SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.02 AM IST

സമസ്ത നേതാവിന്റെ വാക്കും നവോത്ഥാന കേരളത്തിന്റെ പോക്കും

vivadavela

മലപ്പുറത്ത് മദ്രസ കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങിനിടയിൽ ഉപഹാരം ഏറ്റുവാങ്ങാൻ പത്താംക്ലാസ് വിദ്യാർത്ഥിനിയെ വേദിയിലേക്ക് ക്ഷണിച്ചപ്പോൾ സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി. അബ്ദുള്ള മുസലിയാർ പരസ്യമായി നടത്തിയ അധിക്ഷേപമാണ് സമീപദിവസങ്ങളിൽ കേരള രാഷ്ട്രീയത്തിലെ ചൂടേറിയ ചർച്ച.

മുഷവറ അംഗമാണ് എം.ടി. അബ്ദുള്ള മുസലിയാർ. മേലിൽ പെൺകുട്ടികളെ സമസ്തയുടെ പൊതുവേദിയിലേക്ക് ക്ഷണിച്ചാൽ കാണിച്ചുതരാം എന്നാണ് മുസലിയാർ സംഘാടകരോട് രൂക്ഷമായി പറഞ്ഞത്. വേദിയിലുള്ളവരെല്ലാം മിണ്ടാതെ നിന്നു. വേദിയിലേക്ക് കടന്നുവന്ന് പരസ്യ അധിക്ഷേപത്തിനിരയായ പതിനഞ്ച് വയസ്സുകാരിയുടെ മാനസികാവസ്ഥയെപ്പറ്റി ആരെങ്കിലും ചിന്തിച്ചോ എന്നറിയില്ല. പക്ഷേ,​ സമസ്ത നേതാവിന്റെ പ്രതികരണത്തേക്കാൾ ആശ്ചര്യത്തോടെ കേരളം നോക്കിനിന്നത് മുഖ്യധാരാ രാഷ്ട്രീയനേതൃത്വങ്ങളിൽ നിന്നുണ്ടായ ചില മൗനങ്ങളാണ്. എല്ലാവരുമല്ല. ഒറ്റപ്പെട്ട പ്രതികരണങ്ങളുണ്ടായിട്ടുണ്ട്. വി.ഡി. സതീശൻ,​ ആർ.ബിന്ദു,​ വീണ ജോർജ്,​ പി. സതീദേവി തുടങ്ങിയവർ എന്തെങ്കിലുമൊക്കെ പറഞ്ഞു. അതിനേക്കാൾ വാചാലമായിരുന്നു മിക്ക നേതാക്കളുടെയും മൗനം. പതിവുപോലെ അത് മുതലെടുത്തത് സംഘപരിവാർ നേതൃത്വമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. സ്വാഭാവികമായും കേന്ദ്രമന്ത്രി വി. മുരളീധരനടക്കമുള്ളവർ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചു. അവർ സി.പി.എം നേതാക്കളെയും സംസ്ഥാന മന്ത്രിമാരെയും കുത്തി നോവിക്കാൻ ശരിക്കും ശ്രമിച്ചു. ഇതിൽനിന്ന് തീവ്ര ഹൈന്ദവവികാരം കൊണ്ടുനടക്കുന്നവരെയും സമീപകാലത്തായി ഇസ്ലാമോഫോബിയ വളർത്താൻ നോക്കുന്ന ക്രിസംഘികൾ എന്നറിയപ്പെടുന്ന ചില ക്രൈസ്തവവിഭാഗക്കാരെയും ഇളക്കാൻ സാധിക്കുമെന്ന് സംഘപരിവാർ കണക്കുകൂട്ടി. അവർക്കിപ്പോൾ കേരളത്തിൽ ഏറ്റവും ആവശ്യം ക്രൈസ്തവരെയാണ്. അവരുടെ വോട്ടുകളാണ്. കേരളത്തിലൂടെ മുന്നോട്ട് ഓടാൻ അത് അനിവാര്യമാണെന്ന് സംഘപരിവാറിനറിയാം. പി.സി. ജോർജിനെ പോലുള്ളവരെ ഹിന്ദു മഹാസമ്മേളനത്തിലേക്ക് ക്ഷണിച്ച് വിഷം തുപ്പിക്കുന്നതൊക്കെ ബോധപൂർവമാണെന്ന് ആർക്കാണറിയാത്തത്!

സമസ്ത നേതാവിന്റെ പരസ്യ അധിക്ഷേപത്തെ സാമൂഹ്യകേരളം തള്ളിപ്പറയാത്തത് അങ്ങേയറ്റം അദ്ഭുതപ്പെടുത്തുന്നു. നവോത്ഥാന പാരമ്പര്യം പേറുന്നുവെന്ന് അവകാശപ്പെടുന്ന കേരളീയ മാതൃക എത്രമാത്രം സങ്കുചിതമായി നിൽക്കുന്നു എന്നതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമായിരുന്നു ഇത്. ശബരിമല യുവതീപ്രവേശന വിധി വേളയിലുണ്ടായ ധൈര്യം പോലും മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളിൽ കാണാതെ പോയത് ഒരുപക്ഷേ,​ തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ടുകൂടിയായിരിക്കാം. അവിടെ മുസ്ലിംവോട്ടുകളടക്കം ഒരു വോട്ടും വഴിമാറിപ്പോകരുതെന്ന ഉറച്ചചിന്തയിൽ നീങ്ങുകയാണിപ്പോൾ മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും.

പിണറായി വിജയൻ അങ്ങനെ സങ്കുചിതമായി ചിന്തിക്കുന്നയാളായിരുന്നില്ല. ഇപ്പോഴും അങ്ങനെ തന്നെയാണെന്ന് വിശ്വസിക്കുന്നവരാണ് സമൂഹത്തിലേറെയും. പ്രവാചകന്റെ മുടി ബോഡി വേസ്റ്റാണെന്നൊക്കെ പറയാൻ ധൈര്യം കാട്ടിയ നേതാവാണ്. ശബരിമല യുവതീപ്രവേശന വിധിയുണ്ടായപ്പോൾ പിണറായി വിജയനെന്ന കമ്യൂണിസ്റ്ര് നേതാവിന്റെ ഉറച്ച ബോദ്ധ്യമാണ് നവോത്ഥാന, പുരോഗമന കേരളത്തിന്റെ അന്തസ്സ് അല്പമെങ്കിലും ഉയർത്തിപ്പിടിക്കാൻ വഴിയൊരുക്കിയത്. പിന്നീട് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞുപോയെങ്കിലും... അപ്പോൾപ്പോലും പിണറായി വിജയൻ തന്റെ ബോദ്ധ്യത്തിൽ നിന്ന് പിന്മാറാൻ കൂട്ടാക്കിയിട്ടില്ല. ഇപ്പോഴും മാറിയിട്ടില്ല. അങ്ങനെയുള്ള പിണറായി വിജയൻ സമസ്ത നേതാവിന്റെ പ്രതികരണത്തിൽ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ് ?​ അദ്ദേഹത്തിന് അതിനോട് പ്രതികരിക്കാനുള്ള സന്ദർഭമുണ്ടായില്ലെന്ന് വേണമെങ്കിൽ പറയാം. പക്ഷേ വിവാദമുയർന്ന ശേഷം നടന്ന തിരഞ്ഞെടുപ്പ് പൊതുയോഗത്തിലെ പ്രസംഗവേളയിലും അദ്ദേഹം അതേപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല. അതെന്തുകൊണ്ടായിരിക്കാം.

മുസ്ലിംലീഗിന്റെ കീഴ്ഘടകമെന്ന അസ്തിത്വവും പേറി കുറേക്കാലം പോയിട്ടുള്ള സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സമീപകാലത്തായി ചില വിഷയങ്ങളിൽ ഉറച്ച നിലപാടുകൾ കൈക്കൊണ്ടിട്ടുണ്ട്. പ്രത്യേകിച്ച് വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നതിനെ ചൊല്ലിയുയർന്ന വിവാദത്തിലും മറ്റും. പി.എസ്.സിക്ക് വിടുന്നതിനോട് യോജിപ്പില്ലെങ്കിലും മുസ്ലിംലീഗിന്റെ രാഷ്ട്രീയനീക്കങ്ങൾക്ക് നിന്നുകൊടുക്കാൻ അവർ തയാറായിട്ടില്ല. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ പോലും ഒരു പരിധിവരെയൊക്കെ സമസ്തവിഭാഗത്തിൽ നിന്നും ഇടതിന് പിന്തുണ കിട്ടിയെന്ന് വേണം അനുമാനിക്കാൻ. ലീഗിനെ അപ്രസക്തമാക്കാൻ പോകുന്ന കരുവായി സമസ്തയെ ഉപയോഗിക്കാൻ സി.പി.എമ്മിന് സാധിച്ചാൽ പ്രായോഗിക രാഷ്ട്രീയക്കളിയിൽ അതുമൊരു നേട്ടമാകുമല്ലോ. അതാണ് കാര്യം.

ഖുർ - ആൻ പറയുന്നത്

സ്ത്രീകൾക്ക് ന്യായമായ അവകാശങ്ങളുണ്ടെന്ന് ഖുർ - ആൻ പഠിപ്പിക്കുന്നുണ്ട്. സമൂഹത്തിന്റെ ഭാഗമായ സ്ത്രീകളെ ആദരിക്കാനും ബഹുമാനിക്കാനുമാണ് ഇസ്ലാംമതം പഠിപ്പിക്കുന്നത്. സ്ത്രീയും പുരുഷനും ഒരേ സ്രോതസ്സിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടതെന്നാണ് ഖുർ - ആൻ ഓതിത്തരുന്നത്.

"ഒരൊറ്റ ശരീരത്തിൽ നിന്ന് നിങ്ങളെ നാം സൃഷ്ടിച്ചിരിക്കുന്നു. അതേ ശരീരത്തിൽ നിന്ന് തന്നെ അതിന്റെ ഇണയെയും പടച്ചു. അവ രണ്ടിൽ നിന്നുമായി പെരുത്ത് സ്ത്രീപുരുഷന്മാരെ ലോകത്ത് അവൻ പരത്തുകയും ചെയ്തു. പുരുഷനാവട്ടെ, സ്ത്രീയാവട്ടെ, സൽക്കർമ്മം അനുഷ്ഠിക്കുന്നത് ആരാണെങ്കിലും ശരി അവർ സത്യവിശ്വാസികളാണെങ്കിൽ അങ്ങനെയുള്ളവരാകുന്നു സ്വർഗാവകാശികൾ"- ഖുർ - ആൻ പറയുന്നു. അതായത്, ശാരീരികവും മാനസികവുമായ വിഷയങ്ങളിൽ പുരുഷനും സ്ത്രീയും വ്യത്യസ്തത പുലർത്തുന്നുണ്ടെങ്കിലും ദൈവിക സന്നിധിയിൽ സ്ത്രീയും പുരുഷനും സമന്മാരാണെന്നാണ് ഖുർ - ആൻ പറഞ്ഞുതരുന്ന സാരം.

പെൺകുട്ടികളെ നിന്ദിക്കാൻ ഇസ്ലാം മതം പഠിപ്പിച്ചിട്ടില്ല. ഒരു മതവും പഠിപ്പിക്കുന്നില്ല അങ്ങനെയൊരു പാഠം. അപ്പോൾ ഒരു മതപണ്ഡിതനിൽ നിന്ന് നാം തീരെ പ്രതീക്ഷിച്ചുകൂടാത്ത സംഗതിയാണ് എം.ടി. അബ്ദുള്ള മുസലിയാരിൽ നിന്ന് സമസ്ത വേദിയിൽ വച്ച് കേരളീയ സമൂഹം കേട്ടത്. എന്നിട്ടും അതിനോട് മുഖ്യധാരാ കേരളീയസമൂഹത്തിൽ നിന്ന് കാര്യമായ പ്രതികരണം ഉയരാത്തത് എന്തുകൊണ്ട് എന്നത് നമ്മെ അദ്ഭുതപ്പെടുത്തുന്നുണ്ട്.

സമസ്ത പറയുന്നത്

വേദിയിലേക്ക് കടന്നുവരാൻ ആ പെൺകുട്ടിക്കുണ്ടായ ലജ്ജ മനസ്സിലാക്കിയാണ് അവിടെവച്ച് അബ്ദുള്ള മുസലിയാർ ആ തരത്തിൽ പ്രതികരിച്ചത് എന്നാണ് സമസ്ത നേതൃത്വം വിശദീകരിക്കുന്നത്. "വേദിയിലേക്ക് കടന്നുവരുമ്പോൾ സ്ത്രീകൾക്ക് സ്വാഭാവികമായും ലജ്ജയുണ്ടാകുമല്ലോ. അങ്ങനെയാണ് ഞങ്ങൾ മനസ്സിലാക്കുന്നത്. ആ ലജ്ജ കുട്ടിക്കുണ്ടായിയെന്ന് മനസ്സിലായി. ഇനി മറ്റുള്ള കുട്ടികളെയും ഇവിടേക്ക് വിളിച്ചുവരുത്തിയാൽ അവർക്ക് സന്തോഷത്തിലേറെ പ്രയാസം വരുമോയെന്ന് മനസ്സിലാക്കിയിട്ടാണ് അബ്ദുള്ള മുസലിയാർ ആധികാരികമായി പറയാൻ പറ്റിയ ഒരാളോട് ഇനി വിളിക്കാൻ പാടില്ലെന്ന് പറഞ്ഞത്. അല്ലാതെ കുട്ടികളെ അപമാനിക്കാനല്ല. കുട്ടിക്ക് വിഷമമില്ലാതിരിക്കാനാണ് അദ്ദേഹം പറഞ്ഞത്. പിന്നെ അദ്ദേഹത്തിന്റെ സംസാരശൈലി അങ്ങനെയാണെന്ന് എല്ലാവർക്കുമറിയാം "- സമസ്ത കേരള ജം ഇയ്യത്തുൽ സംസ്ഥാന അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ വിശദീകരിച്ചു.

സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ ഒരു വലിയ പ്രസ്ഥാനമാണെന്നും നാട്ടിലെ സ്ത്രീകൾക്കോ മറ്റേതെങ്കിലും ജനങ്ങൾക്കോ എതെങ്കിലും തരത്തിലുള്ള അപമാനമുണ്ടാക്കുന്ന സംഘടനയല്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ വിശദീകരിക്കുകയുണ്ടായി. ചരിത്രം പരിശോധിച്ചാൽ തീവ്രആശയങ്ങൾക്കോ വർഗീയ ആശയങ്ങൾക്കോ അവരൊരിക്കലും പിന്തുണ കൊടുത്തിട്ടില്ലെന്ന മുത്തുക്കോയ തങ്ങളുടെ വാദഗതിയും സത്യസന്ധമാണ്. അപ്പോൾ സമസ്തയുടെ ഉന്നത നേതാവ് ഒരു പൊതുവേദിയിൽ വച്ച് അങ്ങേയറ്റം പ്രതിലോമകരമായി സംസാരിച്ചതോ? അതിന് കുട്ടിയുടെ ലജ്ജ മനസ്സിലാക്കിയുള്ള പ്രതികരണം എന്നൊക്കെ വ്യാഖ്യാനിച്ചാൽ തൊണ്ടതൊടാതെ വിഴുങ്ങുക പ്രയാസം തന്നെയാണ്. കുട്ടിക്കോ കുടുംബത്തിനോ ഇല്ലാത്ത പരാതിയിൽ എന്തിന് വിവാദമെന്ന ചോദ്യവും പ്രതിലോമകരം തന്നെ. അങ്ങനെ പരാതിയില്ലെങ്കിൽ കേരളീയ പൊതുസമൂഹത്തിൽ അതൊക്കെ തുടർന്ന് പോയ്ക്കോട്ടെ എന്നാണോ?

സ്ത്രീ ശാക്തീകരണത്തിനായി പ്രത്യേക വകുപ്പ് തന്നെ ഉള്ള കാലമാണ്. സ്ത്രീശാക്തീകരണത്തിന്റെ ഉജ്ജ്വല മാതൃകയായ കുടുംബശ്രീ കേരളത്തിൽ രൂപവത്കരിച്ചിട്ട് കാൽനൂറ്റാണ്ടാവുന്നു. കാൽനൂറ്രാണ്ടിന്റെ ആഘോഷം നടക്കുന്ന കാലത്ത് മറ്റ് സംസ്ഥാനങ്ങളടക്കം കുടുംബശ്രീയെ ചൂണ്ടിക്കാട്ടിയാണ് കേരളത്തിലെ സ്ത്രീശാക്തീകരണ മാതൃകയെപ്പറ്റി സംസാരിക്കുന്നത്. അങ്ങനെയൊരു സന്ദർഭത്തിൽ ഇതുപോലുള്ള പ്രതികരണങ്ങൾ കേരള മോഡലിന് ക്ഷീണം വരുത്തുമെന്നുറപ്പാണ്.

മുസ്ലിംലീഗിന്റെ

സന്ദർഭോചിത ഇടപെടൽ

സമസ്ത അകന്നുപോകുന്നു എന്ന തോന്നൽ മുസ്ലിംലീഗിനെ അലട്ടിക്കൊണ്ടിരിക്കുന്ന കാലത്താണ് പെട്ടെന്നൊരു വിവാദം പൊട്ടിപ്പുറപ്പെട്ടതും സമസ്ത നേതൃത്വം പ്രതിരോധത്തിലായതും. ആപത്തുകാലത്തെ സന്ദർഭോചിത ഇടപെടലാണ് മുസ്ലിംലീഗ് നടത്തിയെന്ന് പറയാം. സമസ്ത നേതൃത്വത്തെ ന്യായീകരിച്ച് രംഗത്തെത്തിയത് മുസ്ലിംലീഗ് ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയാണ്. ആർക്കും വിഷയമല്ലാത്ത ഒരു ചെറിയ പ്രശ്നത്തെ ഇങ്ങനെ കുത്തിപ്പൊക്കുന്നത് എന്തിനാണെന്ന് ചോദിച്ചാണ് അദ്ദേഹം സമസ്തയെ ന്യായീകരിച്ചത്. ആപത്തുകാലത്തും സമസ്തയ്ക്ക് തുണ ലീഗാണെന്ന തോന്നലുണർത്തി, സമസ്തയെ പൂർവാധികം ശക്തിയോടെ തിരിച്ച് ഒപ്പം നടത്തിക്കാമെന്ന് ലീഗ് കണക്കുകൂട്ടുന്നതിൽ തെറ്റില്ല. സമസ്തയുടെ രക്ഷാധികാര സ്ഥാനത്ത് ഇപ്പോഴും പാണക്കാട് തങ്ങൾ കുടുംബം തന്നെയാണെന്ന് വിസ്മരിക്കരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIVADAVELA, M T ABDULLA MUSLIAR
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.