മാന്നാർ: വീട്ടുമുറ്റത്ത് കിടന്ന മഹീന്ദ്ര ആൽഫ പെട്ടിഓട്ടോ മോഷണം പോയി. ഇരമത്തൂർ കറുകയിൽ വടക്കേതിൽ ബഷീർകുട്ടിയുടെ ഉടമസ്ഥതയിൽ ഉള്ള KL-30C-7165 നമ്പർ പെട്ടിഓട്ടോയാണ് കഴിഞ്ഞദിവസം രാത്രിയിൽ മോഷണം പോയത്. മത്സ്യവ്യാപാരിയായ ബഷീർകുട്ടി ഇന്നലെ രാവിലെ മീൻ എടുക്കുന്നതിനായി പോകാൻ ഇറങ്ങിയപ്പോഴാണ് വാഹനം മോഷണം പോയതായി അറിയുന്നത്. അടുത്തുള്ള സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് വെളുപ്പിന് മൂന്നിന് വാഹനം മോഷണംപോയതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. മാന്നാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.