽ ഇത്തരമൊരു ദുരന്തം ഒഴിവാക്കാൻ കഴിയുമായിരുന്നു. ഇപ്പോൾ ദിവസവും റെയ്ഡാണ്. പഴകിയ ഇറച്ചി മുതൽ പുഴുവരിച്ച മത്സ്യം വരെ ഇടതടവില്ലാതെ പിടികൂടുന്നതു കാണുന്നത് ആശ്വാസം. പറഞ്ഞു വരുന്നത് അതല്ല. ഇതിനിടയിൽ കോഴിയിറച്ചി വിൽക്കുന്ന കടകളുടെ കാര്യം ആരുടെ കണ്ണിലും പെടുന്നില്ലെന്നതാണ് സത്യം.

ഒരു കത്തി, ഒരു കുറ്റി, ഒരുപെട്ടി ഇതാണ് കേരളത്തിലെ നല്ലൊരു പങ്കും കോഴിക്കടകളുടെ അവസ്ഥ. ഇത്രയും സാമഗ്രികളുണ്ടായാൽ സംസ്ഥാനത്ത് ആർക്കും കോഴിക്കടകൾ തുടങ്ങാമെന്നാണ് വ്യവസ്ഥ. ആരുണ്ട് ചോദിക്കാനും പറയാനും. കേരളത്തിൽ 26000 കോഴിക്കടകളുണ്ട് . അതിൽ അഞ്ച് ശതമാനത്തിൽ താഴെ മാത്രമേ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അനുമതിയുള്ളൂ. സർക്കാരിന്റെ കണക്കിൽ സംസ്ഥാനത്തെ കോഴിക്കടകളുടെ എണ്ണം 1500 ൽതാഴെ .ബാക്കിയെല്ലാം അനധികൃതം . 2006 ലെ ഭക്ഷ്യസുരക്ഷാ നിയമമനുസരിച്ച് കോഴികളെ കൊന്നു വിൽക്കുന്ന കടകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അനുമതി വേണം. അത്തരം അനുമതിയുള്ള കടകളിൽ നിന്നു മാത്രമേ ഹോട്ടലുകളും ഷവർമ്മ വില്പനക്കാരുമെല്ലാം ഇറച്ചി വാങ്ങിക്കാവൂ എന്നാണ് നിയമം.

മാർഗം തെറ്റിയ

മാർഗരേഖ
കോഴിക്കടകൾ നവീകരിക്കാനും ശുചിത്വം ഉറപ്പാക്കാനും ഭക്ഷ്യസുരക്ഷാ നിയമം പാലിക്കുന്നതിനും വേണ്ടി 2021 നവംബറിൽ തദ്ദേശസ്വയംഭരണ വകുപ്പ് മാർഗരേഖ പുറത്തിറക്കിയിരുന്നു. അതിന്റെ ഭാഗമായി കോഴിക്കടകൾ ഹൈടെക്കാക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചതുമാണ്. അതൊന്നും നടപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ മിനക്കെട്ടില്ല. തങ്ങളുടെ പ്രദേശത്ത് എത്ര കോഴിക്കടയുണ്ടെന്ന കണക്കു പോലും മിക്ക തദ്ദേശസ്ഥാപനങ്ങളുടെയും പക്കലില്ല.

കോഴിക്കടകളുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ എല്ലാ ജില്ലകളിലും കലക്ടർ ചെയർമാനായി ഒരു കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. അതിൽ ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥനും പ്രതിനിധിയായുണ്ട്. ഒരു ജില്ലയിലും ഈ കമ്മിറ്റി കോഴിക്കടകളുടെ പ്രവർത്തനം വിലയിരുത്താറില്ല. മിക്ക കോഴിക്കടകൾക്കും കോഴികളെ ജീവനോടെ തൂക്കിവിൽക്കാനാണ് ലൈസെൻസ് നൽകുന്നത്. എന്നാൽ ഈ ലൈസൻസ് ഉപയോഗിച്ചാണ് കോഴിക്കടകളിൽ കോഴികളെ കൊന്ന് മാംസമാക്കി നൽകുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനാസ്ഥയാണ് ഈ വീഴ്‌ചയ്‌ക്ക് കാരണം. ഭക്ഷ്യസുരക്ഷാ നിയമമനുസരിച്ച് മരക്കുറ്റിയിൽ ഇറച്ചി വെട്ടരുത്. വൃത്തിഹീനമായ മരക്കുറ്റികളിൽ നിന്ന് ഇറച്ചിയിലേക്ക് മാരകമായ ബാക്ടീരിയകൾ കടന്നുവരും. ഇതേ മാംസം ഉപയോഗിച്ച് തയാറാക്കുന്ന വിഭവങ്ങളിലും ബാക്ടീരിയ കടന്നുകൂടും.

കോഴിക്കടകൾക്ക്

ലൈസൻസ് ലഭിക്കാൻ


പുതിയ മാർഗരേഖ പ്രകാരം കോഴിക്കടകൾക്ക് ലൈസൻസ് ലഭിക്കാൻ മാലിന്യസംസ്‌കരണത്തിന് റെന്ററിങ്ങ് പ്ലാന്റുമായുള്ള ധാരണാപത്രം ഹാജരാക്കണം. കൂടാതെ കോഴിക്കടകൾ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിക്കണം. കോഴിക്കടകളിൽ കോഴികളെ കൊല്ലാനും ഡ്രസ്സ് ചെയ്യാനും പ്രത്യേക സൗകര്യമൊരുക്കണം. വൃത്തിയുള്ള ഭാഗം മറ്റ് ഭാഗവുമായി വേർതിരിവ് വേണം. ഇറച്ചിവെട്ടുന്നതിന് മരക്കുറ്റി അനുവദിക്കില്ല. കോഴിക്കടയിൽ ഈച്ച വരാതിരിക്കാൻ നെറ്റ് നിർമ്മിക്കണം. ജീവനക്കാർ ആറ് മാസത്തിലൊരിക്കൽ ആരോഗ്യപരിശോധനയ്‌ക്ക് വിധേയമാകണം. മാലിന്യം സൂക്ഷിക്കാൻ പ്രത്യേക സംവിധാനമൊരുക്കണം. മലിനജലം സംസ്‌കരിക്കാൻ സെപ്റ്റിക് ടാങ്കുകൾ, സോക്ക് പിറ്റുകൾ എന്നിവ പണിയണം.

ഡെയിലി സ്റ്റോക്ക്, കൊല്ലുന്ന കോഴികളുടെ എണ്ണം, മാലിന്യത്തിന്റെ അളവ് എന്നിവ രജിസ്റ്ററിൽ എഴുതി സൂക്ഷിക്കണം. കോഴിക്കടകൾ വൃത്തിയായി സൂക്ഷിക്കണം. തറയും ചുമരും ടൈൽ പതിക്കണം. ഭക്ഷ്യസുരക്ഷാ വകുപ്പ് ഇടയ്ക്കിടെ കോഴിക്കടകൾ പരിശോധിക്കും. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അനുമതിയില്ലാത്ത കോഴിക്കടകളിൽ നിന്ന് ഹോട്ടലുകാർ ഇറച്ചി വാങ്ങരുത്.
തദ്ദേശസ്വയംഭരണ സ്ഥാപനം, മലിനീകരണ നിയന്ത്രണ ബോർഡ്, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവയുടെ അനുമതിയോടെ മാത്രമേ കോഴിക്കട പ്രവർത്തിക്കാവൂ. ഒരു സ്ഥലത്തും മലിനീകരണനിയന്ത്രണ ബോർഡ് പരിശോധന നടത്താറില്ല. നടത്തിയാൽ തന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായമില്ലാതെ കോഴിക്കടകളുടെ പ്രവർത്തനം നിയന്ത്രിക്കാനാകില്ല.

കേരളത്തെ അറവു മാലിന്യവിമുക്ത സംസ്ഥാനമാക്കി മാറ്റാൻ വേണ്ടിയാണ് സ്വകാര്യ സംരംഭകരുടെ സഹകരണത്തോടെ സംസ്ഥാനത്തുടനീളം റെന്ററിങ്ങ് പ്ലാന്റുകൾ സ്ഥാപിക്കപ്പെട്ടത്. സംസ്ഥാനത്ത് പ്രതിദിനം 1500 മെട്രിക് ടൺ കോഴിമാലിന്യം ഉണ്ടാകുന്നെന്നാണ് കണക്ക്. പ്രതിദിനം 1000 ടണ്ണിലധികം മാലിന്യം സംസ്‌കരിക്കാനുള്ള പ്ലാന്റുകൾ ഇതുവരെ സ്ഥാപിച്ചു കഴിഞ്ഞു. എന്നാൽ മലിനീകരണ നിയന്ത്രണ ബോർഡ് പുറത്തിറക്കിയ പ്രവർത്തന മാർഗരേഖകളിൽ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ താത്‌പര്യം കാണിച്ചിരുന്നില്ല.

അറവ് മാലിന്യവിമുക്ത

സംസ്ഥാനമാകും

കഴിഞ്ഞ ഗവൺമെന്റിന്റെ ബഡ്ജറ്റിൽ കേരളത്തെ ആദ്യ അറവു മാലിന്യവിമുക്ത സംസ്ഥാനമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ ആശയത്തിന്റെ പിന്നിൽ പ്രവൃത്തിച്ച ഡോ. പി.വി.മോഹനൻ പറഞ്ഞു. മാർഗരേഖ തയ്യാറാക്കുന്നതിലും അദ്ദേഹം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരിയിലാണ് ആദ്യമായി മാതൃകാ പദ്ധതിക്ക് ഡോ. മോഹനൻ തുടക്കമിട്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNHYGIENIC CHICKEN STALLS IN KERALA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.