SignIn
Kerala Kaumudi Online
Saturday, 20 April 2024 8.53 AM IST

മാഫിയകൾക്ക് കാക്കിയുടെ കാവൽ

police

കൊലവെറിയുമായി നാടുവിറപ്പിക്കുന്ന ഗുണ്ടകളുമായും മാഫിയകളുമായും പൊലീസുകാർ അവിശുദ്ധ ബന്ധം പുലർത്തുന്നതായി ഉന്നത പൊലീസുദ്യോഗസ്ഥരെ സാക്ഷിയാക്കി ഇന്റലിജൻസ് മേധാവി ടി.കെ.വിനോദ്കുമാർ തുറന്നടിച്ചത് പൊലീസിൽ ഏറെ ചലനങ്ങളുണ്ടാക്കുമെന്നുറപ്പാണ്. മണ്ണ്- മണൽ മാഫിയ മുതൽ കൊടുംക്രിമിനലുകൾ വരെയുള്ളവരുമായി പൊലീസിന് ചങ്ങാത്തമുണ്ട്. ജില്ലകളിൽ ക്രിമിനൽ ബന്ധമുള്ള പൊലീസുകാരെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യാന്വേഷണ വിഭാഗം നൽകുമ്പോൾ അത് പൂഴ്‌ത്താതെ ഉടനടി ജില്ലാ പൊലീസ് മേധാവിമാർ നടപടിയെടുക്കണമെന്നാണ് ഇന്റലിജൻസ് മേധാവിയുടെ ആവശ്യം. ഏറെക്കാലമായി ക്രിമിനൽ ബന്ധമുള്ള പൊലീസുകാർക്കെതിരെ കാര്യമായ നടപടി പൊലീസ് നേതൃത്വം കൈക്കൊള്ളാറില്ല. മാദ്ധ്യമങ്ങളിൽ വാർത്ത വന്നാലും അതിന്റെ പേരിൽ നടപടി പാടില്ലെന്ന പരിഹാസ്യമായ ഉത്തരവ് പുറപ്പെടുവിക്കുകയാണ് ഡി.ജി.പി അനിൽകാന്ത് ചെയ്തത്.

ഗുണ്ടകളും മാഫിയകളും കൊലവിളിയുമായി നാടുവാഴുമ്പോഴും ഗുണ്ടാത്തലവന്മാരെ ഗുണ്ടാനിയമം ചുമത്തി ജയിലിലടയ്ക്കാനും നാടുകടത്താനുമുള്ള നടപടികൾ അട്ടിമറിക്കുന്നത് പൊലീസാണ്. രാഷ്ട്രീയ സ്വാധീനമുള്ള ഗുണ്ടകളെ ഗുണ്ടാലിസ്റ്റിൽ പെടുത്താതിരിക്കാനാണ് ആദ്യം ശ്രമിക്കുക. നടന്നില്ലെങ്കിൽ ഗുണ്ടാനിയമം ചുമത്താൻ കളക്ടർക്ക് നൽകുന്ന അപേക്ഷയിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തും. രണ്ട് തരത്തിലാണ് നടപടി വൈകിപ്പിക്കുന്നത്, 1)ഫയലിൽ കേസ് നമ്പറുകളടക്കം തെറ്റിക്കും, 2)കേസുകളുടെ വകുപ്പും സെക്ഷനുകളും തെറ്റായെഴുതും. തെറ്റായ വിവരങ്ങളുടെ പേരിൽ കളക്ടർമാർക്ക് കരുതൽതടങ്കലിന് ഉത്തരവിടാനാവാത്തതിനാൽ ഗുണ്ടകൾ നാട്ടിൽ സസുഖം വാഴും. കളക്ടർ നടപടിയെടുത്താൽ കാപ്പബോർഡിലും ഹൈക്കോടതിയിലും പൊലീസിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടി അപ്പീൽപോയി ഗുണ്ടകൾ ഊരിപ്പോരും. പൊലീസിന്റെ സഹായം കിട്ടുന്നതിന്റെ മറവിൽ അപകടകാരികളായ ഗുണ്ടാത്തലവന്മാർ കൊലവിളിയുമായി നാട്ടിലിറങ്ങുകയാണ് പതിവ്.

ഗുണ്ടാലിസ്റ്റുണ്ടാക്കുന്നതിൽ മുതിർന്ന ഉദ്യോഗസ്ഥർ ഇടപെടാറില്ല. ഏതെങ്കിലും പൊലീസുകാരൻ തയ്യാറാക്കുന്ന പട്ടികയാവും മുകളിലേക്ക് പോവുക. രാഷ്ട്രീയ-മാഫിയാ സമ്മർദ്ദം കാരണം ഇതിൽ പഴുതുകളുണ്ടാവുക പതിവാണ്. ഗുണ്ടാലിസ്റ്റിൽപെട്ട 'വേണ്ടപ്പെട്ടവരെ' ഒഴിവാക്കിയെടുക്കാനും ശിക്ഷ നീട്ടാതിരിക്കാനും തലസ്ഥാനത്ത് ചില മുതിർന്ന ഉദ്യോഗസ്ഥർ രംഗത്തിറങ്ങിയ ചരിത്രമുണ്ട്. കളക്ടർമാരെ രാഷ്ട്രീയക്കാർ സ്വാധീനിക്കുന്നതും പതിവാണ്. രാഷ്ട്രീയക്കാർക്കും പൊലീസിനുമെല്ലാം ഒരുപോലെ വേണ്ടപ്പെട്ടവരാണ് ഗുണ്ടകൾ എന്നതാണ് ഇതിനൊക്കെ കാരണം. പഴുതിലൂടെ രക്ഷപെടുന്ന ഗുണ്ടകളാണ് കഴുത്തറുത്തും കാല് വെട്ടിമാറ്റി ആഘോഷയാത്ര നടത്തിയും നാട്ടിൽ വിലസുന്നത്. രണ്ടിലേറെ ക്രിമിനൽകേസുകളിൽ പ്രതികളായവരെയാണ് ഗുണ്ടാലിസ്റ്റിൽ പെടുത്തേണ്ടത്.

ഇൻസ്പെക്ടർ മുതൽ എ.ഡി.ജി.പി വരെ പലതട്ടുകളിലായുണ്ടായിരുന്ന മേൽനോട്ട സംവിധാനം പൊളിച്ചടുക്കി പൊലീസിനെ നിർവീര്യമാക്കിയതാണ് ഗുണ്ടകൾ തഴച്ചുവളരാനും പൊലീസ്- മാഫിയാബന്ധം ശക്തിപ്പെടാനും ഇടയാക്കിയത്. ഇൻസ്പെക്ടർ എസ്.എച്ച്.ഒ വന്നതോടെ യുവ എസ്.ഐമാർ ഒതുക്കപ്പെട്ടു. പത്തുവർഷം വരെ എസ്.ഐയായിരുന്ന ശേഷം ഇൻസ്പെക്ടർരായവരെ സ്റ്റേഷനിൽ കൊണ്ടിരുത്തി എസ്.ഐയുടെ ജോലി ചെയ്യിപ്പിക്കുന്നു. അവരും അസംതൃപ്തരാണ്. ഗുണ്ടകളെ ഓടിച്ചിട്ടുപിടിച്ച് അകത്താക്കിയിരുന്ന 'ചോരത്തിളപ്പുള്ള ' എസ്.ഐമാർ ഗതാഗതം നിയന്ത്രിച്ചും വി.ഐ.പി സുരക്ഷാജോലി ചെയ്തും കഴിയുന്നു. രണ്ട് സ്റ്റേഷനുകൾക്ക് സി.ഐയുടെ മേൽനോട്ടമുണ്ടായിരുന്നത് ഇല്ലാതായതോടെ, സ്റ്റേഷനുകളുടെ പ്രവർത്തനം തോന്നുംപടിയാണ്. ഗുണ്ടകളുടെയും സ്ഥിരം കുറ്റവാളികളുടെയും വിവരങ്ങൾ പോലും മിക്കയിടത്തുമില്ല. സ്റ്റേഷനുകൾ തമ്മിൽ ഏകോപനമില്ലാതായി. ഗുണ്ടാനിയമം ചുമത്താൻ ഗുണ്ടകളുടെ ഏഴ് വർഷത്തെ കേസ് ചരിത്രം വേണം. ഇത് മിക്കയിടത്തുമില്ല. ഉള്ള വിവരങ്ങൾ പ്രകാരം ഗുണ്ടാനിയമം ചുമത്താൻ അപേക്ഷിക്കുകയും നിരസിക്കപ്പെടുകയും ഗുണ്ടകൾ രക്ഷപെടുകയും ചെയ്യുന്നത് പതിവായി.

സ്റ്റേഷൻ തലത്തിൽ സ്ക്വാഡുണ്ടാക്കി ഗുണ്ടകളെ ഒതുക്കാൻ ഡിജിപി അനിൽകാന്ത് പ്രഖ്യാപിച്ച 'ഓപ്പറേഷൻ കാവൽ' അമ്പേ പരാജയപ്പെട്ടത് ഏകോപനവും മേൽനോട്ടവും പിഴച്ചതിനാലാണ്. രണ്ടും മൂന്നും എസ്.ഐമാരും അരഡസനിലേറെ ഗ്രേഡ് എസ്.ഐമാരും സ്റ്റേഷനുകളിലുണ്ട്. സ്റ്റേഷൻ ഭരണം നഷ്ടമായ എസ്.ഐമാർ ഉശിരുകാട്ടുന്നില്ല. ഒൻപത് സ്റ്റേഷനുകളുടെ മേൽനോട്ടത്തിന് ഒരു ഡിവൈ.എസ്.പിയുണ്ടെങ്കിലും മേൽനോട്ടം പേരിനുമാത്രം. സ്റ്റേഷനുകളിൽ ഡിവൈ.എസ്.പിമാർ മിന്നൽപരിശോധന നടത്തുന്നതും ഇല്ലാതായിട്ടുണ്ട്. ഗുണ്ടാലിസ്റ്റുണ്ടാക്കുന്നതും കാപ്പചുമത്തുന്നതുമെല്ലാം ഡിവൈ.എസ്.പിമാരുടെ മേൽനോട്ടത്തിലായിരുന്നത് ഇല്ലാതായി.

നാല് പൊലീസ് ജില്ലകൾക്ക് റേഞ്ച് ഡി.ഐ.ജിയും അവരുടെ മേൽനോട്ടത്തിന് സോണൽ ഐ.ജിമാരും അതിനുമേൽ ഉത്തര, ദക്ഷിണ മേഖലാ എ.ഡി.ജി.പിമാരുമുണ്ടായിരുന്നു. ഈ മേൽനോട്ട സംവിധാനം പൊളിച്ചടുക്കി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കമ്മിഷണറായി ഐ.ജിയെ നിയമിച്ചു. റേഞ്ചിൽ ഡി.ഐ.ജിമാരെ നിയമിച്ചു. സോണൽ ഐ.ജിമാർക്കാവട്ടെ സിറ്റികളുടെ നിയന്ത്രണമില്ലാതാക്കി. മേഖലാ എ.ഡി.ജി.പിമാരെ ഇല്ലാതാക്കി സംസ്ഥാനത്തിന്റെയാകെ ക്രമസമാധാന ചുമതല ഒറ്റ എ.ഡി.ജി.പിക്ക് നൽകി. ഈ ചുതലയിലുള്ള വിജയ് സാക്കറെ പൊലീസ് ആസ്ഥാനത്തായിരിക്കും. ഇതോടെ ജില്ലകൾ എസ്.പിമാരുടെ സാമ്രാജ്യമായി മാറി.

പ്രത്യേക ഓപ്പറേഷനുകളിലൂടെ ഗുണ്ടകളെയെല്ലാം അകത്താക്കിയെന്ന് പൊലീസ് മേധാവി അവകാശപ്പെടുമ്പോഴും അപകടകാരികളായ ഗുണ്ടാത്തലവന്മാർ നാടുവാഴുകയാണ്. ഡിസംബർ12ന് പോത്തൻകോട്ട് യുവാവിനെ കൊലപ്പെടുത്തിയശേഷം കാൽപ്പാദം വെട്ടിയെടുത്ത് ബൈക്കുകളിൽ ആഘോഷയാത്ര നടത്തി ഒരുമാസം കഴിഞ്ഞപ്പോഴാണ് കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്തി മൃതദേഹം സ്റ്റേഷനുമുന്നിൽ കൊണ്ടുവച്ചത്. ചെറുതും വലുതുമായ 75ഗുണ്ടാ ആക്രമണങ്ങളാണ് ഇക്കാലയളവിലുണ്ടായത്. ഗുണ്ടാനിയമം ചുമത്തി നാടുകടത്തുകയോ കരുതൽ തടങ്കിലാക്കുകയോ ചെയ്യുന്നവരെ ശിക്ഷാകാലാവധിക്കു ശേഷം നിരീക്ഷിക്കാൻ പൊലീസിനാവുന്നില്ല. കൊലപ്പെടുത്തിയയാളുടെ കാൽ വെട്ടിയെടുത്ത്, പൊലീസിനെയും ജനങ്ങളെയും വെല്ലുവിളിച്ച് ഗുണ്ടാസംഘങ്ങൾ ആഘോഷയാത്ര നടത്തിയത് തലസ്ഥാനത്താണ്. രണ്ടിലേറെ ക്രിമിനൽ കേസുകളിൽ പ്രതികളായ സ്ഥിരം കുറ്റവാളികളെ ഗുണ്ടാലിസ്റ്റിൽ പെടുത്തി കരുതൽ തടങ്കലിലാക്കുമ്പോഴും കുപ്രസിദ്ധ ഗുണ്ടാത്തലവന്മാ‌ർ സ്വൈരവിഹാരം നടത്തുകയാണ്. സദാസമയവും ആക്രമണത്തിന് സന്നദ്ധരായ 1500 ഗുണ്ടകളുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണക്ക്. ഇവരെ കണ്ടെത്തി കാപ്പാ നിയമം ചുമത്തി ഒരു വർഷം വരെ കരുതൽ തടങ്കലിലാക്കാനുള്ള നടപടികൾക്കും വേഗം പോരാ.

യുവ എസ്.ഐമാരിൽ നിന്ന് സ്റ്റേഷൻ ചുമതല സി.ഐമാർക്ക് നൽകിയതോടെയാണ് ഗുണ്ടാവേട്ട തണുത്തത്. സി.ഐമാർ സ്റ്റേഷൻ ഭരണത്തിലും കുറ്റാന്വേഷണത്തിലും ശ്രദ്ധിച്ചതോടെ, നാട്ടിൽ ഗുണ്ടകൾ ശക്തരായി. യുവാക്കളായ എസ്.ഐമാർ ഗുണ്ടകളെ ഓടിച്ചിട്ടുപിടിക്കുന്ന പതിവ് ഇല്ലാതായി. സ്റ്റേഷനുകളിൽ എസ്.ഐമാർ നിർജീവമായതോടെ ഗുണ്ടകൾ പെരുകി. പേരിനുള്ള പരിശോധനകളല്ലാതെ സ്ഥിരം ക്രിമിനലുകളെ പൂട്ടാൻ നടപടികളില്ലാതായി. സി.ഐമാർ രാഷ്ട്രീയ ശുപാർശകൾക്ക് വഴങ്ങുമെന്നതിനാൽ രാഷ്ട്രീയ സംരക്ഷണമുള്ള ഗുണ്ടാസംഘങ്ങൾക്ക് പരമസുഖം. ഓപ്പറേഷൻ കാവൽ പരാജയപ്പെടാൻ കാരണം താഴേത്തട്ടിലെ നിസഹകരണമായിരുന്നു. പൊല്ലാപ്പ് പേടിച്ച് സി.ഐമാർ കരുതലോടെ നീങ്ങിയതോടെ ഗുണ്ടാവേട്ട പാളി. എസ്.ഐമാരും ഉഴപ്പിത്തുടങ്ങി. ചെറിയ സ്റ്റേഷനുകളുടെ ചുമതല എസ്.ഐമാരെ തിരിച്ചേൽപ്പിക്കാനാണ് ആലോചന.

മാഫിയകളെ അടിച്ചമർത്തണം

മാഫിയകളെയും ഗുണ്ടകളെയും അമർച്ച ചെയ്യാനുള്ള നടപടികൾ ശക്തിപ്പെടുത്തുമെന്നും ഇതിനായി സംസ്ഥാന, ജില്ലാ തലത്തിൽ ഗുണ്ടാവേട്ടയ്ക്കുള്ള പ്രത്യേക സംഘങ്ങളുണ്ടെന്നും ഡി.ജി.പി അനിൽകാന്ത് പറഞ്ഞു. ഗുണ്ടാവിരുദ്ധ പ്രവർത്തനങ്ങൾ എസ്.പിമാർ ഏകോപിപ്പിക്കണം. മയക്കുമരുന്ന് കേസുകളിലെ പ്രതികൾ, ലഹരിമരുന്ന് വ്യാപാരത്തിലൂടെ ആർജ്ജിച്ച സ്വത്തുക്കൾ കണ്ടുകെട്ടാൻ നടപടിയെടുക്കണം. അറസ്​റ്റ് തീയതിക്ക് ആറു വർഷം മുമ്പുവരെ വാങ്ങിയ സ്വത്തുവകകൾ കണ്ടുകെട്ടാൻ പൊലീസിന് കഴിയും. ഇത് ഫലപ്രദമായി ഉപയോഗിക്കണം. സ്ഥിരം ക്രിമിനലുകൾക്കെതിരെ ഗുണ്ടാനിയമം ചുമത്താനുള്ള നടപടികൾ വൈകിപ്പിക്കരുത്. ക്രിമിനലുകളുടെ 7വർഷത്തെ കേസ് ചരിത്രം പിഴവുകളില്ലാതെ സ്റ്റേഷനുകളിൽ ശേഖരിക്കണം. ഗുണ്ടാ ലിസ്റ്റ് ഇടയ്ക്കിടെ പുതുക്കണം. കുറ്റവാളികളുടെ കേസുകളുടെ വിവരങ്ങൾ, 7വർഷത്തെ ക്രിമിനൽ കേസുകളുടെ വകുപ്പും സെക്‌ഷനുകളും എന്നിവ തെറ്റുകളില്ലാതെ ഗുണ്ടാനിയമം ചുമത്താനുള്ള അപേക്ഷയ്‌ക്കൊപ്പം കളക്ടർക്ക് കൈമാറണം. ഗുണ്ടകൾക്ക് മയക്കുമരുന്നെത്തിക്കുന്നവരും മയക്കുമരുന്ന് വിതരണക്കാരുമായ സ്ഥിരം ക്രിമിനലുകളെയും ഗുണ്ടാലിസ്റ്റിൽ പെടുത്തണം. വർഗ്ഗീയ സംഘർഷങ്ങളും അതിനുള്ള ശ്രമങ്ങളും ശക്തമായി അടിച്ചമർത്താൻ ഡി.ജി.പി നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ സർക്കാരിന്റെ പൂർണ പിന്തുണയുണ്ട്. വർഗ്ഗീയ ചേരിതിരിവുണ്ടാക്കാനുള്ള ശ്രമങ്ങൾക്കെതിരെ പൊലീസ് ജാഗ്രത പാലിക്കണം. സാമൂഹ്യമാദ്ധ്യമങ്ങളിൽ മതസ്പർദ്ധ വളർത്തുന്ന പ്രചാരണം നിരീക്ഷിച്ച് നടപടിയെടുക്കണം.വർഗ്ഗീയ പ്രസംഗം നടത്തിയാൽ അറസ്റ്റ് ചെയ്യണം. ജാമ്യവ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ കോടതിയെ സമീപിച്ച് ജാമ്യം റദ്ദാക്കുന്നതടക്കം നടപടിയെടുക്കണം- ഡി.ജി.പി നിർദ്ദേശിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POLICE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.