തൃശൂർ: ഭരണഘടനയെ നിരാകരിച്ച് രാജ്യത്ത് ഹിന്ദു ആധിപത്യം സ്ഥാപിച്ചെടുക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്ന് എൻ.സി.പി അഖിലേന്ത്യ ജനറൽ സെക്രട്ടറി ടി.പി. പീതാംബരൻ മാസ്റ്റർ. രണ്ടു ദിവസമായി ഒല്ലൂരിൽ നടന്ന എൻ.സി.പി ജില്ലാ നേതൃത്വ പരിശീലന ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ദേശീയ ബദൽ ഉണ്ടാക്കാൻ കോൺഗ്രസിനാകില്ല. സംസ്ഥാനങ്ങളിലെ പ്രാദേശിക കക്ഷികളുടെ സഹകരണമില്ലാതെ ദേശീയ ബദൽ ഉണ്ടാകില്ല. സംസ്ഥാനങ്ങളിലെ പ്രധാന പ്രാദേശിക കക്ഷികളുടെ മുഖ്യശത്രു കോൺഗ്രസാണെന്നും അതുകൊണ്ടാണ് ദേശീയ ബദൽ ഉണ്ടാക്കാൻ കഴിയാത്തതെന്നും പീതാംബരൻ മാസ്റ്റർ വിശദീകരിച്ചു.
ദേശീയ ബദൽ എന്ന ദൗത്യം നിർവഹിക്കാനാണ് എൻ.സി.പിയുടെ നേതൃത്വത്തിൽ ശരത്പവാർ ശ്രമിക്കുന്നതെന്ന് ടി.പി. പീതാംബരൻ മാസ്റ്റർ കൂട്ടിച്ചേർത്തു. ജില്ലാ പ്രസിഡന്റ് മോളി ഫ്രാൻസീസ് അദ്ധ്യക്ഷയായി. എൻ.സി.പി പാർലമെന്ററി പാർട്ടി ചെയർമാൻ തോമസ് കെ. തോമസ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. രാജൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എ.വി. വല്ലഭൻ, സുഭാഷ് പുഞ്ചക്കോട്ടിൽ, ടി.വി. ബേബി, അഡ്വ. രഘു കെ. മാരാത്ത്, എൻ.എം.സി അഖിലേന്ത്യ സെക്രട്ടറി എം. പത്മിനി, എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറിമാരായ ടി.എ. മുഹമ്മദ് ഷാഫി സ്വാഗതവും കെ.വി. പ്രവീൺ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |