തിരുവനന്തപുരം: രാജ്യത്തെ മികച്ച ബദൽ മാതൃകയാണ് പിണറായി സർക്കാരെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. എ എ പി - ട്വന്റി ട്വന്റി സഖ്യത്തെ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇ പി ജയരാജൻ.
അതേസമയം, ആം ആദ് മി- ട്വന്റി ട്വന്റി സഖ്യം കോൺഗ്രസിന് ഭീഷണിയല്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ പ്രതികരിച്ചു. പുതിയ കാലത്ത് പുതിയ മുന്നണികൾ വരുന്നത് സ്വാഭാവികമാണെന്നും തൃക്കാക്കരയിലെ സഖ്യത്തിന്റെ നിലപാടിൽ കോൺഗ്രസിന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‌രിവാൾ ഇന്നലെയാണ് കേരള രാഷ്‌ട്രീയത്തിൽ നാലാം മുന്നണി പ്രഖ്യാപിച്ചത്. ആം ആദ്മി പാർട്ടിയും ട്വന്റി ട്വന്റിയും ചേർന്ന ജനക്ഷേമ സഖ്യം (പീപ്പിൾസ് വെൽഫെയർ അലയൻസ്) ലക്ഷ്യമിടുന്നത് കേരള ഭരണമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.