പിലാത്തറ(കണ്ണൂർ): ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയ പരിശോധനയിൽ പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളും ടോയ്ലെറ്റിൽ സൂക്ഷിച്ച നിലയിൽ കണ്ടതിന തുടർന്ന് പിലാത്തറയിലെ കെ.സി റസ്റ്റോറന്റ് അടപ്പിച്ചു. കണ്ണൂർ ഭക്ഷ്യസുരക്ഷാ വിഭാഗം അസി. കമ്മിഷണർ ടി.എസ്. വിനോദ്കുമാറിന്റെയും ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീധരന്റെയും നേതൃത്വത്തിൽ മൂന്നു മണിക്കൂറോളം നീണ്ട പരിശോധനയിലാണ് പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളും ഹോട്ടലിലെ ടോയ്ലെറ്റിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ഈ ഹോട്ടലിൽ ചായ കുടിക്കാൻ കയറിയ ബന്തടുക്കയിലെ ഡോക്ടർക്കും ഒപ്പമെത്തിയവർക്കും ടോയ്ലെറ്റിൽ പച്ചക്കറി സൂക്ഷിച്ചതിന്റെ ഫോട്ടോ പകർത്തിയതിന്റെ പേരിൽ മർദ്ദനമേറ്റിരുന്നു. ഈ ഡോക്ടർ തന്നെയാണ് ഈ ദൃശ്യം ആരോഗ്യവകുപ്പിന് നൽകിയത്. ഇതിനു പിന്നാലെയായിരുന്നു പരിശോധന. ഡോക്ടറെയും മറ്റുള്ളവരെയും മർദ്ദിച്ചതിന്റെ പേരിൽ അറസ്റ്റിലായ ഹോട്ടലുടമ ചുമടുതാങ്ങി കെ.സി. ഹൗസിൽ മുഹമ്മദ് മൊയ്തീൻ(28), സഹോദരി സമീന(29), സെക്യൂരിറ്റി ജീവനക്കാരൻ ചെറുകുന്നിലെ ടി. ദാസൻ(70) എന്നിവരെ പയ്യന്നൂർ മജിസ്ട്രേട്ട് കോടതി ഇന്നലെ റിമാൻഡ് ചെയ്തു.