തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രി റോഡിൽ ബസ് റോഡരികിലെ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. ഇന്നലെ ഉച്ചക്ക് 12.30നാണ് ചെമ്മാട് നിന്ന് താനൂരിലേക്ക് പോവുകയായിരുന്ന മിനി ബസ് എതിർ ദിശയിൽ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ വൈദ്ദുതി പോസ്റ്റിൽ ഇടിച്ചത്. കാലപഴക്കം ചെന്ന പോസ്റ്റ് ഇടിയിൽ മുറിഞ്ഞു.
താനൂർ ഭാഗത്തേക്ക് പത്തോളം യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. വലിയ അപകടമാണ് ഒഴിവായത്. ഉടൻ യാത്രക്കാർ ബസിൽ നിന്നും ഇറങ്ങി. വൈദ്ദുതിപോസ്റ്റ് അര മണിക്കൂറോളം ബസിൽ തട്ടി റോഡിലേക്ക് വീഴാതെ നിന്നു. തുടർന്ന് ഇലക്ട്രിസിറ്റി ജീവനക്കാർ എത്തിയ ശേഷമാണ് ബസ് റോഡിൽ നിന്നും മാറ്റിയത്.
റോഡ് സൈഡിലേക്ക് ചെരിഞ്ഞും ആടിയും നിൽക്കുന്ന വൈദ്ദുതി പോസ്റ്റുകൾ വേറെയുമുണ്ടെന്ന് യാത്രക്കാർ പറയുന്നു. ചെമ്മാട് പുതിയ ബസ് സ്റ്റാൻഡ് വന്നതോടെ ടൗണിൽ കഴിഞ്ഞ ദിവസം മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട്, പരപ്പനങ്ങാടി കുന്നുംപുറം ഭാഗത്തുനിന്ന് വരുന്ന ബസുകൾ ആശുപത്രി റോഡ് വഴിയാണ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |