SignIn
Kerala Kaumudi Online
Saturday, 20 April 2024 12.34 AM IST

ഇന്ത്യയുടെ ആത്മമിത്രം

photo

യുണൈറ്റഡ് അറബ് എമിരേറ്റ്സ് എന്ന യു.എ.ഇയെ നവയുഗത്തിലേക്ക് നയിച്ച പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻസായിദ് അൽ നഹ്യാന്റെ വേർപാട് ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്. ഇന്ത്യയോടും പ്രത്യേകിച്ച് കേരളത്തോടും വലിയ കരുതൽ കാട്ടിയ രാഷ്ട്രത്തലവനായിരുന്നു അദ്ദേഹം. തങ്ങളുടെ നേട്ടങ്ങളിൽ നിന്നും ഒരു പങ്ക് ജാതി-മത-വർഗ-വർണ വ്യത്യാസങ്ങളില്ലാതെ സംഭാവന ചെയ്യാനുള്ള വിശാലമനസായിരുന്നു

സഹജീവികളോട് സമാനതകളില്ലാത്ത സ്നേഹവും കാരുണ്യവും പ്രകടിപ്പിച്ച ഷെയ്ഖ് ഖലീഫയെ മറ്റു ഭരണാധികാരികളിൽ നിന്ന് വ്യത്യസ്‌തനാക്കുന്നത് .

സഹായമർഹിക്കുന്ന രാജ്യങ്ങളിലേക്ക് അതിരുകൾ നോക്കാതെ ആ കാരുണ്യം പ്രവഹിച്ചു. യു.എ.ഇയുടെ രാഷ്ട്രപിതാവും ആദ്യ പ്രസിഡന്റുമായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽനഹ്യാന്റെ നിര്യാണത്തോടെയാണ് മകനായ ഷെയ്ഖ് ഖലീഫ 2004 ൽ യു.എ.ഇയുടെ പ്രസിഡന്റായി അധികാരമേറ്റത്. യാഥാസ്ഥിതിക ചിന്തയുടെ വേലിക്കെട്ടുകൾ തകർത്തെറിഞ്ഞ ഷെയ്ഖ് ഖലിഫ അതിവേഗം ശക്തനായ ഭരണാധികാരിയായി മാറി. മതവും ആചാരങ്ങളും പവിത്രമായി സംരക്ഷിക്കുമ്പോഴും കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് രാജ്യത്തെ പരിഷ്‌കരിക്കാൻ അദ്ദേഹം പ്രതിജ്ഞാബദ്ധനായിരുന്നു. അധികാരമേറ്റ ഉടൻ മന്ത്രിസഭയിൽ വനിതാപ്രാതിനിദ്ധ്യം നടപ്പിലാക്കി ചരിത്രം സൃഷ്ടിച്ചു. രാജ്യത്താദ്യമായി വനിതാ ജഡ്ജിമാരെ നിയമിച്ചതും ഷെയ്ഖ് ഖലീഫയായിരുന്നു. സർക്കാരിലെ ഉന്നതപദവികളിൽ സ്ത്രീകൾക്ക് മുപ്പതുശതമാനം പ്രാതിനിദ്ധ്യം ഉറപ്പുവരുത്താനും മടിച്ചില്ല. ബിസിനസ് രംഗത്തേക്ക് കൂടുതൽ സ്ത്രീകൾ കടന്നുവരണമെന്നും അവർക്ക് എല്ലാ പ്രോത്സാഹനങ്ങളും നൽകണമെന്നും നിർദ്ദേശിച്ചു. മനുഷ്യജീവിതത്തെ സുന്ദരപൂർണമാക്കുകയെന്ന വീക്ഷണമായിരുന്നു അദ്ദേഹത്തിന്റേത്. സഹിഷ്ണുതയ്ക്കും, ലോകത്താദ്യമായി സന്തോഷത്തിനും പ്രത്യേക മന്ത്രാലയങ്ങൾ ഏർപ്പെടുത്തി വികസിത രാജ്യങ്ങളെപ്പോലും ഞെട്ടിച്ചു.

രാജ്യത്തെ പൗരന്മാർക്കൊപ്പം വിദേശീയർക്കും യു.എ.ഇയിൽ മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾ ഉറപ്പാക്കാനും വികസനപ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ഷെയ്ഖ് ഖലീഫ ശ്രദ്ധപുലർത്തി. സാമൂഹ്യ സേവനരംഗത്ത് അദ്ദേഹം ആവിഷ്‌കരിച്ച പദ്ധതികൾ ഇന്ത്യയിൽനിന്ന് യു.എ.ഇയിലെത്തിയ പ്രവാസികൾക്ക് കൈത്താങ്ങായി. അവിടെ ജോലിയെടുക്കുന്ന മലയാളികൾ സ്വന്തം വീടെന്ന പോലെയാണ് യു.എ.ഇയെ കാണുന്നത്. ജീവിതമാർഗം തേടിയെത്തിയ ഇന്ത്യയടക്കം ഇരുനൂറിലേറെ രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർക്കും യു.എ.ഇയെ അന്യനാടായി കാണാനാവില്ല. ഷെയ്ഖ് ഖലീഫ വളർത്തിയെടുത്ത,​ ഏവരേയും ചേർത്തുപിടിക്കുന്ന സംസ്ക്കാരമാണ് ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനം.

പിതാവിനെപ്പോലെ ഇന്ത്യക്കാരോട് വലിയ സ്നേഹവാത്സല്യങ്ങൾ നിലനിറുത്തിയ ഭരണാധികാരിയായിരുന്നു അദ്ദേഹം. പ്രതിരോധമേഖലയിലടക്കം ഇന്ത്യയുമായി തന്ത്രപ്രധാനമായ സഹകരണം പുലർത്തിയെന്നു മാത്രമല്ല, യു.എ.ഇയിൽ നടന്ന ഇസ്ലാമിക രാഷ്ട്രങ്ങളുടെ രാജ്യാന്തരസമ്മേളനത്തിൽ പാകിസ്ഥാന്റെ എതിർപ്പിനെ മറികടന്ന് ഇന്ത്യയെ മുഖ്യാതിഥിയായി ക്ഷണിക്കാൻ മുൻകൈയെടുത്തതും ഷെയ്ഖ് ഖലീഫയായിരുന്നു. പ്രളയകാലത്ത് കേരളത്തിന് വലിയ സഹായം അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.

മതേതരചിന്തയുടെ പ്രയോക്താവായിരുന്നു ഷെയ്ഖ് ഖലീഫ. യു.എ.ഇയിൽ ഹൈന്ദവക്ഷേത്ര നിർമ്മാണത്തിന് വലിയ പിന്തുണയാണ് നൽകിയത്. 27 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഈ ക്ഷേത്രസമുച്ചയം മധ്യപൂർവദേശത്തെ ആദ്യശിലാക്ഷേത്രമാണ്. യു.എ.ഇയുടെ മതേതരനിലപാടിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മിനാരമായ ബുർജ് ദുബായ്ക്ക് ബുർജ് ഖലീഫയെന്ന് നാമകരണം ചെയ്തത് അദ്ദേഹത്തോടുള്ള ആദരവിലാണ്. ആ മിനാരത്തിലുമേറെ വലിപ്പമുള്ള മനസായിരുന്നു ഷെയ്ഖ് ഖലീഫയെന്ന വലിയ മനുഷ്യന്റെ കൈയ്യൊപ്പ്. ഇന്ത്യയുടെ ആത്മമിത്രത്തിന് ആദരാഞ്ജലികൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SHEIKH KHALIFA BIN ZAYED AL NAHYAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.