SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.55 PM IST

ലാഭത്തിൽ വെട്ടിത്തിളങ്ങി വൈദ്യുതി

krishankutty

മനസ്സുണ്ടെങ്കിൽ ഏത് പൊതുമേഖലാസ്ഥാപനവും ലാഭത്തിലാക്കാമെന്ന പുതിയ ചരിത്രമെഴുതുകയാണ് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിയും കെ.എസ്.ഇ.ബി.യും. കമ്പനിയായ ശേഷം ആദ്യമായാണ് കെ.എസ്.ഇ.ബി.പ്രവർത്തനലാഭം നേടുന്നത്. അതും 1400 കോടിയിലേറെ രൂപ. കഴിഞ്ഞ ഒന്നരദശാബ്ദത്തിനിടയിൽ ലാഭമെന്ന വാക്ക് കെ.എസ്.ഇ.ബി. കേട്ടിട്ടില്ല. രണ്ടാം പിണറായിവിജയൻ സർക്കാർ അധികാരമേറ്റ് ഒരുവർഷത്തിനുള്ളിൽ തന്നെ നേട്ടം കൈവരിക്കാനായത് മികച്ച മാനേജ്മെന്റ് വൈദഗ്ധ്യത്തിലൂടെയും ജീവനക്കാരെയും ഒാഫീസർമാരെയും ഒരേപോലെ വിശ്വാസത്തിലെടുത്തുള്ള നടപടികളിലൂടെയുമാണ്. കൽക്കരിക്ഷാമം മൂലം ദേശീയതലത്തിൽ വൈദ്യുതിക്ഷാമമുണ്ടാകുകയും ദീർഘകാല കരാർ അനുസരിച്ചുള്ള വൈദ്യുതിപോലും കിട്ടാതിരിക്കുകയും ചെയ്തിട്ടും വൻകിട ഉപഭോക്താക്കൾ വൈദ്യുതി നേരിട്ട് പുറമേനിന്ന് വാങ്ങി ഉപയോഗിക്കുന്നതുൾപ്പെടെ നിരവധി പ്രതികൂല സാഹചര്യങ്ങളുമുണ്ടായിട്ടും അതെല്ലാം അതിജീവിച്ചാണ് ഇൗ നേട്ടം കൈവരിച്ചതെന്നത് നിസ്സാര കാര്യമല്ല. വൈദ്യുതി ഉത്‌പാദനത്തിൽ വൻകുതിപ്പ് നടത്തുന്നത് ഒന്നരദശാബ്ദത്തിന് ശേഷം ഇതാദ്യമായാണ്. വൈദ്യുതിമേഖലയെ മികച്ച ടീമായി കൊണ്ടുപോകാൻ കഴിയുമെന്ന് ഒരു വർഷത്തിനുളളിൽ തന്നെ തെളിയിച്ചു.

സാമ്പത്തികനേട്ടം

ഒന്നരദശാബ്ദത്തിന് ശേഷം ആദ്യമായി വൈദ്യുതിവകുപ്പ് ലാഭത്തിൽ പ്രവേശിച്ചു. 14000 കോടിയുടെ സഞ്ചിതനഷ്ടമുണ്ടെങ്കിലും ഒരുവർഷത്തെ പ്രവർത്തനത്തിൽ ലാഭം നേടുന്നത് ആ വർഷത്തെ പ്രവർത്തന മികവാണ്. വൈദ്യുതിക്ക് ദേശീയവിപണിയിൽ വിലകൂടുമ്പോൾ വൈദ്യുതി പുറത്തുനിന്ന് വാങ്ങാതെയും സംസ്ഥാനത്തെ ജലവൈദ്യുതി ഉത്പാദനം കൂട്ടിയും വിലകുറയുമ്പോൾ സംസ്ഥാനത്തെ ഉത്‌പാദനം കുറച്ച് പുറമേ നിന്ന് വാങ്ങിയും കാര്യശേഷിയോടെ അണക്കെട്ടുകൾ കൈകാര്യംചെയ്തും 2094 ദശലക്ഷം യൂണിറ്റ് വിൽപന നടത്തിയതിലൂടെയും 1023.93കോടി ലാഭമുണ്ടാക്കി. ശമ്പളപരിഷ്‌കരണം മൂലം അധികചെലവും 3000 കോടി രൂപയുടെ വികസന ചെലവുമുണ്ടായെങ്കിലും വായ്പവാങ്ങിയ തുക കുറച്ച് കേവലം 679.42 കോടി രൂപയിൽ ഒതുക്കിനിറുത്തിയുമാണ് കഴിഞ്ഞവർഷം 1466 കോടിയുടെ ലാഭമുണ്ടാക്കിയത്. 2011ൽ 1553കോടിരൂപ നഷ്ടമായിരുന്നു. പിന്നീടിങ്ങോട്ട് ഒരുവർഷവും ലാഭം കൈവരിച്ചിട്ടില്ല.

ഉത്‌പാദനത്തിൽ വൻകുതിപ്പ്

പവർകട്ടില്ലാത്ത വർഷം

ദശാബ്ദങ്ങൾക്ക് ശേഷം ജലവൈദ്യുതോത്പാദന രംഗത്തുൾപ്പടെ പുത്തനുണർവുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. ആഭ്യന്തരവൈദ്യുതി ഉത്‌പാദനശേഷിയിൽ 156.16മെഗാവാട്ടിന്റെ വർദ്ധന കൈവരിച്ചു. ഇതിൽ 38.5 മെഗാവാട്ട് ശേഷിയുള്ള നാല് ജലവൈദ്യുത പദ്ധതികളും117.66മെഗാവാട്ടിന്റെ സൗരോർജ്ജ പദ്ധതികളും ഉൾപ്പെടുന്നു. പുരപ്പുറ സൗരോർജ്ജ പദ്ധതിയായ 'സൗര'യിൽ 34.66 മെഗാവാട്ടിന്റെ 6668 സൗരോജ്ജപ്ലാന്റുകൾ സ്ഥാപിച്ചു കഴിഞ്ഞു.

24784 സർവീസ്

കണക്‌ഷനുകൾ
തടസ്സരഹിത വൈദ്യുതിപ്രസരണത്തിന് ട്രാൻസ് ഗ്രിഡ് പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് 220 കെ. വി. സബ് സ്റ്റേഷനുകളും പ്രസരണരംഗം ശക്തിപ്പെടുത്താൻ നാല് 110 കെ.വി.സബ് സ്റ്റേഷനുകളും രണ്ട് 66കെ.വി.സബ് സ്റ്റേഷനുകളും ഒരു 33കെ.വി.സബ് സ്റ്റേഷനും കമ്മിഷൻ ചെയ്തു. ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 324784 സർവീസ് കണക്‌ഷനുകൾ നൽകി. തനതു ഫണ്ടിൽ നിന്ന് 23.12 കോടിരൂപ ചെലവഴിച്ച് 21461 ദരിദ്രകുടുംബങ്ങൾക്ക് കണക്‌ഷനുകൾ നൽകാൻ കഴിഞ്ഞു.

സ്മാർട്ട് മീറ്റർ പദ്ധതിക്ക്

ആദ്യപട്ടികയിൽ അംഗീകാരം

വൈദ്യുതിമേഖലയെ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്താൻ ലക്ഷ്യമിടുന്ന 12,200കോടിരൂപയുടെ കേന്ദ്ര വിതരണപരിഷ്‌കാര പദ്ധതി (ആർ.ഡി.എസ്.എസ്.)യുടെ ഭാഗമായി 4000കോടി രൂപയിലധികം ചെലവിട്ട് വിതരണശൃംഖലാ നഷ്ടം കുറയ്ക്കുന്ന സാങ്കേതിക പരിപാടിയും, 8200കോടി രൂപയോളം ചെലവിട്ട് മുൻകൂർ പണമടയ്ക്കുന്ന സ്മാർട്ട് മീറ്ററുകൾ ഘടിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. രാജ്യത്ത് ഇൗ പദ്ധതിക്ക് ആദ്യം അംഗീകാരം നേടിയെടുത്ത സംസ്ഥാനമായി കേരളം.

സംസ്ഥാനമൊട്ടുക്ക്

ഇ - ചാർജ്ജിംഗ് കേന്ദ്രങ്ങൾ
കെ.എസ്.ഇ.ബി.എല്ലിന്റെ നേതൃത്വത്തിൽ ഏഴും അനർട്ടിന്റെ നേതൃത്വത്തിൽ അഞ്ചും ഇലക്ട്രിക് വാഹനചാർജിംഗ് സ്റ്റേഷനുകൾ തുടങ്ങി. വിവിധ പദ്ധതികളിലായി 49ചാർജിംഗ് സ്റ്റേഷനുകളുടെ നിർമ്മാണപ്രവർത്തനങ്ങൾ നടന്നുവരുന്നു.
ഓട്ടോകൾക്കും ഇരുചക്രവാഹനങ്ങൾക്കുമായി വൈദ്യുതിവിതരണ പോളുകളിൽ ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുന്നതിന്റെ പ്രവർത്തനം പുരോഗമിക്കുന്നു.1140 പോൾ മൗണ്ടഡ് ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കാനുള്ള പ്രവൃത്തി ഇൗ വർഷം ജൂലായിൽ പൂർത്തിയാക്കും.

ലക്ഷ്യം സ്വയംപര്യാപ്തത

വൈദ്യുതിരംഗത്ത് സ്വയംപര്യാപ്തത ലക്ഷ്യാക്കി മുന്നേറും. അതിനുള്ള നടപടികളാണ് രണ്ടാംവർഷത്തിൽ സ്വീകരിക്കുന്നത്. കുറഞ്ഞചെലവിൽ വൈദ്യുതിയുണ്ടാക്കി വ്യവസായവളർച്ചയ്ക്ക് അനുകൂല സാഹചര്യമുണ്ടാക്കും. 800 മെഗാവാട്ടിന്റെ ഇടുക്കി രണ്ടാംഘട്ടം ,200 മെഗാവാട്ടിന്റെ ശബരിഗിരി, 225മെഗാവാട്ടിന്റെ ചെറുകിട ജലവൈദ്യുത പദ്ധതികൾ എന്നിവ ഉടൻ പൂർത്തിയാക്കും. കൂടാതെ ഹരിതോർജ്ജത്തിനും മുൻഗണന നൽകും.

.................................................
"നിർമ്മാണം മുടങ്ങിക്കിടന്ന ജലവൈദ്യുത പദ്ധതികൾ പുനരുജ്ജീവിപ്പിച്ചതും പുരപ്പുറ സൗരോർജ്ജ പദ്ധതിയായ 'സൗര'കൂടുതൽ സജീവമാക്കിയതും കർഷകർക്ക് പ്രയോജനം ചെയ്യുന്ന പി.എം.കുസും പദ്ധതികൾ ആരംഭിക്കാനായതും വൈദ്യുതിവാഹന ചാർജിംഗ് സ്റ്റേഷനുകളുടെ ശൃംഖല സംസ്ഥാനമാകെ വളരെ വേഗം സ്ഥാപിക്കാൻ കഴിയുന്നതുമാണ് കഴിഞ്ഞ ഒരുവർഷത്തെ പ്രവർത്തനത്തിൽ അഭിമാനവും സന്തോഷവും നൽകുന്നത്. "

കെ.കൃഷ്ണൻകുട്ടി,

വൈദ്യുതിവകുപ്പ് മന്ത്രി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSEB
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.