SignIn
Kerala Kaumudi Online
Friday, 19 April 2024 7.07 AM IST

രജതജൂബിലി നിറവിൽ കുടുംബശ്രീ

photo

കേരളത്തിന്റെ അഭിമാനമായ കുടുംബശ്രീ ഇന്ന് രജത ജൂബിലി ആഘോഷിക്കുന്നു. 25 വർഷം മുൻപ് തുടക്കമിട്ട മികച്ച ആശയം രാജ്യത്തിനു മാതൃകയായ മഹാപ്രസ്ഥാനമായിക്കഴിഞ്ഞു. സ്‌ത്രീശാക്തീകരണത്തിന്റെ മികച്ച ദൃഷ്ടാന്തമായി പ്രസ്ഥാനം അംഗീകരിക്കപ്പെട്ടു. മഹിമ കേട്ടറിഞ്ഞ് വിവരങ്ങൾക്കായി വിദേശങ്ങളിൽ നിന്നുപോലും വിദഗ്ധരെത്തുന്നു. മൂന്നരക്കോടിയോളം ജനങ്ങളുള്ള കേരളത്തിൽ നേർപകുതി സ്‌ത്രീകളാണ്. ഇവരിൽ നാല്പത്തിയാറുലക്ഷത്തോളം കുടുംബശ്രീയിൽ അംഗങ്ങളാണെന്ന വസ്തുത മാത്രംമതി പ്രസ്ഥാനത്തിന്റെ ജനസമ്മതി വിളിച്ചോതാൻ. നാട്ടിൻപുറങ്ങളിൽ മാത്രമല്ല പട്ടണങ്ങളിലും കുടുംബശ്രീയുടെ സാന്നിദ്ധ്യമുണ്ട്. മാതൃകാപരമായ അനേകം സംരംഭങ്ങൾ അതിനു കീഴിൽ നല്ലനിലയിൽ പ്രവർത്തിക്കുന്നു. ദാരിദ്ര്യ‌‌‌നിർമ്മാർജ്ജന രംഗത്ത് ഇതിനകം കുടുംബശ്രീ കൈവരിച്ച നേട്ടങ്ങൾ ലക്ഷക്കണക്കിനു പാവപ്പെട്ട കുടുംബങ്ങൾക്ക് ഉപകാരമായി.

ഇന്നുമുതൽ ഒരുവർഷം നീളുന്ന ആഘോഷപരിപാടികളാണ് രജതജൂബിലിയോടനുബന്ധിച്ച് ആവിഷ്കരിച്ചിട്ടുള്ളത്. കുടുംബശ്രീക്കു കീഴിൽ പ്രവർത്തിക്കുന്ന മൂന്നുലക്ഷത്തിൽപ്പരം അയൽക്കൂട്ടങ്ങളാണ് നാട്ടിലുടനീളം ശക്തമായ അടിത്തറയോടെ ദാരിദ്ര്യ‌‌‌നിർമ്മാർജ്ജനത്തിന് ചുക്കാൻപിടിക്കുന്നത്. പാവപ്പെട്ട കുടുംബങ്ങളുടെ വായ്‌പാ ആവശ്യങ്ങൾ നിറവേറ്റുന്നതിലൂടെ വലിയൊരു സാമൂഹ്യബാദ്ധ്യതയാണ് അവർ ഏറ്റെടുക്കുന്നത്. 22000ത്തിൽപ്പരം കോടി രൂപ വായ്‌പയായി നൽകാൻ അയൽക്കൂട്ടങ്ങൾക്കു കഴിഞ്ഞത് നിസാര കാര്യമല്ല. പരസ്പരം ജാമ്യത്തിൽ ബാങ്ക്‌ വായ്പയെടുക്കാൻ കൂട്ടായ്മ സഹായിക്കുന്നു. കൊള്ളപ്പലിശക്കാരെ ഒഴിവാക്കി വായ്പ നേടാമെന്നത് പാവപ്പെട്ടവർക്ക് വലിയ അനുഗ്രഹം തന്നെയാണ്.

ജനകീയഭക്ഷണശാലകൾ മുതൽ ചെറുകിട സംരംഭങ്ങൾ വരെ കുടുംബശ്രീയുടെ പ്രവർത്തനമേഖല വിപുലവും വൈവിദ്ധ്യപൂർണവുമാണ്. മുക്കാൽലക്ഷത്തോളം കാർഷിക കൂട്ടായ്മകൾ വഴി 33,310 ഹെക്ടറിൽ കൃഷിയും നടത്തുന്നുണ്ട്. ചെറുകിട സംരംഭക മേഖലകളിൽ തൊണ്ണൂറായിരത്തിൽപ്പരം ഗ്രൂപ്പുകളാണുള്ളത്. ചിട്ടയോടെയുള്ള പ്രവർത്തനങ്ങളും സമർത്ഥമായ നേതൃത്വവും കൊണ്ടുണ്ടായ നേട്ടങ്ങളാണിത്.

രജതജൂബിലിയുടെ ഭാഗമായി മുതിർന്ന ജനവിഭാഗങ്ങളുടെ ക്ഷേമത്തിനായി 'വയോമൈത്രി" എന്ന പുതിയ പദ്ധതി നടപ്പാക്കുന്നുണ്ട്. സംസ്ഥാനം നേരിടുന്ന സാമൂഹ്യപ്രശ്നങ്ങളിൽ പ്രഥമസ്ഥാനമാണ് വയോജനങ്ങളുടെ ജീവിത പ്രയാസങ്ങൾക്കുള്ളത്. അണുകുടുംബങ്ങളായി മാറിയതോടെ പ്രായമായവരെ നോക്കാനും പരിചരിക്കാനും ആരുമില്ലാത്ത അവസ്ഥയാണ്. അവഗണനയും ഏകാന്തതയും വലിയ ശാപമായി വൃദ്ധജനങ്ങളെ വലയ്ക്കുന്നു. ആത്മാഭിമാനത്തോടെ ജീവിക്കാൻ വയോജനങ്ങളെ പ്രാപ്തരാക്കുകയാണ് വയോമൈത്രിയുടെ കുടുംബശ്രീയുടെ ലക്ഷ്യം. ആദ്യഘട്ടമായി പത്തു സി.ഡി.എസുകളിൽ പദ്ധതി തുടങ്ങാനാണ് ആലോചന. വൃദ്ധജന പരിപാലനം സമൂഹത്തിന്റെയാകെ ഉത്തരവാദിത്വമാണെന്ന് ബോദ്ധ്യപ്പെടുത്തേണ്ടതാണ്.

ദാരിദ്ര്യ‌നിർമ്മാർജ്ജന രംഗത്ത് കുടുംബശ്രീ അഭിമാനകരമായ നേട്ടങ്ങളുണ്ടാക്കി. ഇനിയും ദൃഷ്ടി പതിയേണ്ട ചില മേഖലകൾ കൂടിയുണ്ട്. വർദ്ധിക്കുന്ന കുടുംബപ്രശ്നങ്ങളും തുടർന്നുള്ള ആത്മഹത്യകളുമാണ് അതിലൊന്ന്. കുടുംബമൊന്നിച്ചുള്ള ആത്മഹത്യകളിലധികം സാമ്പത്തികപ്രശ്നങ്ങൾ മൂലമാകാം. അയൽക്കൂട്ടങ്ങളും കുടുംബശ്രീയും വിചാരിച്ചാൽ ഇവയിൽ ചിലതെങ്കിലും തടയാം. അയൽക്കൂട്ടത്തിന്റെ ഭാഗമാകാനും ജീവിത പ്രതിസന്ധികൾ പങ്കുവയ്ക്കാനും കഴിയണം.

നാട്ടിൻപുറങ്ങളിൽ വട്ടിപ്പലിശക്കാർ ഇപ്പോഴും പാവങ്ങളെ പിഴിയാനായി വലവിരിച്ച് കാത്തിരിപ്പുണ്ട്. അവരിൽനിന്ന് പാവപ്പെട്ട കുടുംബങ്ങളെ രക്ഷിക്കാൻ കുടുംബശ്രീയ്‌ക്കു കഴിയണം. ആരോഗ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും കുടുംബശ്രീക്ക് നല്ല നിലയിൽ പ്രവർത്തിക്കാനാകും. ജനങ്ങൾക്കിടയിൽ ബോധവത്‌ക്കരണം, ക്യാമ്പുകൾ സംഘടിപ്പിക്കൽ, സാമൂഹ്യ സുരക്ഷാ പെൻഷനുകൾ നേടാൻ സഹായിക്കൽ തുടങ്ങി അവർക്കു പങ്കുചേരാവുന്ന മേഖലകൾ അനവധിയുണ്ട്. കാൽനൂറ്റാണ്ടിന്റെ അനുഭവങ്ങളും പരിചയവും പുതിയ സാദ്ധ്യതകൾ കണ്ടെത്താൻ വഴികാട്ടിയാകട്ടെ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KUDUMBASREE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.