SignIn
Kerala Kaumudi Online
Thursday, 25 April 2024 2.31 PM IST

ആരോഗ്യം ക്ഷയിക്കുന്ന കുടുംബാന്തരീക്ഷങ്ങൾ

photo

അന്തർദേശീയ കുടുംബദിനം ഇന്ന്

............................

ലോകം അന്തർദേശീയ കുടുംബദിനം ആചരിക്കുമ്പോൾ ഇന്ത്യയിലെ ആഹ്ളാദം നിറഞ്ഞ കുടുംബങ്ങളുടെ എണ്ണം കുറയുന്നെന്ന് വെളിപ്പെടുത്തുന്നത്

അഞ്ചാമത് ദേശീയ കുടുംബാരോഗ്യ സർവേയിലെ കണ്ടെത്തലുകളാണ്. വിദ്യാഭ്യാസം നേടിയ ദമ്പതിമാർക്കിടയിൽ അതില്ലാത്തവരേക്കാൾ സമാധാനം നിലനിൽക്കുന്നുവെന്ന നല്ല സൂചനകളും സർവേയിലുണ്ട്. ഇതിനൊപ്പം കാലുഷ്യവും കലഹങ്ങളും നിറഞ്ഞ

കുടുംബങ്ങൾ വരുംതലമുറയുടെ മാനസികാരോഗ്യം തകർത്തെറിയുകയാണെന്ന ഗൗരവമേറിയ സത്യം സമൂഹം തിരിച്ചറിയേണ്ടിയിരിക്കുന്നു. ആരോഗ്യരംഗത്തും മറ്റും രാജ്യം നേട്ടങ്ങൾ എണ്ണിപ്പറയുമ്പോഴാണ് ഗാർഹിക പീഡനങ്ങളുടെ കണ്ണീർക്കഥകൾ കൂടുന്നതെന്നോർക്കണം.

വൈവാഹികബന്ധം ഭർത്താവിന് ഭാര്യയോട് ലൈംഗികാതിക്രമം കാട്ടാനുള്ള ലൈസൻസാണോ എന്ന കാര്യത്തിൽ കോടതികൾ പോലും ആശയക്കുഴപ്പത്തിലാണ്. 'മാരിറ്റൽ റേപ് '(ഭർത്താവ് ഭാര്യയെ മാനഭംഗപ്പെടുത്തൽ) കേസിലെ ഡൽഹി ഹൈക്കോടതി വിധിയിൽ വിയോജിപ്പുണ്ടായതിനെ തുടർന്ന് സുപ്രീംകോടതിയുടെ പരിഗണനയ്‌ക്ക് വിട്ടു.

2005ൽ നിലവിൽ വന്ന ഗാർഹിക സ്‌ത്രീപീഡന സംരക്ഷണ നിയമവും കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം അടക്കം തടയാൻ 2012ൽ നിലവിൽ വന്ന പോക്‌സോ നിയമവും കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നുണ്ടെങ്കിലും ആധുനിക സമൂഹത്തിൽ അതിക്രമങ്ങൾക്ക് കുറവില്ലെന്നാണ് സർവേയിലെ കണ്ടെത്തലുകൾ.

സ്ത്രീകൾക്കെതിരായ

ഗാർഹിക പീഡനങ്ങൾ

2019 ജൂൺ മുതൽ 2021 ഏപ്രിൽ വരെ 18-49 പ്രായപരിധിയിലുള്ള 72,056 സ്‌ത്രീകളിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ദേശീയ കുടുംബാരോഗ്യ സർവേയിലെ ഗാർഹിക പീഡനങ്ങളുടെ കണക്കുകൾ.

പങ്കാളികളിൽ നിന്ന് നേരിടുന്ന ശാരീരിക പീഡനങ്ങളിൽ ചവിട്ട്, തള്ളൽ, സാധനങ്ങൾ ശരീരത്തിലേക്ക് വലിച്ചെറിയൽ, കരണത്തടി, കൈപിടിച്ച് തിരിക്കൽ, മുടിപിടിച്ച് വലിക്കൽ, മുഷ്‌ടികൊണ്ടുള്ള ഇടി, തീപൊള്ളിക്കൽ, കത്തി, തോക്ക് തുടങ്ങിയവ കാണിച്ച് ഭീഷണി എന്നിവ ഉൾപ്പെടുന്നു. മറ്റുള്ളവരുടെ മുന്നിൽ വച്ച് അപമാനിക്കൽ, സ്വന്തക്കാരെ ഉപദ്രവിക്കുമെന്ന ഭീഷണി, അപമാനിക്കുമെന്ന ഭീഷണി തുടങ്ങിയവ മാനസികമായ പീഡനമായും കണക്കാക്കുന്നു.

വിവാഹവും പ്രായവും

പ്രായം കൂടുന്തോറും സ്‌ത്രീകൾക്കു നേരെയുള്ള ശാരീരിക പീഡനങ്ങളും ഏറുന്നുവെന്നാണ് സർവേയിലെ പ്രധാന കണ്ടെത്തൽ. വിവാഹം കഴിച്ചവരെ അപേക്ഷിച്ച് അവിവാഹിതർക്ക് നേരെ പീഡനം കുറവാണെന്നും കണ്ടെത്തി. വിവാഹിതരിൽ ഗ്രാമീണ സ്‌‌ത്രീകളാണ് പീഡനം ഏറ്റുവാങ്ങുന്നവരിൽ കൂടുതലും. 18-19 പ്രായക്കാരിൽ 17 ശതമാനം മാത്രമാണ് ഗാർഹിക പീഡനങ്ങൾക്കിരയായത്. 40-49 പ്രായക്കാരിൽ അത് 32 ശതമാനമായി വർദ്ധിച്ചു.

പഠിപ്പു നേടിയവർക്കും സ്വത്തുള്ളവർക്കും നേരെ ശാരീരിക പീഡനം കുറവാണെന്നതും ശ്രദ്ധേയമാണ്. പീഡനത്തിന്റെ കണക്ക് സ്‌കൂളിൽ പോകാത്തവരിൽ 40 ശതമാനവും 12-ാം ക്ളാസ് വരെയെങ്കിലും പഠിച്ചവരിൽ 18 ശതമാനവും മാത്രമാണ്. സ്വത്തുള്ള വീടുകളിലെ സ്‌ത്രീകളെ അപേക്ഷിച്ച് നിർദ്ധന കുടുംബത്തിലെ സ്‌ത്രീകൾ കൂടുതൽ പീഡനങ്ങൾക്ക് ഇരയാകുന്നെന്നും കണ്ടെത്തി.

ഒന്നിലേറെ വിവാഹം കഴിച്ച സ്‌ത്രീകളിലെ ശാരീരിക പീഡനങ്ങളുടെ കണക്കെടുത്താൽ രണ്ടാം ഭർത്താക്കന്മാരാണ് കൂടുതൽ വില്ലൻമാർ. വിവാഹം കഴിക്കാത്ത സ്‌ത്രീകളുടെ കാര്യത്തിൽ രണ്ടാനമ്മമാർ വില്ലത്തികളാകുന്നു. രണ്ടാനച്ഛൻ, സഹോദരൻമാർ, അദ്ധ്യാപകർ എന്നിവരുടെ അതിക്രമങ്ങളാണ് ബാക്കി.

ലൈംഗിക പീഡനങ്ങൾക്ക് ഇരയാകുന്നവരിലധികവും വിവാഹിതരും 25 വയസിന് മേൽ പ്രായമുള്ളവരുമാണ്. ഇവിടെയും വിദ്യാഭ്യാസവും സ്വത്തും ഒരു പരിധിവരെ അവർക്ക് സംരക്ഷണം നൽകുന്നുണ്ട്. വിദ്യാസമ്പന്നരായ ഭർത്താക്കന്മാർ കൂറെക്കൂടി മാന്യന്മാരാണെന്നും വ്യക്തമാകുന്നു. സ്‌ത്രീകളിൽ വിധവകൾ, വിവാഹമോചനം നേടിയവർ, ഒറ്റപ്പെട്ടവർ, മതം മാറി വന്നവർ തുടങ്ങിയവർക്കു നേരെ ലൈംഗികാതിക്രമം കൂടുതലാണ്. മക്കളുടെ എണ്ണം കൂടുന്നതിനുസരിച്ച് ഭാര്യമാർക്കെതിരായ പീഡനവും കൂടുന്നുണ്ട്.

സർവേയിൽ പങ്കെടുത്തവരിൽ 33 ശതമാനം പേരും തങ്ങൾ ശാരീരികവും ലൈംഗികവുമായ അതിക്രമങ്ങൾക്ക് വിധേയരാണെന്ന് വെളിപ്പെടുത്തി. മറ്റ് പുരുഷൻമാരുമായി സംസാരിക്കുന്നത് ഇഷ്‌ടമില്ലാത്ത ഭർത്താക്കന്മാർ വിശ്വാസമില്ലായ്മ പ്രകടിപ്പിക്കൽ, കുടുംബാംഗങ്ങളെയും സ്‌ത്രീ സുഹൃത്തുക്കളെയും അകറ്റൽ തുടങ്ങിയ നിലകളിലും പീഡിപ്പിക്കുന്നതായി അവർ പറഞ്ഞു. ഭർത്താക്കന്മാരുടെ മദ്യപാനം ഗാർഹിക പീഡനങ്ങളിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. കൂടുതൽ പീഡനം നേരിടുന്ന സ്‌ത്രീകൾ തങ്ങൾക്ക് ഭർത്താക്കന്മാരെ പേടിയാണെന്നും പറഞ്ഞു.

കരണത്തടി കൂടുതൽ

ഭർത്താക്കന്മാരുടെ കരണത്തടിയാണ് ഭാര്യമാർ ഏറ്റവും കൂടുതൽ നേരിടുന്ന ശാരീരിക പീഡനമെന്നും സർവേയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. അതുകഴിഞ്ഞാൽ പിടിച്ചുതള്ളൽ, എന്തെങ്കിലും സാധനം എടുത്തെറിയൽ തുടങ്ങിയവയാണ്. തീപൊള്ളിക്കൽ, തോക്കും കത്തിയും കാട്ടി ഭീഷണിപ്പെടുത്തൽ തുടങ്ങിയ മുറകളുമുണ്ടെങ്കിലും കുറവാണ്. മറ്റുള്ളവരുടെ മുന്നിൽ വച്ച് ഭർത്താക്കൻമാരുടെ അപമാനം ഏറ്റുവാങ്ങേണ്ടി വന്നവരാണ് മാനസിക പീഡനം അനുഭവിക്കുന്നവരിൽ കൂടുതലും.

ഗാർഹിക പീഡനക്കേസുകളിൽ ഭൂരിപക്ഷം സ്‌ത്രീകളും അതു സഹിച്ച് വീടിനുള്ളിൽ കഴിയുന്നവരാണ്. കുറച്ചുപേർ മാത്രമാണ് സഹികെട്ട് മറ്റുള്ളവരുടെ സഹായം തേടുന്നത്. ഭൂരിപക്ഷം സ്‌ത്രീകളും സഹായം അഭ്യർത്ഥിച്ചെത്തുന്നത് സ്വന്തം കുടുംബത്തിലാണ്.

ഗാർഹിക പീഡനക്കേസുകളിൽ രാജ്യത്ത് കർണാടകമാണ് മുന്നിലെന്നും സർവേയിൽ കണ്ടെത്തി. ഏറ്റവും കുറവ് ലക്ഷദ്വീപിലും. ദ്വീപിലെ ആ നല്ല മാതൃക രാജ്യത്തെ മറ്റ് ദമ്പതിമാരിലേക്കെത്തിച്ചാൽ അടുത്ത സർവേയിൽ പീഡനക്കഥകൾ കുറഞ്ഞേക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FAMILY DAY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.